Sorry, you need to enable JavaScript to visit this website.

നവരാത്രി വിൽപനയിൽ കണ്ണുംനട്ട് കൊപ്രയാട്ട് വ്യവസായികൾ

നവരാത്രി ആഘോഷ വേളയിലെ ബംബർ വിൽപനയിൽ കണ്ണ് നട്ടിരിക്കുകയാണ് ദക്ഷിണേന്ത്യൻ കൊപ്രയാട്ട് വ്യവസായികൾ. മുന്നിലുള്ള ദിവസങ്ങളിൽ വെളിച്ചെണ്ണ വിൽപന ഉയരുമെന്ന പ്രതീക്ഷയിലാണവർ. ഗ്രാമീണ മേഖലകളിൽ നിന്ന് വൻതോതിൽ പച്ചത്തേങ്ങ വിൽപനയ്ക്ക് എത്തി. തമിഴ്‌നാട്ടിലെ മില്ലുകാർ കൊപ്ര സംഭരണം നിയന്ത്രിച്ചതിനാൽ അവിടെ നിരക്ക് അൽപം കുറഞ്ഞു. കേരളത്തിൽ കൊപ്രയ്ക്ക് ഡിമാന്റുണ്ട്. കൊച്ചിയിൽ കൊപ്ര 11,345 ലും വെളിച്ചെണ്ണ 16,900 രൂപയിലുമാണ്. വിദേശ പാചകയെണ്ണ ഇറക്കുമതി ചുരുങ്ങിയത് ആഭ്യന്തര എണ്ണ കുരു വില ഉയർത്തും. 2019 നവംബർ മുതൽ 2020 ഒക്ടോബർ വരെയുള്ള ഇറക്കുമതി 13.5 മില്യൻ ടണ്ണിൽ ഒതുങ്ങി. തൊട്ട് മുൻവർഷത്തെ അപേക്ഷിച്ച് ഇറക്കുമതിയിൽ 1.5 മില്യൻ ടണ്ണിന്റെ കുറവുണ്ട്. സാമ്പത്തിക, വ്യവാസായിക മേഖലയിലെ മരവിപ്പ് ഇറക്കുമതി ചുരുങ്ങാൻ കാരണമായി.  


കുരുമുളകിന്റെ വില തകർച്ച തടയാൻ ഉൽപാദകരും സ്റ്റോക്കിസ്റ്റുകളും ചരക്ക് നീക്കം നിയന്ത്രിച്ചു. തുടർച്ചയായി നാലാഴ്ചകളിലെ വില ഇടിവ് പിടിച്ച് നിർത്താനാവുമെന്ന കണക്കുകൂട്ടലിലാണ് ഉൽപാദന മേഖല. നവരാത്രി അടുത്തതിനാൽ വിപണി ചൂടുപിടിക്കുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. ഇറക്കുമതി ലോബിയും ആഭ്യന്തര വില ഉയർത്താൻ ഉത്സാഹിക്കാം. വൻതോതിൽ വിദേശ മുളക് ഇറക്കുമതി നടത്തിയവർ ലാഭം ഉയർത്താൻ ആഭ്യന്തര വില വർധിപ്പിക്കാൻ ഇടയുണ്ട്. രാജ്യാന്തര മാർക്കറ്റിൽ ഇന്ത്യൻ കുരുമുളക് വില ടണ്ണിന് 5000 ഡോളർ. വിയറ്റ്‌നാമും ഇന്തോനേഷ്യയും 2500 ഡോളറിനും ബ്രസീൽ ടണ്ണിന് 2600 ഡോളറിനും ശ്രീലങ്ക 3500 ഡോളറിനും ക്വട്ടേഷൻ ഇറക്കി. 


ഏലക്ക വില ഉയർന്നില്ല. ലേല കേന്ദ്രങ്ങളിൽ വരവ് ശക്തമെങ്കിലും അതിന് ഒത്തുവാങ്ങൽ താൽപര്യമില്ല. ഇത് മൂലം രണ്ടായിരം രൂപയ്ക്ക് മുകളിൽ ഇടം കണ്ടെത്താൻ ഏലത്തിനായില്ല. കയറ്റുമതിക്ക് അനുയോജ്യമായ വലിപ്പം കൂടിയ ഇനങ്ങൾക്ക് ക്ഷാമം നേരിട്ടു. മുൻ മാസങ്ങളിൽ തൊഴിലാളികൾക്ക് ദൗർലഭ്യം നേരിട്ടതിനാൽ പല തോട്ടങ്ങളിലും യഥാസമയം വളപ്രയോഗം നടത്താഞ്ഞത് ഏലത്തിന്റെ വലിപ്പം കുറയാൻ ഇടയാക്കി. വിദേശ ഓർഡറുകൾ മുൻനിർത്തി കയറ്റുമതിക്കാർ ഏലക്ക ശേഖരിച്ചെങ്കിലും അവരും വില വർധിപ്പിച്ചില്ല. ലഭ്യത ഉയർന്നതിനാൽ പല ദിവസങ്ങളിലും ഒന്നും രണ്ടും ലേലം വീതം നടക്കുന്നുണ്ട്. ഉത്തരേന്ത്യയിൽ നിന്നും ചുക്കിന് അന്വേഷണങ്ങളുണ്ടെങ്കിലും വില സ്റ്റെഡി. ടെർമിനൽ മാർക്കറ്റിൽ ലഭ്യത കുറവാണ്. കയറ്റുമതിക്കാരും ആഭ്യന്തര വാങ്ങലുകാരും രംഗത്തുണ്ട്. മീഡിയം ചുക്ക് 28,500 ലും ബെസ്റ്റ് ചുക്ക് 30,000 രൂപയിലുമാണ്. ജാതിക്ക, ജാതിപത്രി, ജാതി ഫഌവർ തുടങ്ങിയവയ്ക്ക് ആവശ്യക്കാരുണ്ടെങ്കിലും വില സ്റ്റെഡിയാണ്. ഉത്സവ വേളയായതിനാൽ നിരക്ക്  ഉയരുമെന്ന പ്രതീക്ഷയിലാണ് സ്റ്റോക്കിസ്റ്റുകൾ. 


റബറിനെ ബാധിച്ച മരവിപ്പ് വിട്ടുമാറിയില്ല. സംസ്ഥാനത്ത് റബർ ലഭ്യത കുറവാണെങ്കിലും കരുതലോടെയാണ് ടയർ ലോബി വിപണിയെ സമീപിക്കുന്നത്. പല ഭാഗങ്ങളിലും രാത്രി മഴ നിലനിന്നതിനാൽ പുലർച്ചെ റബർ വെട്ടിന് തടസ്സം നേരിട്ടു. ആർ എസ് എസ് നാലാം ഗ്രേഡ് റബർ 13,300 ലും അഞ്ചാം ഗ്രേഡ് 12,200-13,000 രൂപയിലും നിലകൊണ്ടു. കേരളത്തിൽ സ്വർണ വില ഉയർന്നു. ആഭരണ വിപണികളിൽ പവൻ 37,360 രൂപയിൽ നിന്ന് 37,800 രൂപയായി. ന്യൂയോർക്കിൽ ട്രോയ് ഔസൺസിന് 1929 ഡോളർ. 

Latest News