Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളിൽ  സാങ്കേതിക തിരുത്തൽ

വിദേശ ഫണ്ടുകൾ ലാഭമെടുപ്പിന് രംഗത്തിറങ്ങിയത് ഇന്ത്യൻ ഓഹരി ഇൻഡക്‌സുകളിൽ ശക്തമായ സാങ്കേതിക തിരുത്തൽ സൃഷ്ടിച്ചു. വാരത്തിന്റെ രണ്ടാം പാദത്തിലെ തിരുത്തൽ വിൽപന സമ്മർദമായി മാറിയത് ചെറുകിട നിക്ഷേപകരുടെ ഞെഞ്ചിടിപ്പ് ഉയർത്തി. വ്യാഴാഴ്ചത്തെ വൻ തകർച്ചയ്ക്ക് ശേഷം വാരാന്ത്യദിനം സൂചിക മികവ് കാഴ്ചവെച്ചിട്ടും ഒരു ശതമാനം പ്രതിവാര നഷ്ടത്തിലാണ്. നിഫ്റ്റി സൂചിക 151 പോയിന്റും സെൻസെക്‌സ് 526 പോയിന്റും പോയ വാരം കുറഞ്ഞു.
യു.എസ് പ്രസിഡണ്ട് തെരഞ്ഞടുപ്പ് മുന്നിൽ കണ്ട് ഫണ്ട് മാനേജർമാർ പാശ്ചാത്യ വിപണികളിൽ കരുതലോടെയാണ് ചുവടുവെക്കുന്നത്. ഡോളർ മികവ് കാണിക്കാൻ ഇടയുള്ളതിനാലും ക്രൂഡ് വിപണിയിലെ ചലനങ്ങളും കോവിഡ് ഭീതിയുമെല്ലാം അവർ സസൂക്ഷ്മം നിരീക്ഷിച്ചാണ് നിക്ഷേപം നടത്തുന്നത്. ഇന്ത്യൻ കോർപറേറ്റ് മേഖല ത്രൈമാസ പ്രവർത്തന റിപ്പോർട്ടുകൾ പുറത്തുവിടുന്ന തിരക്കിലാണ്. ഈ വാരം 171 കമ്പനികളുടെ റിപ്പോർട്ട് വരും. മാന്ദ്യത്തിനിടയിലും നേട്ടം കാഴ്ചവെക്കാൻ കോർപറേറ്റ് ഭീമൻമാർക്കായാൽ നവരാത്രി ഉത്സവ ദിനങ്ങൾ വിപണി നേട്ടമാക്കും.
പിന്നിട്ട വാരം ഐ.ടി, ബാങ്കുകൾ, സാമ്പത്തിക രംഗത്ത് നിന്നുള്ള ഓഹരികളിൽ വിദേശ ഫണ്ടുകളിൽ നിന്നും വാങ്ങൽ താൽപര്യം ശക്തമായിരുന്നു. മീഡിയ, ഓട്ടോമൊബൈൽ, ടെലികോം ഓഹരികളും മികവിലാണ്. നിഫ്റ്റി സൂചിക 11,914 ൽ നിന്നുള്ള കുതിപ്പ് 12,025 വരെ കയറിയെങ്കിലും മുൻ വാരം വ്യക്തമാക്കിയ 12,084 ലെ പ്രതിരോധം തകർക്കാനായില്ല. ഉയർന്ന റേഞ്ചിലെ വിൽപന തരംഗത്തിൽ വ്യാഴാഴ്ച സുചിക 11,661 ലേയ്ക്ക് ഇടിഞ്ഞങ്കിലും വാരാന്ത്യം നിഫ്റ്റി 11,762 പോയിന്റിലാണ്. ഈവാരം ആദ്യ പ്രതിരോധം 11,971 പോയിന്റിലാണ്. ഇത് തകർക്കാനായാൽ 12,180 നെയാവും ലക്ഷ്യമിടുക. നിലവിലെ സ്ഥിതിയിൽ റെക്കോർഡിലേയ്ക്കുള്ള ദൂരം മറികടക്കാൻ ദീപാവലി വരെ കാത്തിരിക്കണം. ഇതിനിടയിൽ പ്രോഫിറ്റ് ബുക്കിങ് ശക്തമായാൽ 11,607 ൽ താങ്ങുണ്ട്. ഈ താങ്ങ് നിലനിർത്തിയാൽ മുന്നേറ്റ സാധ്യത തുടരും. നിഫ്റ്റി 2150 ദിവസങ്ങളിലെ ശരാശരിയായ 11,450 ന് മുകളിലാണ്. ഈ താങ്ങ് നഷ്ടപ്പെട്ടാൽ നിഫ്റ്റി 11,200 റേഞ്ചിലേയ്ക്ക് പരീക്ഷണം നടത്താം. ബോംബെ സൂചിക 40,509 ൽ നിന്ന് 41,048 പോയിന്റ് വരെ ഉയർന്ന വേളയിൽ ബ്ലൂചിപ്പ് ഓഹരികളിലെ ലാഭമെടുപ്പിൽ സൂചിക 39,667 ലേയ്ക്ക് ഇടിഞ്ഞു. വാരാന്ത്യം സെൻസെക്‌സ് 39,982 ലാണ്. ഈവാരം ആദ്യ പകുതിയിൽ 39,416-40,797 റേഞ്ചിൽ സ്ഥിരതയ്ക്കുള്ള ശ്രമത്തിനിടയിൽ നിക്ഷേപകർ രംഗത്ത് പിടിമുറുക്കിയാൽ 41,613 ലേയ്ക്ക് മുന്നേറാം.  
