Sorry, you need to enable JavaScript to visit this website.

എല്‍പിജി വിതരണ സംവിധാനം നവംബര്‍ ഒന്നുമുതല്‍ മാറും

ന്യൂദല്‍ഹി- പാചക വാതക വിതരണത്തില്‍ നവംബര്‍ ഒന്നുമുതല്‍ പുതുക്കിയ നിയമം പ്രാബല്യത്തില്‍വരും. വീട്ടിലെത്തുന്ന എല്‍പിജി വിതരണക്കാരന് ഒടിപി നല്‍കിയാലെ സിലിണ്ടര്‍ ലഭിക്കുകയുള്ളൂ. ഗ്യാസ് കമ്പനിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്പറിലാണ് ഒടിപി ലഭിക്കുക.
ഡെലിവിറി ഓതന്റിക്കേഷന്‍ കോഡ്(ഡിഎസി) എന്ന സംവിധാനം നടപ്പാക്കാനൊരുങ്ങുകയാണ് എണ്ണക്കമ്പനികള്‍. തട്ടിപ്പ് ഒഴിവാക്കാനും ശരിയായ ഉപഭോക്താവിനുതന്നെ സിലിണ്ടര്‍ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനുമാണ് പുതിയ സംവിധാനം ഏര്‍പ്പെടുത്തുന്നത്.ഉപഭോക്താവിന്റെ രജിസ്റ്റര്‍ചെയ്ത മൊബൈല്‍ നമ്പറില്‍ ലഭിക്കുന്ന കോഡ് വിതരണക്കാരനെ കാണിക്കണം. വിതരണത്തിന് എത്തുംമുമ്പ് കോഡ് ഉപഭോക്താവിന്റെ മൊബൈല്‍ നമ്പറില്‍ എത്തിയിട്ടുണ്ടാകും. ഒടിപി നല്‍കിയാലെ വിതരണ പ്രകൃയ പൂര്‍ത്തിയാകൂ.മൊബൈല്‍ നമ്പറില്‍ മാറ്റമുണ്ടെങ്കില്‍ അപ്‌ഡേറ്റ് ചെയ്യണം. അല്ലാത്തപക്ഷം ഇനിമുതല്‍ സിലിണ്ടര്‍ ലഭ്യമാകില്ല. ഗ്യാസ് ഏജന്‍സിയില്‍ നല്‍കിയിട്ടുള്ള വിലാസം താമസ സ്ഥലത്തില്‍നിന്ന് വ്യത്യാസമുണ്ടെങ്കില്‍ അതും പുതുക്കി നല്‍കണം.
100 നഗരങ്ങളിലാണ് ആദ്യം പദ്ധതി നടപ്പാക്കുന്നത്. ജയ്പൂരില്‍ പദ്ധതിക്ക് തുടക്കമായി.വാണിജ്യാടിസ്ഥാനത്തിലുള്ള പാചക വാതക വിതരണത്തിന് ഡെലിവറി കോഡ് സംവിധാനം ബാധകമില്ല.
വീട്ടാവശ്യത്തിനുള്ള പാചക വാതക ഉപയോഗത്തില്‍ 2030ഓടെ ഇന്ത്യ ചൈനയെ മറികടക്കുമെന്നാണ് വിലയിരുത്തല്‍. വീട്ടാവശ്യത്തിനുള്ള പാചക വാതകത്തിന്റെ ആവശ്യകതയില്‍ 3.3 ശതമാനമാണ് വാര്‍ഷിക വളര്‍ച്ച. ഈ വളര്‍ച്ച സ്ഥിരതയാര്‍ജിച്ചതിനാല്‍ 2030ല്‍ ഉപഭോഗം 34 ദശലക്ഷം ടണ്ണിലെത്തും. വര്‍ധിച്ചുവരുന്ന ശരാശരി കുടുംബ വരുമാനം പാചകത്തിന് മറ്റുവസ്തുക്കളെ ആശ്രയിക്കുന്നത് കുറയ്ക്കും.
എല്‍പിജിയിലേയ്ക്ക് മാറുന്നതിനാല്‍ പാരിസ്ഥിതികആരോഗ്യ പ്രശ്‌നങ്ങള്‍ കുറയാന്‍ സഹായിക്കും. അതുകൊണ്ടുതന്നെ എല്‍പിജിയിലേയ്ക്കുമാറാന്‍ സഹായിക്കുന്ന വിവിധ പദ്ധതികള്‍ സര്‍ക്കാര്‍ നടപ്പാക്കിവരുന്നുണ്ട്.
 

Latest News