ഗുവാഹത്തി- ബിജെപി ഭരിക്കുന്ന അസമില്‍ സര്‍ക്കാര്‍ ചെലവില്‍ നടത്തുന്ന മദ്രസകള്‍ അടച്ചു പൂട്ടാന്‍ തീരുമാനിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനം നവംബറില്‍ പുറത്തിറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ പറഞ്ഞു. 'സര്‍ക്കാരിനു കീഴിലുള്ള എല്ലാ മദ്രസകളും സാധാരണ സ്‌കൂളുകളാക്കി മാറ്റുകയോ ചിലയിടങ്ങളില്‍ അധ്യാപകരെ മറ്റു സ്‌കൂളുകളിലേക്ക് സ്ഥലംമാറ്റി മദ്രസകള്‍ അടച്ചു പൂട്ടുകയോ ചെയ്യും,' അദ്ദേഹം പറഞ്ഞു. അടുത്ത പടിയായി നൂറോളം സംസ്‌കൃത പാഠശാലകളും പൂട്ടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്രസകളില്‍ ഖുര്‍ആനിനും ഇസ് ലാമിക പാഠങ്ങള്‍ക്കും പുറമെ മാത്തമാറ്റിക്‌സ്, ഗ്രാമര്‍, ചരിത്രം, കവിത എന്നിവയാണ് പഠിപ്പിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ ചെലവില്‍ ഖുര്‍ആന്‍ പഠിപ്പിക്കേണ്ട എന്നാണ് ബിജെപി സര്‍ക്കാര്‍ തീരുമാനം. ഇങ്ങനെയാണെങ്കില്‍ ബൈബിളും ഭഗവത് ഗീതയും കൂടി പഠിപ്പിക്കേണ്ടി വരും. എല്ലാം ഏകീകരിക്കുന്നതിന് ഇത് നിര്‍ത്തലാക്കാനാണ് തീരുമാനം- മന്ത്രി പറഞ്ഞു.
സംസ്ഥാന ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം അസമില്‍ 614 അംഗീകൃത മദ്രസകള്‍ ഉണ്ട്. ഇവയില്‍ 57 എണ്ണം പെണ്‍കുട്ടികള്‍ക്കും മൂന്നെണ്ണം ആണ്‍കുട്ടികള്‍ക്കും മാത്രമുള്ളതാണ്. 17 മദ്രസകള്‍ ഉര്‍ദു മീഡിയം ആണെന്നും ബോര്‍ഡ് വെബ്‌സൈറ്റില്‍ പറയുന്നു.