ലഖ്നൗ- ഉത്തര്‍പ്രദേശിലെ ഫിറോസബാദില്‍ ബൈക്കിലെത്തിയ മൂന്നംഗ സംഘം ബി.ജെ.പി നേതാവിനെ വെടിവെച്ചുകൊന്നു.
പ്രാദേശിക ബിജെപി നേതാവ് ഡി. കെ ഗുപ്തയാണ് കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
ഗുപ്ത തന്റെ കട പൂട്ടി വീട്ടിലേക്ക് മടങ്ങവെ ബൈക്കിലെത്തിയ സംഘം നിറയൊഴിക്കുകയായിരുന്നു. വെടിയേറ്റ ഗുപ്തയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
മൂന്ന് ബൈക്കുകളിലായാണ് അക്രമി സംഘം എത്തിയതെന്നും സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായും എസ്.എസ്.പി സചീന്ദ്ര പട്ടേല്‍ പറഞ്ഞു.
ഗുപ്തയുമായി നേരത്തെ തർക്കമുണ്ടായിരുന്ന ചിലരുടെ പേരുകള്‍ കുടുംബം പോലീസിനു നല്‍കിയിട്ടുണ്ട്.






