അബുദാബി- ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുവും യു.എ.ഇ സായുധസേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറും അബുദാബി കിരീടാവകാശിയുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍നഹ്‌യാനും ചര്‍ച്ച നടത്തി. ഫോണിലൂടെയാണ് ഇരുനേതാക്കളും തന്ത്രപ്രധാനമായ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ചര്‍ച്ച ഫലപ്രദമായിരുന്നെന്നും സൗഹൃദം ബന്ധം ശക്തിപ്പെടുത്തുന്നതിനെക്കുറിച്ചും സമാധാനത്തിനുള്ള സാധ്യതകളെക്കുറിച്ചും ചര്‍ച്ചയില്‍ വിഷയീഭവിച്ചെന്ന് ശൈഖ് ബിന്‍ സായിദ് പറഞ്ഞു. ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള സഹകരണം, വികസനം എന്നിവയുടെ ആവശ്യകതയെക്കുറിച്ചും സംവദിച്ചെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞമാസം യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മാധ്യസ്ഥതയില്‍ സുരക്ഷ, ഊര്‍ജം, ടൂറിസം ഉള്‍പ്പെടെയുള്ള മേഖലകളില്‍ യു.എ.ഇയും ഇസ്രായിലും തമ്മില്‍ സഹകരണത്തിന് ധാരണയായിരുന്നു. മധ്യേഷ്യയിലെ രണ്ട് പ്രധാന ശക്തികള്‍ തമ്മിലുള്ള ഉഭയകക്ഷി സഹകരണം മേഖലയിലെ സാമ്പത്തികവും സാങ്കേതികവുമായ വളര്‍ച്ചക്ക് സഹായകമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.