അബുദാബി - യു.എ.ഇയില്‍ പുതുതായി സ്ഥിരീകരിച്ചത് 1412 കോവിഡ് കേസുകള്‍. തുടര്‍ച്ചയായി പത്താം ദിവസമാണ് വൈറസ് ബാധ ആയിരം കടക്കുന്നത്. രോഗവ്യാപനം തടയാന്‍ കര്‍ശനമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നുവെങ്കിലും ദിനേന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്നതില്‍ അധികൃതര്‍ ആശങ്കയിലാണ്. എങ്കിലും 1618 പേര്‍ ഇന്നലെ രോഗമുക്തി കൈവരിച്ചിട്ടുണ്ടെന്ന ആശ്വാസവും ആരോഗ്യപ്രവര്‍ത്തകര്‍ക്കുണ്ട്. 24 മണിക്കൂറിനിടെ മൂന്ന് പേര്‍ മരണത്തിന് കീഴടങ്ങിയെന്നും ആരോഗ്യ-രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ മൊത്തം കോവിഡ് ബാധിതര്‍ 1,12,849 ഉം രോഗമുക്തി നേടിയവര്‍ 1,04,943 ഉം മരണസംഖ്യ 445 ഉം ആയി. നിലവില്‍ 7451 സജീവ കേസുകളാണ് രാജ്യത്തുള്ളത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളില്‍ മാത്രം 1,17,812 പേരെ കോവിഡ് പരിശോധനക്ക് വിധേയരാക്കിയെന്നും മന്ത്രാലയം വ്യക്തമാക്കി.