കോവിഡ് ദിനങ്ങളെ ഓര്‍ത്തെടുത്ത്, ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് തമന്ന

ചെന്നൈ-തെന്നിന്ത്യന്‍ ചലച്ചിത്ര താരം തമന്ന ഭാട്ടിയക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത് രണ്ടാഴ്ച മുന്‍പാണ്. ആദ്യം ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിച്ച താരം പിന്നീട് ഹോം ഐസൊലേഷനിലേക്കും മാറിയിരുന്നു. രോഗബാധയെത്തുടര്‍ന്ന് താന്‍ വളരെയധികം അവശയായിരുന്നെന്നും ആരോഗ്യ സ്ഥിതി തിരികെയാക്കിത്തന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവരോട് തനിക്ക് വളരെയധികം നന്ദിയുള്ളതായും തമന്ന പറഞ്ഞു.
ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് തമന്ന നന്ദി അറിയിച്ചത്. 'കോണ്ടിനെന്റല്‍ ഹോസ്പിറ്റല്‍സിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, സ്റ്റാഫ് എന്നിവരോട് എനിക്ക് എത്രത്തോളം നന്ദി പറയാനുണ്ടെന്നത് വാക്കുകള്‍ കൊണ്ട് വിവരിക്കാന്‍ കഴിയില്ല. ഞാന്‍ തീര്‍ത്തും രോഗിയായിരുന്നു, ദുര്‍ബലയായി മാറിയിരുന്നു, ഭയപ്പെട്ടിരിക്കുകയായിരുന്നു, പക്ഷേ ഞാന്‍ സുഖകരമായിരിക്കണമെന്നും മികച്ച രീതിയില്‍ ചികിത്സ ലഭിക്കുന്നുണ്ടെന്നും നിങ്ങള്‍ ഉറപ്പുവരുത്തി. ദയയും ആത്മാര്‍ത്ഥമായ കരുതലും ശ്രദ്ധയും എല്ലാം നല്ലതാക്കി മാറ്റി,' തമന്ന കുറിച്ചു.
നേരത്തേ ബോളിവുഡില്‍ ഉള്‍പ്പെടെ നിരവധി സിനിമ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അമിതാഭ് ബച്ചന്‍, അഭിഷേക് ബച്ചന്‍, ഐശ്വര്യ റായ്, അര്‍ജുന്‍ കപൂര്‍, മലൈക അറോറ എന്നിവര്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. തമിഴ് സിനിമ നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിനും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു.
 

Latest News