ജമ്മു- കശ്മീരില്‍ രക്തമൊഴുക്കാനുള്ള ഗൂഢാലോചനയാണ് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുല്ലയും മകന്‍ ഉമര്‍ അബ്ദുല്ലയും പി.ഡി.പി പ്രസിഡന്റ് മെഹ്ബൂബ മുഫ്തിയെ സന്ദര്‍ശിച്ചതിലൂടെ നടന്നിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ ബി.ജെ.പി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന ആരോപിച്ചു.
രക്തമൊഴുക്കാന്‍ വീണ്ടും ശ്രമിച്ചാല്‍ അത് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ഇരു നേതാക്കള്‍ക്കും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഫാറൂഖ് അബ്ദുല്ല മെഹബൂബ മുഫ്തിയെ കണ്ടു; ജമ്മു കശ്മീരില്‍ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍ യോഗം ചേരുന്നു
ഗുപ്കാര്‍ പ്രഖ്യാപനത്തിലൂടെ കശ്മീരില്‍ രക്തമൊഴുക്കാനുള്ള അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെങ്കില്‍ ഫാറൂഖ് ആന്റ് കമ്പനി ഗുരുതര പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞു.
2019 ഓഗസ്റ്റ് 15-നു മുമ്പ് കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി തിരിച്ചുപിടിക്കാന്‍ ഒരുമിച്ച് പൊരുതാന്‍ ഓഗസ്റ്റ് 22 ന് ആറ് പ്രദേശിക, ദേശീയ പാര്‍ട്ടികളുടെ യോഗം തീരുമാനിച്ചിരുന്നു. തികച്ചും ഭരണഘടനാ വിരുദ്ധമായ തീരുമാനമാണിതെന്ന് ബി.ജെ.പി നേതാവ് പറഞ്ഞു. ആര്‍ട്ടിക്കിള്‍ 370 ഉം 35എയും ഒരിക്കലും പുനഃസ്ഥാപിക്കപ്പെടില്ല. ഗുജ്ജാര്‍ ബകര്‍വാല, പട്ടിക ജാതി, പട്ടിക വര്‍ഗം, പാക്കിസ്ഥാനി അഭയാര്‍ഥികള്‍ തുടങ്ങി നിരവധി സമുദായങ്ങളുടെ അവകാശങ്ങള്‍ കൂട്ടക്കൊല ചെയ്തതായിരുന്നു 370 ാം വകുപ്പെന്ന് അദ്ദേഹം പറഞ്ഞു.
ഗുപ്കാര്‍ പ്രഖ്യാപിക്കല്‍ പാക്കിസ്ഥാന്‍ അനുകൂല, ദേശവിരുദ്ധ അജണ്ടയാണെന്ന് പാര്‍ട്ടിയുടെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ നല്‍കിയ വീഡിയോ സന്ദേശത്തില്‍ റെയ്‌ന പറഞ്ഞു.






