വയനാട്- കോവിഡിനെതിരെ പോരാടുന്നതിൽ കേരളത്തിന് വീഴചയുണ്ടായെന്ന കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധന്റെ പ്രസ്താവന നിർഭാഗ്യകരമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്രമന്ത്രി ഹർഷവർധന്റെ ഭാഗത്ത് നിന്നുണ്ടായ പ്രസ്താവന നിർഭാഗ്യകരമാണ്. രാജ്യം കോവിഡിനെതിരെ ഒരുമിച്ചാണ് പോരാടുന്നത്. അതിന് ഒരു ഭാഗം മാത്രം നോക്കി കുറ്റം പറയുന്നത് ശരിയായ നടപടിയല്ല, കേരളത്തിലും വയനാട്ടിലും കോവിഡ് പ്രതിരോധം മികച്ച രീതിയിലാണ് നടക്കുന്നത്. കേരളത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ മികച്ച രീതിയിലാണ് നടക്കുന്നത്. ആരോഗ്യ പ്രവർത്തകർ, ഡോക്ടർമാർ, പഞ്ചായത്ത് തല പ്രവർത്തനങ്ങൾ തുടങ്ങി മികച്ച പ്രവർത്തനമാണ് കേരളത്തിൽ നടക്കുന്നത്. എല്ലാ സാഹചര്യങ്ങളിലും ഉണ്ടാകുന്നത് പോലെയുള്ള പ്രതിസന്ധികളുണ്ടാകും.എന്നാലും അടുത്തകാലങ്ങളായി അറിയുന്ന കാര്യങ്ങൾ വെച്ച് കേരളത്തിൽ നിന്ന് ഒരു മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. വയനാട്ടിൽ കോവിഡ് പ്രതിരോധത്തെ കുറച്ച് കൂടി പ്രത്യേകമായി കാണേണ്ടതുണ്ട്. ഇവിടെ പിന്നാക്ക വിഭാഗങ്ങളുണ്ട്, ആദിവാസി ജനസമൂഹമുണ്ട്. അവർക്ക് കൂടുതൽ പിന്തുണകൊടുത്തു കൊണ്ട് കാര്യങ്ങളെ കുറച്ച് കൂടി ശ്രദ്ധയോടെ കാണേണ്ടതുണ്ട്. ഇന്ന് ജില്ലാ ഭരണകൂടവുമായി നടത്തിയ യോഗത്തിൽ ഇക്കാര്യങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു. പൊതുവിൽ വയാനാട്ടിലെയും കോവിഡ് പ്രതിരോധം തൃപ്തികരമാണ്,' രാഹുൽ ഗാന്ധി പറഞ്ഞു.






