മുംബൈ- അപ്രതീക്ഷിത വൈദ്യുതി തടസ്സത്തിൽ മുംബൈ നിശ്ചലം. നഗരത്തിന്റെ മിക്ക പ്രദേശത്തും വൈദ്യുതി തടസ്സപ്പെട്ടിരിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. നഗരത്തിന്റെ ജീവനാഡിയായ ഇലക്ട്രിക് ട്രെയിനുകളുടെ സർവീസ് നിലച്ചു.ടാറ്റയുടെ ഇൻകമിങ് സപ്ലെ നിലച്ചതാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് (ബെസ്റ്റ്) ട്വീറ്റ് ചെയ്തു. നഗരവാസികൾക്കുണ്ടായ അസൗകര്യത്തിൽ ബെസ്റ്റ് ഖേദം പ്രകടിപ്പിച്ചു.മഹാനഗരത്തിലെ വൈദ്യുതി മുടക്കം സോഷ്യൽ മീഡിയയിൽ കത്തിപ്പടരുന്ന ചർച്ചയായി. എന്താണ് സംഭവിച്ചതെന്ന അന്വേഷണവുമായി പലരും സാമൂഹ്യ മാധ്യമങ്ങളിൽ എത്തി.കാവ്ലപദ്ഘെ പവർഹൗസിന്റെ സർക്യൂട്ട് രണ്ടിൽ ഉണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസ്സത്തിനു കാരണമെന്ന് മന്ത്രി നിതിൻ റാവത്ത് പറഞ്ഞു. ഒരു മണിക്കൂറിനകം സ്ഥിതിഗതികൾ സാധാരണ നിലയിലാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അറിയിച്ചു.