Sorry, you need to enable JavaScript to visit this website.

ദുബായ് വഴി മടങ്ങാന്‍ ഒരുങ്ങിയ സൗദി യാത്രക്കാര്‍ ആശങ്കയില്‍

കോഴിക്കോട്- യു.എ.ഇ അധികൃതര്‍ ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്കുള്ള നിബന്ധനകള്‍ കര്‍ശനമാക്കിയതോടെ ദുബായ് വഴി സൗദിയിലേക്ക് മടങ്ങാന്‍ ഒരുങ്ങിയ നിരവധി പേര്‍ ആശങ്കയില്‍.

ഇന്ത്യയില്‍നിന്ന് സൗദിയിലേക്ക് വിമാന സര്‍വീസുകള്‍ ആരംഭിക്കാന്‍ ഇനിയും അനുമതി ലഭിച്ചിട്ടില്ലാത്ത സാഹചര്യത്തിലാണ് പലരും ദുബായ് വഴി മടങ്ങാന്‍ ശ്രമിക്കുന്നത്.

യാത്ര പുറപ്പെടുന്നതിനു 14 ദിവസം മുമ്പ് ഇന്ത്യയില്‍ തങ്ങിയവര്‍ക്ക് ഇപ്പോള്‍ സൗദിയില്‍ പ്രവേശിക്കാന്‍ കഴിയില്ല. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന  സാഹചര്യത്തിലാണ് സൗദി അധികൃതര്‍ ഈ നിബന്ധന ഏര്‍പ്പെടുത്തിയത്. ഇത് മറി കടക്കാന്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുന്നവര്‍ രണ്ടാഴ്ച യു.എ.ഇയില്‍ താമസിച്ച് കോവിഡ് നെഗറ്റീവാണെന്ന് ഉറപ്പുവരുത്തിയ ശേഷമാണ് സൗദി നഗരങ്ങളിലേക്ക് പോകുന്നത്. ദുബായ് ടൂറിസ്റ്റ് വിസയും താമസ സൗകര്യവുമൊക്കെ ഏര്‍പ്പെടുത്തിയാണ് വിവിധ ട്രാവല്‍ ഏജന്‍സികള്‍ സൗദി യാത്രക്കാരെ കൊണ്ടുപോകുന്നത്.

എന്നാല്‍ യു.എ.ഇയില്‍ സന്ദര്‍ശക വിസയിലെത്തുന്നവര്‍ക്ക് ഇപ്പോള്‍ നിബന്ധനകള്‍ കര്‍ശനമാക്കിയിരിക്കയാണ്. ടൂറിസ്റ്റ് വിസ ആയതിനാല്‍ മടക്ക വിമാന ടിക്കറ്റും 2000 ദിര്‍ഹമും കൈയിലുണ്ടായിരിക്കണമെന്ന നിബന്ധനയാണ് കര്‍ശനമാക്കിയത്. നേരത്തെ തന്നെ ഈ നിബന്ധനകള്‍ നിലവിലുണ്ടെങ്കിലും സൗദി യാത്രക്കാരായതിനാല്‍ യു.എ.ഇയില്‍നിന്ന് മടക്ക ടിക്കറ്റിനുപകരം ഡെമ്മി ടിക്കറ്റിനുള്ള തുകയാണ് ഈടാക്കിയിരുന്നത്.  

യു.എ.ഇ അധികൃതര്‍ നിബന്ധന കര്‍ശനമാക്കിയതിനെ തുടര്‍ന്ന് മലയാളികളക്കമുള്ളവര്‍ എയര്‍പോര്‍ട്ടില്‍ കുടുങ്ങിയിരുന്നു. ഈ സാഹചര്യത്തിലാണ് അടുത്ത ദിവസങ്ങളില്‍ ദുബായ് വഴി സൗദിയിലേക്ക് തിരിക്കേണ്ടവര്‍ ആശങ്കയിലായത്.

സന്ദര്‍ശന വിസക്കാര്‍ക്കായി നിശ്ചയിച്ച മിനിമം പ്രവേശന മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് യു.എ.ഇ നിരവധി പാക്കിസ്ഥാനികളേയും ഇന്ത്യക്കാരേയും തിരിച്ചയച്ചിരുന്നു.
യു.എ.ഇയില്‍നിന്ന് 558 പാക്കിസ്ഥാന്‍ യാത്രക്കാരെ തിരിച്ചയച്ചതായി ദുബായ് പാക്കിസ്ഥാന്‍ കോണ്‍സുലേറ്റ് ജനറല്‍ അറിയിച്ചു.

 

Latest News