മസ്‌കത്ത് - കോവിഡ് പ്രതിരോധ സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന്റെ പേരില്‍ കഴിഞ്ഞ മാസം പോലീസ് പിടിയിലായ 72 പേര്‍ക്ക് പിഴ ഈടാക്കി ഒമാന്‍ കോടതി. അനധികൃതമായി ഫാമില്‍ ഒത്തുകൂടിയതിനാണ് പിഴ. ഓരോ പ്രതിയും 1000 റിയാല്‍ വീതമാണ് പിഴ ഒടുക്കേണ്ടതെന്നും കോടതി വിധിച്ചു. പോലീസ് അറസ്റ്റ് ചെയ്തതിനു ശേഷം കോവിഡ് പ്രതിരോധ ചുമതലയുള്ള സുപ്രീം കമ്മിറ്റി നിയമ ലംഘനം നടന്നതായി സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി. പ്രതികളുടെ പേരും ഫോട്ടോകളും മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ അറിയിച്ചു.
അതേസമയം, അല്‍ശര്‍ഖിയ്യ സൗത്ത് ഗവര്‍ണറേറ്റിന്റെ ആസ്ഥാനമായ സൂറില്‍ കോവിഡ് പ്രോട്ടോകോള്‍ ലംഘിച്ചതിന് എട്ട് വിദേശികള്‍ പിടിയിലായി. ഇവരില്‍ രണ്ട് പേരെ നാടുകടത്തണമെന്ന് കോടതി വിധിച്ചിട്ടുണ്ട്.
രോഗവ്യാപനം തടയുന്നതിനായി ഒമാനില്‍ ഒക്ടോബര്‍ 24 വരെ രാത്രിയാത്രക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ് ഒമാന്‍. ഈയിടെ രാജ്യത്ത് കോവിഡ് കേസുകളും മരണങ്ങളും വര്‍ധിച്ചതിനെ തുടര്‍ന്നാണ് നടപടി.