Sorry, you need to enable JavaScript to visit this website.
Saturday , June   03, 2023
Saturday , June   03, 2023

ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം  സംഘടനയില്‍ പറയണം- ബാബുരാജ്

കൊച്ചി-ഭാവനയ്‌ക്കെതിരായ അമ്മ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പരാമര്‍ശവും നടി പാര്‍വതിയുടെ താരസംഘടനയില്‍ നിന്നുള്ള രാജിയെ കുറിച്ചുമുള്ള വിവാദത്തില്‍ എത്രയും പെട്ടന്ന് അമ്മ എക്‌സിക്യൂട്ടീവ് കമ്മറ്റി യോഗം ചേരുമെന്ന് എക്‌സിക്യൂട്ടീവ് അംഗവും നടനുമായ ബാബുരാജ്.
ടൈംസ് ഓഫ് ഇന്ത്യയോട് ആയിരുന്നു ബാബുരാജിന്റെ പ്രതികരണം. നേരത്തെ അമ്മയുടെ നേതൃത്വത്തില്‍ നിര്‍മ്മിക്കുന്ന പുതിയ മള്‍ട്ടിസ്റ്റാര്‍ ചിത്രത്തില്‍ നടി ഭാവന അംഗമാവില്ലെന്ന് ഇടവേള ബാബു പറഞ്ഞിരുന്നു. നിലവില്‍ ഭാവന അമ്മയുടെ അംഗമല്ല. മരിച്ചു പോയ ആളുകള്‍ തിരിച്ച് വരില്ലല്ലോ. അതുപോലെ ആണ് ഇതെന്നും ഇടവേള ബാബു റിപ്പോര്‍ട്ടര്‍ ചാനലിലെ പരിപാടിയില്‍ പറഞ്ഞിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പാര്‍വതി സംഘടനയില്‍ നിന്ന് രാജി വെച്ചത്.
തുടര്‍ന്ന് സംഘടനയുടെ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് നടിമാരായ പത്മപ്രിയയും രേവതിയും അമ്മ സംഘടനയിലെ എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്ക് കത്തെഴുതിയിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു ബാബുരാജിന്റെ മറുപടി.
ഇടവേള ബാബുവിന്റെ മറുപടി ആക്രമണത്തെ അതിജീവിച്ച നടിയെ വേദനിപ്പിക്കാനാണെങ്കില്‍ ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും താന്‍ നടിക്കൊപ്പമാണ് നില്‍ക്കുന്നതെന്നും ബാബുരാജ് പറഞ്ഞു. ബുധനാഴ്ച നടിയുമായി സംസാരിച്ചിരുന്നെന്നും കാരണം അന്വേഷിച്ച് കര്‍ശനമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2020 സിനിമയുടെ തുടര്‍ച്ചയെ കുറിച്ച് ചാനലില്‍ ചോദ്യം ചോദിച്ചപ്പോഴായിരുന്നു ഈ മറുപടി എന്നായിരുന്നു ഇടവേള ബാബു ഞങ്ങളോട് പറഞ്ഞത്. നിലവില്‍ തീരുമാനിച്ച സിനിമ 2020യുടെ തുടര്‍ച്ചയല്ല. പല സിനിമകളിലും അമ്മയുടെ അംഗങ്ങളല്ലാത്ത അഭിനേതാക്കള്‍ ഉണ്ട്. അമ്മ നടത്തിയ ഷോകളില്‍ പോലും ഇത്തരത്തില്‍ അഭിനേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്. ആരൊക്കെ അഭിനയിക്കും ഇല്ല എന്നത് പൂര്‍ണ്ണമായും നിര്‍മ്മാതാവിന്റെയോ അല്ലെങ്കില്‍ സംവിധായകന്റെ വിവേചനാധികാരമാണ് - ബാബുരാജ് പറഞ്ഞു.
