കോഴിക്കോട് - കേരള റെയിൽ പദ്ധതി ഭൂമി തട്ടിയെടുക്കാനുള്ള സർക്കാരിന്റെ തന്ത്രമാണെന്നും ശക്തമായ സമരത്തിലൂടെ ചെറുക്കുമെന്നും യു.ഡി.എഫ് നേതാക്കൾ.
തെരഞ്ഞെടുപ്പ് മാത്രം ലാക്കാക്കിയുള്ള തട്ടിപ്പുകൾക്കാണ് സംസ്ഥാന സർക്കാർ മുതിരുന്നത്. നാടിന്റെ പുരോഗതിക്ക് യു.ഡി.എഫ് എതിരല്ല. പക്ഷേ, തട്ടിപ്പുകൾ ഇനി അനുവദിക്കില്ല. കെ-റെയിൽ പദ്ധതിക്കെതിരെ ശക്തമായ സമര പരിപാടികൾക്ക് യു.ഡി.എഫ് നേതൃത്വം നൽകുമെന്ന് എം.കെ മുനീർ എം.എൽ.എ, എം.കെ രാഘവൻ എം.പി എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഭൂമി നഷ്ടപ്പെടുന്ന ജനങ്ങളുടെ പ്രതിരോധത്തിന് പിന്തുണയുമായി 19ന് എം.കെ രാഘവൻ എം.പി, കെ.മുരളീധരൻ എം.പി, എം.കെ മുനീർ എം.എൽ.എ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിൽ യു.ഡി.എഫ് സംഘം പ്രസ്തുത പ്രദേശങ്ങളിൽ സന്ദർശനം നടത്തും. 25ന് ദേശീയ പാതയോരത്ത് യു.ഡി.എഫിന്റെ നേതൃത്വത്തിൽ നിൽപ്പ് സമരം നടത്തുമെന്നും നേതാക്കൾ അറിയിച്ചു.
ജില്ലയിലെ പതിനായിരങ്ങളെ പെരുവഴിയിലാക്കുന്ന പദ്ധതിയുടെ അശാസ്ത്രീയ സർവേ നടപടികളിൽ നിന്ന് സർക്കാർ പിന്മാറണം. സർവകക്ഷി യോഗം വിളിച്ചു ചേർത്ത് ജനങ്ങളുടെ ആശങ്ക അകറ്റാനും പ്രശ്‌നം ചർച്ച ചെയ്യാനും സർക്കാരും ബന്ധപ്പെട്ടവരും തയാറാവണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. ജില്ലയിൽ മാത്രം മൂവായിരത്തിലധികം ഭവനങ്ങൾ പൂർണമായോ ഭാഗികമായോ പൊളിച്ചുമാറ്റേണ്ടി വരുന്ന പദ്ധതിയാണിത്. വികസന പദ്ധതികളോട് യു.ഡി.എഫിന് എതിർപ്പില്ലെന്നും ജനങ്ങളുടെ ആശങ്ക ദൂരീകരിച്ചേ നടപടികളിലേക്ക് കടക്കാവൂ എന്നും എം.കെ മുനീർ എം.എൽ.എ പറഞ്ഞു.
യാത്രാ സൗകര്യത്തിന് മാത്രം ഉപയോഗിക്കുന്നതല്ലാതെ ചരക്ക് ഗതാഗതത്തിന് പോലും പ്രയോജനപ്പെടാത്ത പദ്ധതിയാണിത്. മംഗലാപുരം മുതൽ തിരുവനന്തപുരം വരെ മൂന്നാമതൊരു റെയിൽപാത നിർമിക്കുകയാണെങ്കിൽ ഗതാഗതത്തിന് വേഗത കൂട്ടാനും ചരക്ക് ഗതാഗതത്തിന് ഒരു മാർഗം കൂടിയായിരിക്കും ഈ പദ്ധതി. ഇത്തരം പദ്ധതികൾ പൂർത്തിയാക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പൊതു യോജിപ്പാണ് വേണ്ടത്. വൻ തുക ചെലവഴിച്ച് കേരളത്തിന്റെ മാത്രം റെയിൽവേ എന്ന നയം അശാസ്ത്രീയമാണ്. തെരുവിലിറക്കപ്പെടുന്ന ആയിരക്കണക്കിന് ജനങ്ങൾക്കൊപ്പം നിൽക്കുകയെന്ന രാഷ്ട്രീയ ഉത്തരവാദിത്തം യു.ഡി.എഫ് ഏറ്റെടുക്കുകയാണെന്നും എം.കെ രാഘവൻ എം.പി പറഞ്ഞു.
