Sorry, you need to enable JavaScript to visit this website.

ഒമാനില്‍ വിദേശികള്‍ക്ക് ഫ്‌ളാറ്റുകളും  ഓഫീസുകളും വാങ്ങാം 

മസ്‌കത്ത്- ഒമാനില്‍ വിദേശികള്‍ക്ക് സ്വന്തമായി ഫ്‌ളാറ്റുകളും ഓഫീസുകളും വാങ്ങാന്‍ അനുമതി നല്‍കി ഒമാന്‍ ഗാര്‍ഹിക, നഗരാസൂത്രണ മന്ത്രി ഡോ. ഖല്‍ഫാന്‍ അല്‍ശുഐലി ഉത്തരവിറക്കി. രണ്ട് വര്‍ഷത്തിലേറെ രാജ്യത്ത് താമസിച്ചുവരുന്ന വിദേശികള്‍ക്കാണ് മസ്‌കത്ത് ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍ സ്വന്തമാക്കാനാവുക. കെട്ടിടത്തിന് നാല് നിലയെങ്കിലുമുണ്ടെങ്കില്‍ മാത്രമേ വില്‍പ്പന നടത്താന്‍ പാടുള്ളൂവെന്നും മന്ത്രാലയം ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവില്‍ വ്യക്തമാക്കുന്നു.  
ബൗഷിര്‍, അമീറാത്ത്, സീബ് വിലയാത്തുകളിലെ വിവിധ ഭാഗങ്ങളിലാണ് ഓഫീസ്, പാര്‍പ്പിട യൂണിറ്റുകള്‍ കൈവശപ്പണയ വ്യവസ്ഥയില്‍ സ്വന്തമാക്കാന്‍ അനുവദിച്ചിരിക്കുന്നത്. 50 വര്‍ഷത്തേക്കായിരിക്കും കരാര്‍ കാലാവധി. ഇത് പിന്നീട് 49 വര്‍ഷത്തേക്കു കൂടി പുതുക്കാന്‍ സാധിക്കും. 
കെട്ടിടം സ്വന്തമാക്കുന്ന വിദേശിക്ക് 23 വയസിന് മുകളില്‍ പ്രായം വേണമെന്നും കെട്ടിടങ്ങളിലെ 40 ശതമാനത്തിലധികം യൂണിറ്റുകള്‍ വിദേശികള്‍ക്ക് വില്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കൂടാതെ ഒരേ രാജ്യക്കാര്‍ 20 ശതമാനം യൂണിറ്റുകള്‍ കൈവശപ്പെടുത്താന്‍ പാടില്ലെന്നും നിര്‍ദേശമുണ്ട്. ഉടമസ്ഥനും അടുത്ത കുടുംബത്തിനും ഒരു യൂണിറ്റ് മാത്രമേ കൈവശപ്പെടുത്താനാകൂ. വാങ്ങിയതിന് ശേഷം നാല് വര്‍ഷം കഴിയാതെ ഉടമക്ക് യൂണിറ്റ് വില്‍ക്കാനും പാടില്ല.
ഉടമയായ വിദേശി മരിച്ചാല്‍ നിയമാനുസൃത അനന്തരാവകാശിക്ക് ഈ വസ്തു കൈമാറ്റം ചെയ്യാം. ഉടമക്ക് ഈ വസ്തു പണയംവെക്കാനും അവകാശമുണ്ടാകും. ഓരോ പാര്‍പ്പിട യൂണിറ്റിനും ചുരുങ്ങിയത് രണ്ട് മുറികള്‍, ശുചിമുറി, അടുക്കള തുടങ്ങിയ സൗകര്യങ്ങള്‍ വേണമെന്നും നിബന്ധനയുണ്ട്.
നിലവിലെ പാര്‍പ്പിട കേന്ദ്രങ്ങളില്‍നിന്ന് വിദൂരത്തായിരിക്കണം റിയല്‍ എസ്റ്റേറ്റ് യൂണിറ്റുകള്‍. വിദേശികള്‍ക്ക് വില്‍ക്കുന്ന കെട്ടിടങ്ങള്‍ നാലു വര്‍ഷത്തിലധികം കാലപ്പഴക്കം പാടില്ലെന്നും നിര്‍മാണം പൂര്‍ത്തിയായ യൂണിറ്റുകള്‍ മാത്രമേ വില്‍ക്കാവൂയെന്നും നിര്‍ദേശത്തിലുണ്ട്. യൂണിറ്റിന്റെ രജിസ്ട്രേഷന് വേണ്ടി മൂന്ന് ശതമാനം വീതം ഇരുകക്ഷികളും അടക്കണമെന്നും മന്ത്രാലയം ഉത്തരവില്‍ വിശദമാക്കുന്നു.

Latest News