മസ്‌കത്ത്- കോവിഡ് നിയന്ത്രണത്തിന്റെ ഭാഗമായി ഒമാനില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയതോടെ നിരീക്ഷണം ശക്തമാക്കിയിരിക്കുകയാണ് ഒമാന്‍ റോയല്‍ പോലീസ്. നിരീക്ഷണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്ത് രാത്രി കാലങ്ങളില്‍ ഹെലികോപ്റ്റര്‍ പട്രോളിംഗ് ഏര്‍പ്പെടുത്തിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
കുടിവെള്ളം, ശുചീകരണം എന്നിവക്കായുള്ള വാഹനങ്ങള്‍, ആംബുലന്‍സുകള്‍, സിവില്‍ ഡിഫന്‍സ് വാഹനങ്ങള്‍, ഭക്ഷണവും ഉപഭോക്തൃവസ്തുക്കളും വഹിക്കുന്ന വാഹനങ്ങള്‍, എണ്ണ, ഗ്യാസ് ടാങ്കറുകള്‍, അടിയന്തര സേവനങ്ങളുടെ ചുമതലയുള്ള വാഹനങ്ങള്‍, കണ്ടയ്‌നര്‍ ട്രാന്‍സ്‌പോര്‍ട്ട് ട്രക്കുകള്‍ എന്നിവക്കാണ് നിലവില്‍ യാത്രാ അനുമതിയുള്ളത്. അത്യാവശ്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ക്ക് കര്‍ഫ്യൂ സമയത്ത് വിലക്കുണ്ടാവും. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാരുമായും ഹോസ്പിറ്റല്‍ ജീവനക്കാരും രോഗികളുമായും പോകുന്ന വാഹനങ്ങള്‍ക്കും ഇളവ് ലഭിക്കും. കര്‍ഫ്യൂ നിയമങ്ങള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്താന്‍ ആവശ്യമായതെല്ലാം ചെയ്യുമെന്ന് ഒമാന്‍ പോലീസ് പറഞ്ഞു. ഷോപ്പുകളും വ്യവസായ സ്ഥാപനങ്ങളും സമയബന്ധിതമായി അടക്കുന്നുണ്ടെന്നും കര്‍ഫ്യൂ സമയത്തിന് മുമ്പേ ആളുകള്‍ വീട്ടിലെത്തുന്നുണ്ടെന്ന് ഉറപ്പ് വരുത്തുമെന്നും റോയല്‍ പോലീസ് അറിയിച്ചു.