സ്‌കൂളുകളിൽ പഠനം ആരംഭിക്കാനായിട്ടില്ല- മുഖ്യമന്ത്രി

തിരുവനന്തപുരം- കോവിഡ് വ്യാപനം കൂടി വരുന്ന സാഹചര്യത്തിൽ ക്ലാസ് മുറികളിൽ പഠനം ആരംഭിക്കാൻ സമയമായിട്ടില്ലെന്നും കുറച്ചു കൂടി കാത്തിരിക്കേണ്ടി വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വിദ്യാലയങ്ങളിൽ നടപ്പിലാക്കിയ ഹൈടെക് സ്‌കൂളുകളുടെയും ഹൈടെക് ലാബ് പദ്ധതികളുടെയും ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മുഖ്യമന്ത്രി. ഏറ്റവും അനുയോജ്യമായ സമയത്ത് സ്‌കൂൾ പഠനം തുടങ്ങും. പക്ഷേ ഇപ്പോൾ സമയം ആയിട്ടില്ല. ക്ലാസ് റൂം പഠനത്തിനു പകരമല്ല ഓൺലൈൻ വിദ്യാഭ്യാസം. ഇതിനു നാം നിർബന്ധിതരായതാണ്. ക്ലാസുകൾ തുറക്കുന്നതുവരെ കുട്ടികളുടെ വിദ്യാഭ്യാസം നഷ്ടപ്പെടാതിരിക്കാനാണ് ഓൺലൈൻ വിദ്യാഭ്യാസം നടപ്പിലാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിദ്യാലയങ്ങൾ ഹൈടെക് ആകുന്നത് ഭാവി തലമുറയ്ക്കു വലിയ ഗുണം ചെയ്യും. പൊതുവിദ്യാലയങ്ങളെക്കുറിച്ചുള്ള ജനങ്ങളുടെ കാഴ്ചപ്പാടിൽ മാറ്റം വന്നു. സ്‌കൂളുകൾക്കു മനോഹരമായ കെട്ടിടങ്ങൾ ഉണ്ടായി. അക്കാദമിക് രീതിയിലും മാറ്റം വന്നു. ഗുണനിലവാരമുള്ള വിദ്യാഭ്യാസം എല്ലാവർക്കും ലഭിക്കാനാണ് സർക്കാർ ശ്രമിച്ചതെന്നും അതിനു ഫലമുണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

Latest News