Sorry, you need to enable JavaScript to visit this website.

സദസ്യരെ കൈയിലെടുത്ത്  മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ

റിയാദ്- നിയോം ഫ്യൂച്ചർ ഡെസ്റ്റിനേഷൻ പദ്ധതിയെ കുറിച്ച ചർച്ചയിൽ പങ്കെടുത്തവരെ കൈയിലെടുത്ത് കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ. പദ്ധതിയെയും സൗദി അറേബ്യയുടെ ഭാവിയെയും കുറിച്ച സൽമാൻ രാജുകുമാരന്റെ വിശദീകരണവും ഉൾക്കാഴ്ചയും ദീർഘവീക്ഷണവും സരസമായ സംസാരവും എല്ലാവരെയും ഹഠാതാകർഷിച്ചു. ഒരുവേള നിയോം പദ്ധതി സൗദിയിലുണ്ടാക്കാനിരിക്കുന്ന മാറ്റങ്ങളെ കുറിച്ച് ചർച്ചയിൽ പങ്കെടുത്തവരെ എളുപ്പത്തിൽ ബോധ്യപ്പെടുത്തുന്നതിന് കിരീടാവകാശി തോബിന്റെ പോക്കറ്റിൽ നിന്ന് പഴയ മോഡൽ 'നോക്കിയ' ഫോണും ഏറ്റവും പുതിയ മോഡൽ സ്മാർട്ട് ഫോണും (ഐഫോൺ 8) പുറത്തെടുത്തു. ഇന്നത്തെ സൗദി നഗരങ്ങളും നിയോം പദ്ധതിയും തമ്മിലുള്ള വ്യത്യാസങ്ങൾ ഈ രണ്ട് ഫോണുകളും തമ്മിലുള്ള വ്യത്യാസങ്ങൾ പോലെയായിരിക്കുമെന്ന് മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞത് കേട്ട് എല്ലാവരും ഹർഷാരവം മുഴക്കി. 
ചെങ്കടൽ പദ്ധതിയും നിയോം പദ്ധതിയും യാഥാർഥ്യമാകുന്നതോടെ ലോക ഭൂപടത്തിൽ തബൂക്ക് ഇടം പിടിക്കും. നിലവിൽ സൗദിയിൽ നിന്ന് റിയാദും മക്കയും മദീനയും കിഴക്കൻ പ്രവിശ്യയും മാത്രമാണ് ലോക ഭൂപടത്തിൽ ഇടം പിടിച്ചിരിക്കുന്നത്. തബൂക്കിനെ പോലെ സഊദിയിലെ എല്ലാ പ്രവിശ്യകളും വലിയ മാറ്റങ്ങൾക്ക് സാക്ഷ്യംവഹിക്കും. പരമ്പരാഗത നിക്ഷേപകർക്കും കമ്പനികൾക്കും നിയോം പദ്ധതിയിൽ സ്ഥാനമുണ്ടാകില്ല. പുതുതായി എന്തെങ്കിലും കണ്ടുപിടിക്കണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരെയുമാണ് നിയോം പദ്ധതി ലക്ഷ്യമിടുന്നത്. മരുഭൂമിയിൽ ജീവിക്കുന്ന സൗദി ജനതക്ക് വലിയ ഇച്ഛാശക്തിയും നിശ്ചയദാർഢ്യവുമുണ്ട്. പദ്ധതിയുടെ വിജയത്തിന് സഊദി ജനതയെയാണ് എല്ലാറ്റിലും ഉപരിയായി ആശ്രയിക്കുന്നത്. 
സൗദി ഭരണാധികാരികൾക്ക് നിരവധി സ്വപ്‌നങ്ങളുണ്ട്. ഇവ യാഥാർഥ്യമാക്കുന്നതിൽ ജനതയിൽ നല്ലൊരു ഭാഗം പങ്കാളികളാണ്. സൗദി ജനസംഖ്യയിൽ നാലിൽ മൂന്നും യുവാക്കളാണ്. ഇത് ഇരുതല മൂർച്ചയുള്ള ആയുധമാണ്. യുവാക്കൾ സർവശേഷിയിലും പ്രവർത്തിച്ചാൽ തീർത്തും വ്യത്യസ്തമായ മറ്റൊരു രാജ്യം നിർമിക്കുന്നതിന് അവർക്ക് സാധിക്കും. ലോകത്തെ ഏറ്റവും ശക്തമായ രാജ്യമായി സൗദി അറേബ്യ മാറും. തെറ്റായ ദിശയിൽ യുവാക്കൾ സഞ്ചരിച്ചാൽ നാം പരാജയപ്പെടും. 
രാജ്യത്തിന്റെ ഭാവിക്കു വേണ്ടി കഠിനാധ്വാനം ചെയ്യുന്നതിന് രണ്ടു കോടി വരുന്ന ജനങ്ങളാണ് തന്നെ പ്രേരിപ്പിക്കുന്നതെന്നും കിരീടാവകാശി പറഞ്ഞു. ഭാവിയിൽ എണ്ണക്കുള്ള ആവശ്യം കുറയുമെന്ന് കരുതുന്നില്ല. വരുന്ന ദശകങ്ങളിലും എണ്ണക്കുള്ള ആവശ്യം വർധിക്കും. സൗരോർജം ഉപയോഗിക്കുന്നത് എണ്ണ വിപണിയെ ബാധിക്കില്ല. സൗദി അറേബ്യയുടെ പക്കൽ എമ്പാടും അവസരങ്ങളുണ്ട്. പതിനായിരം കോടി ഡോളറിന്റെ നിക്ഷേപങ്ങൾ സൗദി അറേബ്യ നടത്തിയിട്ടുണ്ട്. നിയോം പദ്ധതിയിൽ 50,000 കോടി ഡോളറിന്റെ നിക്ഷേപമാണ് ലക്ഷ്യമിടുന്നതെന്നും മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ പറഞ്ഞു. 

Latest News