ഏറെക്കാലത്തെ ഒരാഗ്രഹമായിരുന്നു അമേരിക്കൻ സന്ദർശനം. രണ്ടു കാരണങ്ങളിതിനുണ്ട്. ഞാൻ എന്റെ പ്രസംഗത്തിൽ എപ്പോഴും ഉപയോഗിക്കുന്ന ഒന്നായിരുന്നു അമേരിക്കൻ സാമ്രാജ്യത്വത്തിനെതിരെയുള്ള പരാമർശങ്ങൾ. മറ്റൊന്ന് മുമ്പ് അമേരിക്ക സന്ദർശിച്ചുള്ളവർ നമ്മുടെ മുമ്പിൽ ഇരുന്നു വിടുന്ന ഗീർവാണങ്ങൾ. ജീവിക്കുകയാണെങ്കിൽ അമേരിക്കയിൽ ജീവിക്കണം എന്നത് കൂടി അവർ പറയുമ്പോൾ എങ്ങനെയെങ്കിലും ഒരു സന്ദർശനം നടത്തിയേ പറ്റൂ എന്ന് തീരുമാനിക്കുകയായിരുന്നു. ആഗോളവൽക്കരണവും സാമ്രാജ്യത്വ അധിനിവേശവും പ്രസംഗത്തിൽ മാത്രം പോരല്ലോ. അതിന്റെ നേരറിവ് തേടിയുള്ള ഒരു യാത്ര കൂടിയായിരുന്നു യു.എസിലേക്ക്. ഇങ്ങനെയിരിക്കേ ന്യൂയോർക്കിൽ കോൺഫറൻസ് നടക്കുന്നതിന്റെ ക്ഷണം ലഭിച്ചതോടെ അതിൽ പങ്കെടുക്കുന്നതിന് വിസക്ക് അപേക്ഷ നൽകി. പത്തു വർഷത്തേക്കുള്ള മൾട്ടിപ്പിൾ വിസ ദഹ്‌റാനിലെ അമേരിക്കൻ കോൺസലിൽ നിന്നും ലഭിച്ചു.അമേരിക്ക സന്ദർശിക്കുവാനും അമേരിക്കൻ അനുഭവങ്ങളുടെ രുചി നുകരുവാനും ഒരിക്കലും സാധിക്കില്ലെന്ന് കരുതുന്നവരെ ഉദ്ദേശിച്ചാണിതെഴുതുന്നത്.
അമേരിക്കയുടെ ചരിത്രത്തെ പരാമർശിക്കാതെ എങ്ങനെയാണ് യാത്രാവിവരണം നടത്തുക? എ.ഡി 1492 ൽ ക്രിസ്റ്റഫർ കൊളംബസ് ഇന്ത്യയെ കണ്ടെത്തുന്നതിന് യൂറോപ്പിൽ നിന്നും അത്‌ലാന്റിക് സമുദ്രം വഴി പടിഞ്ഞാറോട്ട് കപ്പലിൽ യാത്ര തിരിച്ചു. ദീർഘ യാത്രക്ക് ശേഷം അമേരിക്കയുടെ കിഴക്കേ തീരത്തുള്ള ബഹാമാഡ ദ്വീപുകളിൽ എത്തിച്ചേർന്നു. പിന്നീട് അദ്ദേഹം നടത്തിയ മറ്റു മൂന്നു യാത്രയോട് കൂടി കരീബിയൻ കടലിലെ ചില ദ്വീപുകളും തെക്കേ അമേരിക്കയുടെ വടക്കേ തീരവും കണ്ടുപിടിച്ചു. കൊളംബസ് തന്റെ മരണം വരെയും വിശ്വസിച്ചിരുന്നത് ഇന്ത്യയാണ് താൻ കണ്ടെത്തിയതെന്നായിരുന്നു. കൊളംബസ് എത്തിച്ചേർന്നത് ഇന്ത്യയിലല്ലെന്നു മനസ്സിലാക്കിയത് ഫ്‌ളോറൻസിലെ നാവികനായ അമേരിഗോ വെസ്പുചിയാണ്. ജർമ്മൻ ഭൂപട നിർമ്മാതാവായ വാൾഡ സീ മുള്ളറാണ് ഈ പുതിയ ലോകത്തിന് അമേരിക്ക എന്ന് നാമകരണം ചെയ്തത്. പതിനാറാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തന്നെ അമേരിക്കയിലേക്ക് സ്പാനിഷ് കുടിയേറ്റം ആരംഭിച്ചു. മധ്യ, തെക്കേ അമേരിക്കയിൽ അവർ ആധിപത്യം ഉറപ്പിക്കുകയും ചെയ്തു. ഇന്ന് യു.എസ്.എയിൽ ഉൾപ്പെടുന്ന അരിസോണ, കാലിഫോർണിയ, ഫ്‌ളോറിഡ തുടങ്ങിയ പല സംസ്ഥാനങ്ങളും സ്പാനിഷ് അധീനതയിൽ ആയിരുന്നു. ഈ സമയം ഇംഗ്ലീഷുകാർ അമേരിക്കയിലേക്ക് കുടിയേറാൻ മടിച്ചിരുന്നതായി ചരിത്ര രേഖകൾ വ്യക്തമാക്കുന്നു. 