ബെയ്ജിങ്- ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പുതിയ നേതൃനിരയെ പ്രഖ്യാപിച്ചു. പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പിന്‍ഗാമിയാരെന്ന് കൃത്യമായി വെളിപ്പെടുത്തിയിട്ടില്ല. പോളിറ്റ് ബ്യൂറോ സ്ഥിരം സമിതിയില്‍ സമഗ്ര അഴിച്ചുപണിയാണ് നടത്തിയിരിക്കുന്നത്. ചൈനയെ നയിക്കുന്ന പരമാധികാര സമിതിയില്‍ പ്രസിഡന്റ് ഷിക്കും പ്രധാനമന്ത്രി ലി കെഖിയാങിനും പുറമെ ബാക്കി എല്ലാവരും പുതുമുഖങ്ങളാണ്. അഴിമതി നിരോധ മേധാവി വാങ് ക്വിഷാന്‍ ഉള്‍പ്പെടെ അഞ്ച് മുതിര്‍ന്ന അംഗങ്ങളാണ് വിരമിച്ചത്. സ്ഥിരം സമിതിയിലുള്ള ഏഴു പേരും 60 വയസ്സിനു മുകളിലുള്ളവരാണ്. എന്നാല്‍ 1949 ല്‍ കമ്മ്യൂണിസ്റ്റ് വിപ്ലവം നടക്കുന്നതിനു മുമ്പ് ജനിച്ച ആരും ഇക്കുറിയില്ല.
പ്രസിഡന്റ് ഷി ചിന്‍പിങ്ങിന്റെ പേരു കൂടി ഉള്‍പ്പെടുത്തി ഭരണഘടന ഭേദഗതി ചെയ്യാന്‍ പാര്‍ട്ടി കോണ്‍ഗ്രസ് അനുമതി നല്‍കി. ഷി ചിന്‍പിങ്ങിനെ പാര്‍ട്ടി സ്ഥാപകന്‍ മാവോ സേതൂങ്ങിനും മറ്റൊരു പ്രമുഖ നേതാവ് ഡെങ് സിയാവോ പിങ്ങിനും തുല്യം ആദരണീയനാക്കി മാറ്റുന്നതാണു ഭരണഘടനാ ഭേദഗതി. ഇതോടെ ഷി ചിന്‍പിങ്ങിനെതിരായ ഏതു നീക്കവും പാര്‍ട്ടിക്കു നേരെയുള്ള ഭീഷണിയായി മാറും.
മാവോയുടെയും ഡെങ്ങിന്റെയും പേരുകള്‍ മാത്രമായിരുന്നു നിലവില്‍ ഭരണഘടനയിലുള്ളത്. മുന്‍ നേതാക്കളായ ഹു ജിന്റാവോയുടെയും ജിയാങ് സെമിന്റെയും ദര്‍ശനങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഇവരുടെ പേരു ഭരണഘടനയിലില്ല.
ഷിയുടെ രാഷ്ട്രീയ പ്രത്യയശാസ്ത്രം ചൈനയിലെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കാനും തീരുമാനിച്ചിട്ടുണ്ട്. ജനറല്‍ സെക്രട്ടറിയായി വീണ്ടും തെരഞ്ഞെടുക്കപ്പെടുന്നതോടെ, പാര്‍ട്ടി ചട്ടപ്രകാരം അടുത്ത അഞ്ചുവര്‍ഷം കൂടി ഷിക്കു തുടരാം.