ദുബായ്- 24 മണിക്കൂറിനിടെ രാജ്യത്ത് 1,538 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി യു.എ.ഇ ആരോഗ്യ മന്ത്രാലയം. ഇതുവരെയുള്ള പ്രതിദിന കോവിഡ് കേസുകളില്‍ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഒക്ടോബര്‍ 17 നും ഇത്രയും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതോടെ യു.എ.ഇയില്‍ കോവിഡ് ബാധിതരുടെ എണ്ണം 119,132 ആയി. 1,501 പേര്‍ രോഗമുക്തി കൈവരിച്ചു. രണ്ട് പേര്‍ മരിച്ചിട്ടുമുണ്ട്. രാജ്യത്ത് ആകെ 111,814 പേര്‍ രോഗമുക്തി നേടുകയും 472 പേര്‍ മരണത്തിന് കീഴടങ്ങുകയും ചെയ്തു. നിലവില്‍ 6,846 പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്.
വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യാനിടയുണ്ടെന്ന് അബുദാബി ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. ഫരീദ അല്‍ഹുസാനി പറഞ്ഞു. 'ലോകത്താകമാനം കോവിഡ് വ്യാപിക്കുന്നതിന്റെ അനുരണനങ്ങളാണ് യു.എ.ഇയിലും കാണുന്നത്. എന്നാല്‍ രാജ്യത്ത് ദിനേന പരിശോധനക്ക് വിധേയരാക്കുന്നവരില്‍ ഒരു ശതമാനം പേര്‍ക്ക് മാത്രമാണ് കോവിഡ് സ്ഥിരീകരിക്കുന്നത്' -ഡോ. അല്‍ഹുസാനി വിശദമാക്കി. ഇന്നലെ മാത്രം 105,740 പേരെയാണ് പി.സി.ആര്‍ ടെസ്റ്റ് നടത്തിയതെന്നും അവര്‍ പറഞ്ഞു.