ന്യൂയോർക്ക് സിറ്റിയിലെ സെന്റ് ജോർജ് ഫെറി സ്‌റ്റേഷനിൽ അടുക്കാറായപ്പോൾ ഇടതു വശത്തായി സ്റ്റാച്യൂ ഓഫ് ലിബർട്ടി കാണാൻ തുടങ്ങി. വലതു വശത്തായി ബ്രൂക്ലിൻ ബ്രിഡ്ജും കാണാൻ കഴിയും. മൻഹാട്ടനിലെ അംബരചുംബികളായ കെട്ടിടടങ്ങൾ മുൻ വശത്തായി തല ഉയർത്തി നിൽക്കുന്നു. ഞങ്ങൾ ഫെറിയിലെത്തി പുറത്തേക്കിറങ്ങി.
ഒരു വില്ലയിൽ രണ്ടു പേർക്ക് താമസിക്കാവുന്ന ഒരു മുറിയിലാണ് ഞാനും എന്റെ സുഹൃത്തും. ഇംഗ്ലീഷ് സിനിമകളിൽ കാണുന്നത് പോലെയുള്ള ചെറിയ ചെറിയ വില്ലകളാണ്. ഓരോ വില്ലകളിലും നാലോ അഞ്ചോ അതിഥികൾ ഉണ്ടെങ്കിലും മറ്റു മുറികളിൽ ആളുകൾ താമസിക്കുന്നുണ്ടെന്നു പോലും പറയാൻ കഴിയില്ല. അത്രക്ക് നിശ്ശബ്ദതയാണ് പരിസരമാകെ. യാത്രയുടെ ക്ഷീണവും കടുത്ത തണുപ്പും കാരണം കിടന്നതേ ഓർമ്മയുള്ളൂ, ഗാഢ നിദ്ര..... അതിരാവിലെ തന്നെ ഉറക്കത്തിൽ നിന്നും ഉണർന്നു. എല്ലാ അതിഥികൾക്കും വില്ലയിൽ ബ്രഡ്, ചീസ് എന്നിവ ഗൃഹനാഥ അടുക്കളയിൽ തന്നെ ഒരുക്കി വെച്ചിട്ടുണ്ട്. വില്ല ബുക്ക് ചെയ്യുമ്പോൾ തന്നെ ഉള്ള കരാറാണിത്. ചായ, കോഫി എന്നിവക്കുള്ള സജ്ജീകരണങ്ങളും തയ്യാറാണ്. വില്ലയിലെ പെരുമാറ്റ ചട്ടങ്ങളും വൈഫൈ പാസ്‌വേർഡും വീടിന്റെ പ്രധാന താക്കോൽ വരെ സൂക്ഷിച്ചിരിക്കുന്ന സ്ഥലം വരെ വിശദമായി ഒരു പേപ്പറിൽ ടൈപ്പ് ചെയ്തു അതാതു മുറികളിൽ ചുമരുകളിൽ തൂക്കിവെച്ചിട്ടുണ്ട്.
നഗരത്തിൽ നിന്നും മാറി വില്ലകൾ കൊണ്ട് തിങ്ങി നിറഞ്ഞ സറ്റാട്ടൻ ഐലന്റ് കേരളത്തെ പോലെ പ്രകൃതി രമണീയമാണ്. മനുഷ്യരെ പോലെ പ്രകൃതിയും ആവേശഭരിതരായി കഴിയുന്നു. കൺകുളിർക്കെ കാണാൻ എല്ലായിടത്തും പല വർണങ്ങളിലുള്ള പുഷ്പങ്ങൾ വിടർന്നു ശോഭിച്ചു നിൽക്കുന്നു.
