Sorry, you need to enable JavaScript to visit this website.

പരമ്പരാഗത കലകളും നൃത്തങ്ങളുമില്ല, വിവാഹാഘോഷങ്ങൾ പൊലിമയില്ലാതായി 

തുറൈഫ് - കൊറോണ കാലത്തും വിവാഹങ്ങൾ നടക്കുന്നുണ്ടെങ്കിലും മുഴുവൻ ബന്ധുക്കളും അയൽവാസികളും പരിചയക്കാരും ഒരുമിച്ച് കൂടി സന്തോഷിക്കുന്ന സാഹചര്യമില്ലാത്തത് വേദനയുളവാക്കുന്നതായി സൗദി പൗരന്മാർ. ബന്ധുക്കളും സുഹൃത്തുക്കളും മുതിർന്നവരോ യുവാക്കളോ എന്ന് വ്യത്യാസമില്ലാത്ത വിവാഹ സദസ്സിൽ നടത്തിയിരുന്ന പരമ്പരാഗത നൃത്തങ്ങൾ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കുവാനും അറബ് സ്വത്വം നിലനിർത്തുവാനും വളരെ ഉപകരിച്ചിരുന്നു. എന്നാൽ കൊറോണ വൈറസ് മനുഷ്യ ജീവിതത്തെ മാറ്റിമറിച്ചതോടെ ഇത്തരം സന്തോഷ വേളകൾ പോലും ചുരുങ്ങി പൊലിമയില്ലാതായി. 
സൗദി അറേബ്യയിൽ കൊറോണ വൈറസ് കാരണം എട്ട് മാസത്തോളമായി വിവാഹങ്ങൾ ഉൾപ്പെടെ പല സാമൂഹിക, കുടുംബ ചടങ്ങുകളിലും വളരെ കുറച്ച് ആളുകളാണ് പങ്കെടുക്കുന്നത്. കർശന അകലവും മറ്റു നിയമങ്ങളും പാലിച്ച് വിരലിൽ എണ്ണാവുന്ന ആളുകൾക്കു മാത്രമേ വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാൻ പറ്റുകയുള്ളൂ. സ്വയം രക്ഷയ്ക്കും ഓരോ ആളുകളുടെയും രക്ഷക്കും വേണ്ടിയാണെങ്കിലും വിവാഹ സദസ്സിൽ നടന്നിരുന്ന പരമ്പരാഗത കലാ പ്രകടനങ്ങൾ ഇല്ല. വാളുകൾ ഉയർത്തി പാട്ടു പാടി പ്രത്യേക ചുവടുകൾ വെച്ചും കൈ കോർത്ത് പിടിച്ചും ആഹ്ലാദത്തോടെ നടത്തിയിരുന്ന കലാ വിരുന്നുകൾ ബന്ധങ്ങൾ കൂടുതൽ വിളക്കി ചേർക്കുമായിരുന്നു. സ്ത്രീകളും മണവാട്ടിയുടെ ചുറ്റും നൃത്തം ചവിട്ടി പാട്ടുപാടി കലാപ്രകടനങ്ങൾ നടത്തുമായിരുന്നു. എന്നാൽ കൊറോണ കാലം മനോഹരമായ ആ നിമിഷങ്ങൾ ഇല്ലാതാക്കി. ഇപ്പോൾ വിവാഹങ്ങൾ നടക്കുന്നുവെങ്കിലും വിരലിൽ എണ്ണാവുന്ന ആളുകൾ മാത്രമാണ് പങ്കെടുക്കുന്നത്. ആഘോഷങ്ങളും കലാപ്രകടനങ്ങളും നൃത്തങ്ങളും തീർത്തും ഒഴിവാക്കി.
 

Tags

Latest News