ദുബായ്- കോവിഡ് പ്രതിരോധ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ഒരു റസ്റ്റോറന്റും ഏഴ് ജിംനേഷ്യങ്ങളും ഒരു റീട്ടെയില്‍ ഷോപ്പും ദുബായില്‍ അടപ്പിച്ചു. ദുബായ് ടൂറിസം വകുപ്പുമായി ചേര്‍ന്ന് ദുബായ് എക്കണോമി ഡവലപ്‌മെന്റ് (ഡി.ഇ.ഡി) ആണ് നടപടി സ്വീകരിച്ചത്.
അല്‍ഖോസ്, അല്‍സബ്ഖ, അല്‍നഹ്ദ, ബിസിനസ് ബേ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനങ്ങളാണ് അധികൃതരുടെ പരിശോധനയില്‍ അടച്ചുപൂട്ടേണ്ടിവന്നത്. സാമൂഹിക അകലം പാലിക്കാതിരുന്നതും ജീവനക്കാര്‍ മാസ്‌ക് ധരിക്കാത്തതുമാണ് പ്രധാനമായും കണ്ടെത്തിയ നിയമലംഘനങ്ങള്‍.
സാമൂഹിക അകലം പാലിക്കണമെന്ന സ്റ്റിക്കര്‍ പതിപ്പിക്കാതിരുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് മൂന്ന് സ്ഥാപനങ്ങള്‍ക്ക് വാണിംഗ് നോട്ടീസ് നല്‍കി. 853 ഷോപ്പുകള്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പ്രാവര്‍ത്തികമാക്കിയതായും ഉദ്യോഗസ്ഥര്‍ നിരീക്ഷിച്ചു. പൊതുജനാരോഗ്യം സുരക്ഷിതമാക്കാന്‍ സര്‍ക്കാര്‍ വകുപ്പുകള്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ നിര്‍ബന്ധമായും പാലിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. കര്‍ശന നടപടികള്‍ സ്വീകരിക്കുന്നുണ്ടെങ്കിലും കോവിഡ് ബാധ നിയന്ത്രണവിധേയമാക്കാന്‍ സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്.