Sorry, you need to enable JavaScript to visit this website.

പുതിയ ടഗ്ഗ്  ധ്വനി അടുത്ത മാസാവസാനത്തോടെ ബേപ്പൂരിലെത്തുന്നു

വ്യവസായ ലോകത്തിന്റെ ഏറെ നാളത്തെ ആവശ്യമായ പുതിയ ടഗ്ഗ് 'ധ്വനി' അടുത്ത മാസാവസാനത്തോടെ ബേപ്പൂരിലെത്തുന്നു. കപ്പലുകൾ കരക്കടുപ്പിക്കുന്നതിനും അകമ്പടി സേവിക്കുന്നതിനും ബേപ്പൂരിൽ മുൻപുണ്ടായിരുന്ന എം.ടി ചാലിയാർ എന്ന ടഗ്ഗ് വിഴിഞ്ഞം തുറമുഖത്തേക്ക് കൊണ്ടുപോയതിൽ പിന്നെ ഇവിടേക്ക് തിരിച്ചു വന്നിട്ടില്ല. 
വിഴിഞ്ഞത്ത് നടക്കുന്ന അന്താരാഷ്ട്ര കപ്പലുകളുടെയും കൂറ്റൻ ടാങ്കറുകളുടെയും ക്രൂ ചെയിഞ്ചിന് ഇപ്പോൾ ചാലിയാർ എന്ന ടഗ്ഗാണ് ഉപയോഗിക്കുന്നത്. ബേപ്പൂരിൽ തന്നെ ഉണ്ടായിരുന്ന മറ്റൊരു ടഗ്ഗായ എം.ടി മലബാർ എന്ന ടഗ്ഗ് കൊല്ലം തങ്കശ്ശേരിയിലേക്ക് കൊണ്ടുപോയതിൽ പിന്നെ ഇതും ഇവിടേക്ക് തിരിച്ചുവന്നിട്ടില്ല. വളരെ അത്യാധുനിക സംവിധാനങ്ങളുള്ള ടഗ്ഗിന്റെ അഭാവം ഇവിടുത്തെ കയറ്റിറക്കിനെ താളം തെറ്റിച്ചിരിക്കുകയാണ്. ഏറെ നാളായി വ്യവസായ ലോകവും ചേംബർ വൃത്തങ്ങളും ബേപ്പൂരിൽ ആധുനിക സൗകര്യത്തോടെയുള്ള ടഗ്ഗ് വേണ്ടതിന്റെ ആവശ്യകത അന്നത്തെ കേന്ദ്ര ജലഗതാഗത മന്ത്രി നിതിൻ ഗഡ്കരി, തുറമുഖ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർക്ക് നിവേദനം സമർപ്പിച്ചതിന്റെയും മാധ്യമങ്ങൾ ഈ വിഷയം നിരന്തരം റിപ്പോർട്ട് ചെയ്യുകയും ചെയ്തതായി മലബാർ ചേംബർ ഓഫ് കൊമേഴ്‌സ് പ്രതിനിധിയും കസ്റ്റംസ് അഡ്‌വൈസറി കൗൺസിൽ അംഗവുമായ മുൻഷിദലി അറിയിച്ചു.

സാമ്പത്തിക ഞെരുക്കത്തിൽ പെട്ട് നീണ്ടുപോയ തീരുമാനം പിന്നീട് ജീവൻ വെക്കുകയും പോർട്ട് ഓഫീസർ ക്യാപ്റ്റൻ അശ്വനി പ്രതാപിന്റെ നിരന്തരമായ കത്തെഴുത്തിന്റെയും  ചേംബർ നടത്തിയ ഇടപെടലുകളുടെയും വെളിച്ചത്തിൽ അടുത്ത മാസം പുതിയ ടഗ്ഗായ ധ്വനി ഗോവയിൽ നിന്നെത്തും. വിഴിഞ്ഞത്തും കൊച്ചിയിലും നടക്കുന്ന കൂറ്റൻ കണ്ടെയ്‌നർ കപ്പലുകളുടെ ക്രൂ ചെയിഞ്ച് ബേപ്പൂരിൽ അസാധ്യമാണെന്നിരിക്കേ പേർഷ്യൻ ഗൾഫിൽ നിന്ന് ചെറിയ ഓയിൽ ടാങ്കറുകൾക്ക് ക്രൂ ചെയിഞ്ച് ബേപ്പൂരിൽ വളരെ ആയാസകരമായി നടത്താമെന്നും മനസ്സിലാക്കിയ ചേംബർ നിരവധി ഷിപ്പിംഗ് കമ്പനികളുമായി ബന്ധപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ അന്താരാഷ്ട്ര ഷിപ്പിംഗ് കമ്പനികളായ അറ്റ്‌ലാന്റിക് ഗ്ലോബൽ, പാക്‌സ് ഷിപ്പിംഗ്, ജെ.എം ബക്‌സി എന്നിവർ ബേപ്പൂരിൽ ക്രൂ ചെയിഞ്ചിംഗിന് അനുകൂല മറുപടിയാണ് നൽകിയിട്ടുള്ളത്. ഇതിന് അടിയന്തരമായി ആധുനിക സൗകര്യത്തോടെയുള്ള ടഗ്ഗ് അത്യാവശ്യമാണ്. 
ഇപ്പോൾ വരുന്ന ധ്വനി ടഗ്ഗ് 450 ഹോഴ്‌സ് പവർ ശേഷിയും റഡാർ, എക്കോ സൗണ്ടർ, ജി.പി.എസ്, വി.എച്.എഫ്, ഓട്ടോ ഐഡന്റിഫിക്കേഷൻ സിസ്റ്റം എന്നിവ അടങ്ങിയതാണ്. ഇതോടൊപ്പം അഴിക്കൽ പോർട്ടിലേക്ക് എം.ടി മിത്ര എന്ന ടഗ് കൂടിവരുന്നതായി ക്യാപ്റ്റൻ അശ്വിനി പ്രതാപ് അറിയിച്ചു. പുതിയ രണ്ട് ടഗ്ഗുകളുടെ വരവ് ചരക്കുനീക്കം വേഗത്തിലാവുകയും ക്രൂ ചെയിഞ്ചിനുള്ള നീക്കം വേഗത്തിലാക്കാൻ സാധിക്കുമെന്നും ചേംബർ അംഗം മുൻഷിദ് അലി പറഞ്ഞു.

 

Latest News