വിദേശ ഫണ്ടുകളുടെ പിന്തുണ തുടരുന്നു. പോയ വാരം അവർ 3243 കോടി രൂപ നിക്ഷേപിച്ചു. ഒക്ടോബറിൽ അവർ 8488 കോടി രൂപയുടെ ഓഹരി വാങ്ങി. ആഭ്യന്തര ഫണ്ടുകൾ പിന്നിട്ട വാരം 5217 കോടി രൂപയുടെ ഓഹരികൾ വിറ്റു. തൊട്ട് മുൻവാരം അവരുടെ വിൽപന 2389 കോടിയായിരുന്നു. തുടർച്ചയായ രണ്ടാം മാസമാണ് മ്യൂച്വൽ ഫണ്ടുകൾ വിൽപനക്കാരാവുന്നത്. ഈ വാരം പ്രവർത്തന റിപ്പോർട്ട് പുറത്തു വിടുന്ന പ്രമുഖ കമ്പനികൾ ഹിന്ദുസ്ഥാൻ യൂണിലിവർ, ഏഷ്യൻ പെയിന്റ്‌സ്, ബജാജ് ഓട്ടോ, എ.സി.സി, നെസ്ലെ ഇന്ത്യ, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, യെസ് ബാങ്ക്, ടെക് മഹീന്ദ്ര, സി.എസ്.ബി ബാങ്ക്, എച്ച്.ഡി.എഫ്.സി ലൈഫ് ഇൻഷുറൻസ് കമ്പനി, എൽ ആൻഡ് ടി ടെക്‌നോളജി സർവീസസ്, എൽ ആന്റ് ടി ഇൻഫോടെക്, ബജാജ് ഫിൻസെർവ്, ബജാജ് ഫിനാൻസ്, കോൾഗേറ്റ് പാമോലൈവ്, ജെ.കെ ടയർ, അൾട്രാടെക് എന്നിവയാണ്. 
ആഗോള വിപണിയിലേയ്ക്ക് തിരിഞ്ഞൽ ഈ വാരം ചൈന അവരുടെ ജി.ഡി.പി ഡാറ്റ പുറത്ത് വിടും, യൂറോപ്യൻ യൂനിയനിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പി.എം.ഐ ഡാറ്റ, യു.എസ് സാമ്പത്തിക ഡാറ്റ എന്നിവയും പുറത്തുവരും. ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില ബാരലിന് 40.74 ഡോളറാണ്. ലിബിയയിൽ നിന്നുള്ള എണ്ണ അടുത്ത മാസം രാജ്യാന്തര മാർക്കറ്റിൽ എത്തും. പുതിയ സാഹചര്യത്തിൽ ഒപെക് ഉൽപാദനം കുറക്കാൻ ഇടയുണ്ട്. ലിബിയ പ്രതിദിനം രണ്ട് ലക്ഷം ബാരൽ ഉൽപാദിപ്പിക്കും. ജനുവരിയോടെ ഇത് ഇരട്ടിക്കുമെന്ന സൂചനയുമുണ്ട്. 
 

Latest News