ന്യൂയോർക്ക് സിറ്റിയിലേക്ക് തിരിക്കാൻ തോമസ് അച്ചായൻ വീടിനു പുറത്തു കാറുമായി എത്തിയിരിക്കുന്നു. ന്യൂയോർക്ക് സിറ്റി മൻഹാട്ടൻ, ബ്രൂക്ലിൻ, ബ്രോംഗ്‌സ്, ക്വീൻസ്, സ്റ്റാട്ടൻ ഐലന്റ് എന്നീ അഞ്ചു ബാരോകൾ കൂടി ചേർന്നവയാണ്. ഞങ്ങളുടെ താമസ സ്ഥലത്ത് നിന്നും 500 മീറ്റർ അകലെയാണ് സ്റ്റാട്ടൻ ഐലന്റിലെ ഫെറി പോർട്ട്. അവിടെ നിന്നും ഫെറിയിൽ വേണം ന്യൂയോർക്ക് സിറ്റിയിലെത്താൻ. ആയിരക്കണക്കിന് ആളുകളാണ് ഈ ഫെറിയിലൂടെ ന്യൂയോർക്കിലേക്ക് യാത്ര ചെയ്യുന്നത്. വിവിധ രാജ്യക്കാരായ ആളുകൾ രാവലെ മുതൽ തന്നെ യാത്ര തുടങ്ങും. വിവിധ ഓഫീസുകളിലും മറ്റും ജോലി ചെയ്യുന്നവർ, ടൂറിസ്റ്റുകൾ തുടങ്ങിയവർ ഈ ഫെറിയിലൂടെയാണ് ന്യൂയോർക്കിലേക്ക് തിരിക്കുന്നത്. റോഡ് വാഹനത്തിൽ പോകണമെങ്കിൽ ബ്രൂക്ലിൻ വഴി ചുറ്റിക്കറങ്ങി വേണം സിറ്റിയിലെത്താൻ. 20 മിനിറ്റ് കൊണ്ടെത്താവുന്ന ഈ ഫെറി യാത്ര മനോഹരമായ ഒരു അനുഭവമാണ് എനിക്ക് സമ്മാനിച്ചത്. ആയിരക്കണക്കിന് ആളുകൾക്ക് ഒരേ സമയം യാത്ര ചെയ്യാവുന്ന ഈ കടത്തു വള്ളത്തിനു ചുറ്റും തുറസ്സായ സ്ഥലങ്ങളുണ്ട്. മുൻ ഭാഗത്ത് നിന്നാൽ തന്നെ ന്യൂയോർക്ക് സിറ്റിയിലെ അംബരചുംബികളായ സൗധങ്ങൾ കാണാൻ കഴിയും. ഈ കടത്തു വള്ളത്തിലൂടെയുള്ള യാത്ര തികച്ചും സൗജന്യമാണ്. ന്യൂയോർക്ക് സിറ്റിയിലെ സെന്റ് ജോർജ് ഫെറി പോർട്ടിലാണ് എത്തിച്ചേരുക.
ന്യൂയോർക്ക് സിറ്റി ചുറ്റിക്കറങ്ങി കാണാനുള്ള ആഗ്രഹത്തിൽ ഞാനും സുഹൃത്ത് പോൾ വർഗീസും തയ്യാറായിക്കഴിഞ്ഞു. ആദ്യമായി ഒരു പരിചയവുമില്ലാത്ത സ്ഥലത്തേക്ക് ഞങ്ങളെ തനിച്ചു വിടുന്നതിൽ വിഷമം ഉള്ളതുകൊണ്ടാവാം തോമസ് അച്ചായൻ ഓഫീസിൽ നിന്നും ലീവ് എടുത്തു ഞങ്ങളുടെ കൂടെ കൂടി. തണുപ്പിനെ പ്രതിരോധിക്കുന്നതിനുള്ള വസ്ത്രങ്ങൾ എല്ലാം ധരിച്ചു. അദ്ദേഹത്തിന്റെ കാറിൽ തന്നെ ഫെറിപോർട്ടിൽ എത്തി. ഓരോ അര മണിക്കൂർ ഇടവിട്ട് ഫെറി സർവീസ് നടത്തുന്നുണ്ട്. കവാടത്തിനരികിൽ ഒരു വെളുത്ത സുമുഖനായ ചെറുപ്പക്കാരൻ വാദ്യോപകരണങ്ങളുമായി സംഗീതക്കച്ചേരി നടത്തുന്നു. ചുറ്റും ആളുകൾ കൂടി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നു. മുന്നിൽ വിരിച്ചിരിക്കുന്ന പേപ്പർ ഷീറ്റിലേക്ക് ഡോളറുകൾ നൽകി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. നമ്മുടെ നാട്ടിലെ തീവണ്ടി ഓഫീസിലും ബസ് സ്റ്റാന്റിലും കാണുന്ന പാട്ട് പാടി യാചന നടത്തുന്ന അതേ ഏർപ്പാട് തന്നെ. സുന്ദരികളും സുന്ദരന്മാരുമായ സായിപ്പന്മാർ ഫെറിയിലേക്ക് കേറാൻ മുഖ്യ കവാടത്തിനരികിലേക്ക് നീങ്ങി വരുന്നു. ഇടക്കൊക്കെ ഇന്ത്യക്കാരടക്കമുള്ള വിദേശി യാത്രക്കാരുമുണ്ട്. ഒരു ബഹളവുമില്ലാതെ, തള്ളലോ ചീത്ത വിളിയോ ഇല്ലാതെ പരസ്പരം ബഹുമാനിച്ച് നീങ്ങുന്ന ഒരു വലിയ ജനാവലി. ഇവിടെയാണ് സാമൂഹ്യ പ്രതിബദ്ധതയും സംസ്‌കാരത്തിന്റെ ഏറ്റക്കുറച്ചിലുകളും നമുക്ക് മനസ്സിലാകുക. നമ്മുടെ നാട്ടിലാണെങ്കിൽ പരസ്പരം തള്ളിമാറ്റി ചീത്ത വിളിയോടെ തലക്കു മീതെ പറന്നുയരും. എല്ലാവരും മുന്നോട്ടു ഒറ്റ ദിശയിലേക്കു നീങ്ങിത്തുടങ്ങിയപ്പോൾ ഒരത്ഭുത ലോകം കണ്ട രൂപേണ ഞാൻ ചുറ്റുപാടും വീക്ഷിച്ചാണ് നടന്നു നീങ്ങുന്നത്. എന്റെ വലതു വശത്ത് രണ്ടു യുവ മിഥുനങ്ങൾ പരസ്പരം ആലിംഗനം നടത്തിയും ചുംബിച്ചും നടന്നു നീങ്ങുന്നു. എൻെറ മുന്നിലായി ഏഴടി പൊക്കമുള്ള മൂന്നു വെളുത്ത സുന്ദരികൾ നടന്നു നീങ്ങുന്നു. ഇത്രയും തണുത്ത കാലാവസ്ഥയിലും അൽപ വസ്ത്ര ധാരികളായ അവർ യാതൊരു സങ്കോചവുമില്ലാതെ നടക്കുന്നു. നൂറു കൂട്ടർ, നൂറു തരക്കാർ,
ഞങ്ങൾ ഫെറിയിലേക്ക് കയറിപ്പറ്റി. ഹൗസ് ഫുൾ. സീറ്റിൽ ഇരിക്കുന്നതിനോട് ആർക്കും താൽപര്യമില്ല. ഫെറിയുടെ കൈവരികൾ പിടിച്ചു നാലുപാടും നിന്ന് സമുദ്രത്തെ കാണാൻ ഓരോ യാത്രക്കാരനും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. സ്ഥിരം യാത്രക്കാരും പ്രായമായവരും മാത്രമാണ് സീറ്റുകളിൽ ഇരിക്കുന്നത്.
അത്‌ലാന്റിക് സമുദ്രത്തിൽ നിന്നും മാറി സറ്റാട്ടൻ ഐലന്റിനും മൻഹാട്ടനും ഇടയിൽ കടലിടുക്ക് തീർത്തും തിര കുറഞ്ഞ ഒരു തടാകം പോലെയാണ്. കടലിനെ പോലെ തിരമാലകൾ ആഞ്ഞടിക്കുന്നില്ലെങ്കിലും അരുണ കിരണങ്ങൾ തട്ടി ഓളങ്ങൾ വെട്ടിത്തിളങ്ങിക്കൊണ്ടിരിക്കുന്നത് കാണുന്നത് ഏറെ ഭംഗിയായി തോന്നി. മുമ്പേ പോയ കപ്പൽ ചാൽ ജലത്തിന് കുറുകെ ഒരു മരതകപ്പാത നിർമ്മിച്ചിട്ടുണ്ട്. അത് ചെറു തിരകൾക്കു എളുപ്പം മായ്ക്കാനാവുന്നില്ല. ഞാനും എന്റെ സുഹൃത്തും ഫെറിയുടെ മുൻഭാഗത്ത് നിലയുറപ്പിച്ചു. ഇടതു വശവും വലതു വശവും മുൻ ഭാഗവും വളരെ വ്യക്തമായി കാണാൻ കഴിയുന്നുണ്ട്. പക്ഷേ തണുത്ത കാറ്റ് സൂചി കുത്തുന്നത് പോലെ വന്നു കയറുന്നുണ്ട്. സൂര്യൻ ഉദിച്ചുയർന്നു ഏതാണ്ട് ഉച്ചസ്ഥായിയിൽ എത്തിയിട്ടുണ്ടെങ്കിലും തണുപ്പിനു ശമനം കുറഞ്ഞു വരുന്നതേയുള്ളൂ.
ന്യൂയോർക്ക് സിറ്റിയിലെ സെന്റ് ജോർജ് ഫെറി സ്‌റ്റേഷനിൽ അടുക്കാറായപ്പോൾ ഇടതു വശത്തായി സ്റ്റാച്യൂ ഓഫ് ലിബർട്ടി കാണാൻ തുടങ്ങി. വലതു വശത്തായി ബ്രൂക്ലിൻ ബ്രിഡ്ജും കാണാൻ കഴിയും. മൻഹാട്ടനിലെ അംബരചുംബികളായ കെട്ടിടടങ്ങൾ മുൻ വശത്തായി തല ഉയർത്തി നിൽക്കുന്നു. ഞങ്ങൾ ഫെറിയിലെത്തി പുറത്തേക്കിറങ്ങി.