Sorry, you need to enable JavaScript to visit this website.

റിസർവ് ബാങ്ക് പ്രഖ്യാപനങ്ങൾ ഇന്ത്യൻ സമ്പദ്ഘടനയെ ഉത്തേജിപ്പിക്കുമോ?

റിപ്പോ നിരക്ക് മാറ്റമില്ലാതെ 4 ശതമാനത്തിൽ തന്നെ നിലനിർത്താൻ പുതുതായി രൂപീകരിക്കപ്പെട്ട  റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണ നയ സമിതി തീരുമാനിച്ചിരിക്കുന്നു. പലിശ നിരക്കുകൾ കുറയ്ക്കാതെ ഉദാരമായ പണ നയം എങ്ങനെ പ്രാവർത്തികമാക്കാം എന്നതിന്റെ  ഉദാഹരണമാണ് സമിതി ഒക്ടോബർ 9 ന് പ്രഖ്യാപിച്ച പണ നയം. വിലക്കയറ്റ നിരക്കു നിയന്ത്രിക്കാൻ ലക്ഷ്യം വെച്ചുകൊണ്ടു പ്രവർത്തിക്കുന്നതിനാൽ പണ നയ സമിതിക്ക് പലിശ നിരക്കു കുറയ്ക്കാൻ കഴിയുമായിരുന്നില്ല എന്നതാണ് യാഥാർഥ്യം. കഴിഞ്ഞ അഞ്ചു മാസം തുടർച്ചയായി വിലക്കയറ്റ നിരക്ക്  6 ശതമാന പരിധിക്കു മുകളിലാണ്. ആഭ്യന്തര സാമ്പത്തിക രംഗം ഏറ്റവും പ്രയാസകരമായ മാന്ദ്യത്തിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്നതിനാൽ ആവശ്യമുള്ള കാലത്തോളം പലിശ നിരക്കുകൾ വർധിപ്പിക്കാതെ റിസർവ് ബാങ്ക് ഉദാര നയം തുടരും.

 
പലിശ നിരക്കിൽ മാറ്റം വരുത്താതെ തന്നെ രാജ്യത്ത് വായ്പാ വളർച്ചയുണ്ടാക്കുന്നതിനും റിസ്‌കെടുക്കാനുള്ള ബാങ്കുകളുടെ വൈമുഖ്യം ഇല്ലാതാക്കുന്നതിനുമായി  റിസർവ് ബാങ്ക് ഗവർണർ മറ്റു പല പരിപാടികളും പ്രഖ്യാപിച്ചിട്ടുണ്ട്.  ഉദാര വ്യവസ്ഥയിൽ ദീർഘകാലത്തേക്ക് ഒരു ലക്ഷം കോടി രൂപ മൂല്യമുള്ള സഹായമാണ് നടപ്പാക്കുന്നത്. ഇതനുസരിച്ച് എത്തുന്ന പണം കോർപറേറ്റ് ബോണ്ടുകൾക്കും  വ്യാപാര രംഗത്ത് പ്രത്യേക മേഖലകളിൽ ഇറക്കുന്ന കടപ്പത്രങ്ങൾക്കുമാണ്  ഉപയോഗിക്കേണ്ടത്. എല്ലാ പുതിയ ഭവന വായ്പകളുടേയും റിസ്‌ക് കുറയ്ക്കുന്നതിന് റിസർവ് ബാങ്ക് അവയുടെ ഘടന യുക്തി ഭദ്രമാക്കിയിട്ടുണ്ട്.  കൂടുതൽ വായ്പകൾ നൽകാൻ  ഇതുപോലുള്ള  നടപടികൾ ബാങ്കുകളെ പ്രേരിപ്പിക്കുമോ എന്നതാണ് ഇനിയുള്ള ചോദ്യം. അതോ കിട്ടാക്കടങ്ങളെച്ചൊല്ലിയുള്ള ഭീതി തുടർന്നും ബാങ്കിംഗ് മേഖലയെ വേട്ടയാടുമോ എന്നത് കണ്ടറിയണം.


സർക്കാരുകൾക്ക് കൂടുതൽ വായ്പാ സൗകര്യം അനുവദിക്കുന്ന പദ്ധതിയും റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന് ചെലവുകൾക്കുള്ള മുൻകൂർ പണം 1.25 ലക്ഷം കോടി രൂപയായി ഉയർത്തി.  സംസ്ഥാന സർക്കാരുകൾക്കുള്ള ഇത്തരം മുൻകൂർ തുകയിൽ വരുത്തിയ 60 ശതമാനം വർധന 2021 മാർച്ച് 31 വരെ നീട്ടുകയും ചെയ്തു. സംസ്ഥാന സർക്കാരുകളുടെ വായ്പയെടുപ്പ് സുഗമമാക്കുന്നതിന് സംസ്ഥാന വികസന വായ്പകളിൽ  പ്രത്യേക പരിഗണന നൽകുമെന്നും ആർബിഐ പ്രഖ്യാപിച്ചു.


2021 സാമ്പത്തിക വർഷം ജിഡിപി വളർച്ചാ നിരക്ക് 9.5 ശതമാനം ചുരുങ്ങുമെന്നും ഇതേ വർഷം നാലാം പാദം മുതൽ വളർച്ച അനുകൂലമാകുമെന്നും ആർബിഐ കരുതുന്നു. രാജ്യത്തിന്റെ സാമ്പത്തിക മേഖല വീണ്ടെടുപ്പിന്റെ പാതയിലാണെന്നു ഇനിയും പറയാറായിട്ടില്ല. 2021 സാമ്പത്തിക വർഷം നാലാം പാദം മുതൽ നാണയപ്പെരുപ്പം ലക്ഷ്യത്തിനടുത്താവുമെന്നാണ് റിസർവ് ബാങ്കിന്റെ പ്രതീക്ഷ. പ്രാദേശിക ലോക്ഡൗണുകൾ കാരണം വിതരണ ശൃംഖലയിലുണ്ടായ തടസ്സമാണ് ഇപ്പോൾ വിലക്കയറ്റ നിരക്കു വർധിക്കാൻ കാരണം. ഇക്കാര്യത്തിൽ  സാധാരണ നില പുനഃസ്ഥാപിക്കപ്പെടുന്നതുവരെ സാമ്പത്തിക രംഗത്ത് വിലക്കയറ്റത്തിന്റെ സമ്മർദം നില നിൽക്കുക തന്നെ ചെയ്യും.

(സാമ്പത്തികകാര്യ വിദഗ്ധ, ജിയോജിത് ഫിനാൻഷ്യൽ സർവീസസ്)

Latest News