നടന്‍ സിദ്ദീഖിനെതിരായ ലൈംഗിക പീഡന പരാതിയില്‍ നടപടിയെടുക്കുന്നതിനെക്കുറിച്ചും ബാബുരാജ് പ്രതികരിച്ചു. 'ഞങ്ങള്‍ക്ക് പരാതി ലഭിച്ചാല്‍ മാത്രമേ ഞങ്ങള്‍ക്ക് നടപടിയെടുക്കാന്‍ കഴിയൂ. ഫേസ്ബുക്കില്‍ പരാതി പോസ്റ്റ് ചെയ്യുന്നതിന് പകരം പാര്‍വതി അമ്മയുടെ പ്രസിഡന്റിന് പരാതി നല്‍കിയിരുന്നെങ്കില്‍ ഞങ്ങള്‍ തീര്‍ച്ചയായും നടപടിയെടുക്കുമായിരുന്നു. ഇപ്പോള്‍ സംഭവിച്ചത്, ഈ വിഷയത്തില്‍ ഞങ്ങളുടെ അഭിപ്രായം നഷ്ടപ്പെട്ടു എന്നതാണ്. പാര്‍വതി എന്തെങ്കിലും ഔപചാരിക പരാതി നല്‍കിയിട്ടുണ്ടോ എന്ന് കമ്മിറ്റി ചോദിച്ചാല്‍ ഞങ്ങള്‍ എന്താണ് പറയുക. നിങ്ങള്‍ ആവേശത്തോടെ പ്രതികരിക്കുകയും രാജിവയ്ക്കുകയും ചെയ്യുമ്പോള്‍ അതാണ് സംഭവിക്കുന്നത്. ബാബു രാജ് പറഞ്ഞു.
സംഘടനയുടെ പുറത്ത് നിന്നുള്ള പരാതികള്‍ പരിശോധിക്കേണ്ട എന്നുള്ളത് പുതിയ ബൈലോയില്‍ തീരുമാനിച്ചിട്ടുള്ളതാണ്. സംഘടനയുടെ പുറത്ത് പരാതി ഉന്നയിച്ചാല്‍ പിന്നെ അത് സംഘടനയില്‍ പറയേണ്ട കാര്യമില്ല. അത് കൊണ്ടാണ് എന്തെങ്കിലും നടപടി എടുക്കുന്നതില്‍ നിന്ന് ഞങ്ങളെ പിന്നോട്ട് വലിക്കുന്നത്. അമ്മയിലെ ഒഫിഷ്യല്‍ അംഗങ്ങള്‍ക്ക് മുമ്പില്‍ പരാതി നല്‍കുക എന്നതാണ് ആദ്യ നടപടി. തൊട്ടടുത്ത ദിവസം തന്നെ എന്ത് നടപടിയാണ് എടുത്തതെന്ന് ചോദിക്കുക, അല്ലെങ്കില്‍ അത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുക, അങ്ങിനെയല്ല കാര്യം നടക്കേണ്ടത് എന്നും ബാബുരാജ് പറഞ്ഞു.
എന്തെങ്കിലും നടപടിയെടുക്കാന്‍, ഒരു സംവിധാനം നിലവിലുണ്ടെന്നതിനാല്‍ അവര്‍ ഈ പ്രക്രിയ പിന്തുടരേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. സംഘടനയുടെ പേരിന് കളങ്കമുണ്ടാക്കരുത് എന്നതാണ് ഞങ്ങളുടെ ഉദ്ദേശ്യം, അമ്മയില്‍ നിന്ന് സാമ്പത്തിക സഹായം ആശ്രയിക്കുന്ന ഒരുപാട് പേരുണ്ട്. ഈ സാമ്പത്തികം മമ്മൂട്ടി മോഹന്‍ലാല്‍ അടക്കമുള്ള താരങ്ങളില്‍ നിന്ന് എത്തുന്നതാണ്.
ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ മറവില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ അമ്മ പരാജയപ്പെടുന്നതായുള്ള ആരോപണത്തിലും ബാബുരാജ് മറുപടി പറഞ്ഞു.
ഏഴോ എട്ടോ അംഗങ്ങള്‍ക്ക് പുറമെ, അമ്മയ്ക്കുള്ളിലുള്ളവര്‍ അത്തരം ആരോപണങ്ങള്‍ ഉന്നയിക്കാത്തത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചോദിക്കണം. അതുകൊണ്ടാണ് ഇതിനെല്ലാം കൃത്യമായ നടപടി ക്രമങ്ങള്‍ ഉണ്ടെന്ന് ഞാന്‍ പറഞ്ഞത്.
പാര്‍വതി തന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകളില്‍ അമ്മയെ എ.എം.എം.എ എന്ന് പരാമര്‍ശിക്കുന്നതിന്റെ കാരണം അവര്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തന്നെ ആഗ്രഹിക്കുന്നുവെന്നതാണ്. എന്നാല്‍ ഞങ്ങള്‍ അവര്‍ക്കൊപ്പവും അവരുടെ പ്രശ്‌നങ്ങള്‍ക്കൊപ്പവുമാണെന്ന് അവര്‍ മനസിലാക്കണം. , പക്ഷേ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഞങ്ങള്‍ക്ക് ചര്‍ച്ച ചെയ്യണം. അതുകൊണ്ടാണ് ഞങ്ങള്‍ ഉടന്‍ തന്നെ എക്‌സിക്യൂട്ടീവ് കമ്മിറ്റി മീറ്റിംഗ് നടത്തുന്നത്. കൂടാതെ, സംഘടന ചെയ്യുന്ന ധാരാളം നല്ലകാര്യങ്ങള്‍ ഈ പ്രശ്‌നം കാരണം നഷ്ടപ്പെടുത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. എന്നും ബാബുരാജ് പറഞ്ഞു.

Latest News