പനജി- ഗോവയില്‍ ഒരു വാട്‌സാപ്പ് ഗ്രൂപ്പില്‍ കഴിഞ്ഞ ദിവസം അര്‍ധരാത്രി വന്ന ഒരു അശ്ലീലചിത്ര ക്ലിപ്പിനെ ചൊല്ലി ഉപമുഖ്യമന്ത്രി ചന്ദ്രകാന്ത് കവ്‌ലേക്കര്‍ വെട്ടിലായി. ഉപമുഖ്യമന്ത്രി അംഗമായ വില്ലേജസ് ഓഫ് ഗോവ എന്ന ഗ്രൂപ്പിലാണ് ഉപമുഖ്യമന്ത്രിയുടെ നമ്പറില്‍ നിന്ന് പോണ്‍ വിഡിയോ വന്നത്. ഇത് താന്‍ അയച്ചതല്ലെന്നും ആരോ പണിയൊപ്പിച്ചതാണെന്നും കവ്‌ലേക്കര്‍ വിശദീകരിച്ചു. ഇതിനു പിന്നില്‍ പ്രവര്‍ത്തചിച്ചവരെ പിടികൂടണമെന്നാവശ്യപ്പെട്ട് അദ്ദേഹം പോലീസില്‍ പരാതി നല്‍കുകയും ചെയ്തു. 'ദുരുദ്ദേശത്തോടെ എന്റെ പേരില്‍ ആരോ അശ്ലീല വിഡിയോ അയച്ചതാണ്. ഈ മെസേജ് വന്ന സമയത്ത് ഞാന്‍ ഫോണിന് അടുത്തു പോലുമില്ലായിരുന്നു. ഗാഢമായ ഉറക്കത്തിലായിരുന്നു'- പരാതിയില്‍ ഉപമുഖ്യമന്ത്രി പറയുന്നു. ഞായറാഴ്ച അര്‍ധരാത്രി പിന്നിട്ട് 1.20നാണ് അശ്ലീല വിഡിയോ ഉപമുഖ്യമന്ത്രിയുടെ നമ്പറില്‍ നിന്ന് വാട്‌സാപ്പ് ഗ്രൂപിലെത്തിയത്.
സംഭവം പുറത്തായതോടെ രാഷ്ട്രീയ എതിരാളികള്‍ ഇത് ആയുധമാക്കി രംഗത്തെത്തി. അശ്ലീല വിഡിയോ ഗ്രൂപ്പിലിട്ട് സ്ത്രീകളുടെ അന്തസ്സ് കളങ്കപ്പെടുത്തിയതിനും ഐടി നിയമപ്രകാരമുള്ള കുറ്റകൃത്യത്തിനും ഉപമുഖ്യമന്ത്രി കവ്‌ലേക്കര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഗോവ് ഫോര്‍വേഡ് പാര്‍ട്ടി വനിതാ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് ജയിച്ച് പിന്നീട് 2019ല്‍ കൂറുമാറി ബിജെപിയിലെത്തിയ നേതാവാണ് കവ്‌ലേക്കര്‍. ബിജെപിയിലേക്ക് ചേക്കേറുന്നതിനു മുമ്പ് കവ്‌ലേക്കര്‍ ഗോവ നിയമസഭയില്‍ പ്രതിപക്ഷ നേതാവായിരുന്നു. ഗോവ ഫോര്‍വേഡ് പാര്‍ട്ടി നേതാവ് വിജയ് സര്‍ദേശായിയെ മാറ്റിയാണ് ബിജെപി കവ്‌ലേക്കറെ ഉപമുഖ്യമന്ത്രിയാക്കിയത്.