റാസല്‍ഖൈമ- ചികിത്സാപിഴവ് മൂലം ഗര്‍ഭസ്ഥ ശിശു മരിച്ച സംഭവത്തില്‍ മാതാപിതാക്കള്‍ക്ക് 500,000 ദിര്‍ഹം നഷ്ടപരിഹാരത്തുക വിധിച്ച് റാസല്‍ഖൈമ സിവില്‍ കോടതി. മരണത്തിനുത്തരവാദികളായ കണ്‍സള്‍ട്ടന്റ് ഗൈനക്കോളജിസ്റ്റും സ്വകാര്യ ആശുപത്രിയുമാണ് പിഴ നല്‍കേണ്ടതെന്നും വിധിയിലുണ്ട്.
പ്രമേഹം കൂടുതലായതിനാലാണ് ഗര്‍ഭിണിയായ യുവതി പതിവായി ചികിത്സക്കെത്തിയിരുന്ന സ്വകാര്യ ഹോസ്പിറ്റലില്‍ അവസാനമായി പരിശോധനക്കെത്തിയത്.
എന്നാല്‍ വിദഗ്ധ പരിശോധനക്കായി ഒരു എന്‍ഡോക്രൈനോളജിസ്റ്റിലേക്ക് റഫര്‍ ചെയ്യാതെ ഗൈനക്കോളജിസ്റ്റ് കേസ് ഗുരുതരമല്ലെന്നും ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നും വിധിക്കുകയായിരുന്നു. തുടര്‍ന്ന്, കടുത്ത തലവേദനയും കാലുകളില്‍ വീക്കവും അനുഭവപ്പെട്ട യുവതി പ്രമേഹം മൂര്‍ഛിച്ച് ഗുരുതരാവസ്ഥയിലായി. അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയ യുവതി രണ്ട് മാസത്തിന് ശേഷം പ്രസവിച്ചു. എന്നാല്‍ ഗര്‍ഭസ്ഥശിശുവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.
ചികിത്സയിലെ പാളിച്ചയാണ് തങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ അപഹരിച്ചതെന്ന് വിശദമാക്കി ദമ്പതികള്‍ ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുകയായിരുന്നു.