കോവിഡ് കേസുകൾ കോഴിക്കോട് ജില്ലയിൽ ഗണ്യമായി വർധിക്കുന്ന സാഹചര്യത്തിലും പ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായ രീതിയിൽ ഊർജിതമാക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടു. കോവിഡ് കേസുകളുടെ ഇടയിൽ കൃത്യമായ ചികിത്സ ലഭിക്കാതെ നിരവധി കോവിഡ് ഇതര മരണങ്ങളും ഉണ്ടായിട്ടുണ്ട്. ഈ കണക്കുകളും പരിശോധിക്കണം. കോവിഡ് കേസുകളുടെ വർധനവിന്റെ പശ്ചാത്തലത്തിൽ നിലവിലെ സംവിധാനങ്ങളിലെ പോരായ്മ പരിഹരിക്കാൻ വിദഗ്ധരെ ഉൾപ്പെടുത്തി സർവകക്ഷി യോഗം വിളിക്കണമെന്നും ആവശ്യപ്പെട്ടു. ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്ക പാത ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന ഒരു തെരഞ്ഞെടുപ്പ് സ്റ്റണ്ട് മാത്രമായി കാണേണ്ടി വരും.
സാമൂഹ്യ ആഘാത പഠനം, പരിസ്ഥിതി ആഘാത പഠനം, ആഗോള ടെൻഡർ എന്നിങ്ങനെ ഒന്നും ലഭിക്കാതെ തട്ടിക്കൂട്ടൽ ലോഞ്ചിങാണ് നടത്തിയത്. മുൻകാല എൽ.ഡി.എഫ് സർക്കാറുകളും ഇത്തരം തെരഞ്ഞെടുപ്പ് കാല ഗിമ്മിക്കുകൾ കാട്ടി ജനങ്ങളെ കബളിപ്പിച്ച ചരിത്രം മുമ്പിലുണ്ട്. ജനങ്ങളെ സാരമായി ബാധിക്കുന്ന ജീവിത പ്രശ്‌നങ്ങളെ അവഗണിച്ച് തെരഞ്ഞെടുപ്പ് മാത്രം ലാക്കാക്കിയുള്ള പ്രചാരണങ്ങൾക്കാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകുന്നത്. ജനങ്ങളുടെ പ്രശ്നങ്ങളോട് മുഖംതിരിഞ്ഞു നിൽക്കുന്ന സർക്കാറിനും ഭരണ മുന്നണിക്കുമെതിരെ ജനകീയ പ്രക്ഷോഭം ഉയർത്തിക്കൊണ്ടു വരാൻ യു.ഡി.എഫ് പ്രതിജ്ഞാബദ്ധമാണ്. പാളിച്ചകൾ ഓരോന്നായി തുറന്നു കാട്ടുന്ന വിധത്തിലുള്ള പ്രചാരണ പ്രവർത്തനങ്ങൾക്ക് മുൻകൈയെടുക്കുന്നതിനൊപ്പം പ്രാദേശിക വിഷയങ്ങളിലുൾപ്പെടെ ജനകീയ പ്രതിരോധങ്ങൾക്ക് ശക്തി പകരാനും യു.ഡി.എഫ് തീരുമാനിച്ചിരിക്കയാണെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. ഡി.സി.സിയിൽ നടന്ന വാർത്താ സമ്മേളനത്തിൽ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.ബാലനാരായണൻ, കെ.പി.സി.സി വൈസ് പ്രസിഡന്റ് അഡ്വ. ടി.സിദ്ദിഖ്, ജനറൽ സെക്രട്ടറിമാരായ എൻ.സുബ്രഹ്മണ്യൻ, അഡ്വ.പ്രവീൺകുമാർ തുടങ്ങിയവർ പങ്കെടുത്തു.






