ന്യൂദല്‍ഹി- ദല്‍ഹിയില്‍ വായുമലിനീകരണത്തിന് കാരണമാകുന്ന തരത്തില്‍ അയല്‍ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വൈക്കോല്‍ തീയിട്ടു നശിപ്പിക്കുന്നത് നിരീക്ഷിച്ച് റിപോര്‍ട്ട് സമര്‍പ്പിക്കാന്‍ സുപ്രീം കോടതി ഏകാംഗ സമിതിയെ നിയോഗിച്ചു. മുന്‍ സുപ്രിം കോടതി ജഡ്ജി ജസ്റ്റിസ് മദന്‍ ബി ലോക്കൂറിനെയാണ് പഞ്ചാബിലും ഹരിയാനയിലും പടിഞ്ഞാറന്‍ ഉത്തര്‍ പ്രദേശിലും വന്‍തോതില്‍ വൈക്കോല്‍ കത്തിക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ കോടതി നിയമിച്ചത്. ഈ സംസ്ഥാനങ്ങളില്‍ കര്‍ഷകര്‍ വിളവെടുപ്പിനു ശേഷമുള്ള വൈക്കോല്‍ വന്‍തോതില്‍ ഓരോ വര്‍ഷവും കത്തിക്കാറുണ്ട്. ഇതാണ് ദല്‍ഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വലിയ വായു മലിനീകരണത്തിന് കാരണം. ദല്‍ഹിയിലെ ബന്ധപ്പെട്ട അധികാരികളും പരിസ്ഥിതി മലിനീകരണ അതോറിറ്റിയും ജസ്റ്റിസ് ലോക്കൂര്‍ കമ്മിറ്റിക്കു റിപോര്‍ട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കമ്മിറ്റു വേണ്ട സൗകര്യങ്ങളും സുരക്ഷയും നല്‍കാന്‍ ചീഫ് സെക്രട്ടറിമാരോട് കോടതി ആവശ്യപ്പെട്ടു.
ജസ്റ്റിസ് ലോക്കൂര്‍ സമിതിയെ നിയമിച്ചത് പുനപ്പരിശോധിക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം കോടതി തള്ളി. ദല്‍ഹിയിലേയും ദേശീയ തലസ്ഥാന മേഖലയിലേയും ജനങ്ങള്‍ക്ക് ശുദ്ധ വായു ശ്വസിക്കാനാകുന്നുണ്ടോ എന്നതു മാത്രമെ പരിഗണിക്കുന്നുള്ളൂവെന്നും കോടതി മറുപടി നല്‍കി. കേസ് ഒക്ടോബര്‍ 26ന് വീണ്ടും പരിഗണിക്കും.
ഈ സംസ്ഥാനങ്ങളില്‍ വൈക്കോല്‍ കത്തിക്കുന്ന പാടങ്ങളില്‍ നിരീക്ഷണം നടത്താനാണ് കോടതി സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി എന്‍സിസി, എന്‍എസ്എസ്, ഭാരത് സക്ൗട്ട് ആന്റ് ഗൈഡ്‌സ് വളണ്ടിയര്‍മാരെ ഉപയോഗപ്പെടുത്താമെന്നും കോടതി നിര്‍ദേശിച്ചു. ഈ വളണ്ടിയര്‍ സംഘങ്ങള്‍ വൈക്കോല്‍ കത്തിക്കുന്ന പാടങ്ങളെ കുറിച്ച് വിവരം നല്‍കുകയും അധികൃതര്‍ നടപടി സ്വീകരിക്കുകയും വേണം.
വൈക്കോല്‍ കത്തിക്കല്‍ തടയണമെന്നാവശ്യപ്പെട്ട് രണ്ടു പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. കോടതി നിരീക്ഷണം ഉണ്ടായിട്ടും സംസ്ഥാനങ്ങള്‍ വൈക്കോല്‍ കത്തിക്കുന്നതിനെതിരെ നടപടി സ്വീകരിക്കുന്നില്ലെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. ഈ വര്‍ഷം വൈക്കോല്‍ കത്തിക്കല്‍ അഞ്ചിരട്ടി വര്‍ധിച്ചതായും ഇത് തടയാന്‍ ഉടനടി നടപടി വേണമെന്നുമാണ് ഹര്‍ജിക്കാര്‍ കോടതിയോട് ആവശ്യപ്പെട്ടത്.






