മരുന്ന് കുത്തിവെച്ചയാള്‍ക്ക് രോഗം; ഒറ്റ ഡോസ് കോവിഡ് വാക്‌സിന്‍ പരീക്ഷണം നിര്‍ത്തിവെച്ചു

ന്യൂജഴ്‌സി- ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ പരീക്ഷണം സുരക്ഷാ കാരണങ്ങളാല്‍ നിര്‍ത്തിവെച്ചു. മനുഷ്യരില്‍ നടത്തുന്ന പരീക്ഷണത്തിനിടെ മരുന്ന് കുത്തിവെച്ച ഒരാള്‍ക്ക് അസാധാരണ രോഗം പിടിപെട്ടതിനെ തുടര്‍ന്നാണിത്. കോവിഡ് പ്രതിരോധ മരുന്ന് പരീക്ഷണത്തിന്റെ അവസാന ഘട്ടത്തിലാണെന്ന് നേരത്തെ കമ്പനി പറഞ്ഞിരുന്നു. യുഎസില്‍ 60,000 പേരില്‍ മരുന്ന് കുത്തിവെച്ചാണ് കമ്പനി മനുഷ്യരില്‍ പരീക്ഷണം നടത്തുന്നത്. നിലവില്‍ നടന്നുവരുന്ന പരീക്ഷണങ്ങളില്‍ ഏറ്റവും വലുതാണിത്. മറ്റു മരുന്നുകളില്‍ നിന്ന് വ്യത്യസ്തമായി ഒറ്റത്തവണ മാത്രം കുത്തിവെക്കാവുന്ന വാക്‌സിന്‍ ആണ് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ചിട്ടുള്ളത്. നേരത്തെ ആഗോള ഫാര്‍മ ഭീമനായ ആസ്ട്രസെന്‍കയും പരീക്ഷണത്തിനിടെ വ്യക്തിക്ക് രോഗബാധയേറ്റതിനെ തുടര്‍ന്ന് വാക്‌സിന്‍ പരീക്ഷണം താല്‍ക്കാലികമായി യുഎസില്‍ നിര്‍ത്തിവെച്ചിരുന്നു. അതേസമയം മറ്റു രാജ്യങ്ങളില്‍ തുടരുന്നുണ്ട്.
 

Latest News