1588 ൽ സ്പാനിഷ് നാവികപ്പടയെ പരാജയപ്പെടുത്തിയ ശേഷം ഇംഗ്ലീഷുകാരും പുതിയ ലോകത്തേക്ക് കുടിയേറാൻ തുടങ്ങി. ഇംഗ്ലണ്ടിലെ പ്രമാണി വർഗം ചേർന്ന് രൂപീകരിച്ച ലണ്ടൻ കമ്പനിക്ക് 1606 ൽ ഇംഗ്ലീഷ് രാജാവ് ജെയിംസ് ഒന്നാമൻ അമേരിക്കയിൽ കോളനികൾ സ്ഥാപിക്കാനുള്ള അധികാര പത്രം നൽകി. 1607 മുതൽ 1733 വരെയുള്ള കാലയളവിൽ സാഹസികരായ ഇംഗ്ലീഷ് കുടിയേറ്റക്കാർ വടക്കേ അമേരിക്കയിൽ അത്‌ലാന്റിക് തീരത്തായി വെർജീനിയ, ഡിലവേർ, പെൻസിൽവാനിയ, ന്യൂ ജേഴ്‌സി, കണക്ടിക്കട്ട്, മാസച്ചുസെറ്റ്‌സ്, സൗത്ത് കരോലിന, നോർത്ത് കരോലിന, മേരി ലാൻഡ്, ന്യൂ ഹാംഷെയർ, ന്യൂ യോർക്ക്, റോസ് ഐലാൻഡ്, ജോർജിയ തുടങ്ങി 13 കോളനികൾ സ്ഥാപിച്ചു. അമേരിക്കയിലെ ആദ്യ കുടിയേറ്റം വളരെ ക്ലേശകരമായിരുന്നു. ആദ്യമൊക്കെ ആദിവാസി സമൂഹത്തോടും പ്രതികൂല കാലാവസ്ഥയോടും രോഗങ്ങളോടും പൊരുതി പലരും മരണമടഞ്ഞു. പിന്നീട് സ്ഥിതിഗതികൾ മാറി മറിഞ്ഞു. കഠിനാധ്വാനത്തിലൂടെ കൃഷിയിടങ്ങളിൽ സമ്പൽസമൃദ്ധി വർധിച്ചു. കുടിയേറ്റക്കാരും ജനസംഖ്യയും വർധിച്ചു. കൃഷിയിടങ്ങളിൽ ജോലി ചെയ്യുന്നതിന് ആഫ്രിക്കയിൽ നിന്നും അടിമകളെ ഇറക്കുമതി ചെയ്തു. ഈ സമയം കോളനികൾ എല്ലാം ഇംഗ്ലണ്ടിലെ രാജാവിന്റെ പൂർണ നിയന്ത്രണത്തിൽ ആയിരുന്നു. കൃഷിയെ മാത്രം ആശ്രയിച്ചിരുന്ന കോളനിവാസികൾ ഗോതമ്പും പരുത്തിയും പഴ വർഗങ്ങളും പച്ചക്കറികളും ധാരാളമായി കൃഷി ചെയ്തു. കാലി വളർത്തലിലൂടെയും കോഴി വളർത്തലിലൂടെയും ധാരാളം പാലും ഇറച്ചിയും മുട്ടയും ലഭിച്ചു തുടങ്ങി. പുകയില കൃഷിയിൽ കൂടുതൽ നേട്ടം കൈവരിച്ചതോടെ മിച്ചമുള്ളവയെല്ലാം ഇംഗ്ലണ്ടിലേക്കും വെസ്റ്റ് ഇൻഡീസിലേക്കും കയറ്റി അയച്ചു കോളനിക്കാർ സാമ്പത്തിക പുരോഗതി കൈവരിച്ചു. വെസ്റ്റ് ഇൻഡീസിൽ നിന്നും ഇറക്കുമതി ചെയ്ത ശർക്കര പാവ് വാറ്റി റം ഉത്പാദിപ്പിച്ചു. സ്വന്തമാവശ്യത്തിനും വ്യാപാരത്തിനും ഇത് ഉപയോഗിച്ച് തുടങ്ങിയതോടെ കോളനിക്കാരുടെ സാമ്പത്തിക പുരോഗതിയിൽ ബ്രിട്ടീഷ് പ്രമാണിമാർക്ക് നീരസമായി.
ഇംഗ്ലണ്ടിലെ കൊളോണിയൽ നയത്തിന് നേരിട്ട പരാജയമാണ് അമേരിക്കൻ വിപ്ലവം അഥവാ അമേരിക്കൻ സ്വാതന്ത്ര്യ സമരം എന്ന് പറയുന്നതിൽ തെറ്റില്ല. ലണ്ടനിലെ ഭരണ വർഗത്തിന്റെ കർശനമായ നിയന്ത്രണം അമേരിക്കൻ കോളനികളെ ഒരു ജീവൻമരണ പോരാട്ടത്തിന്റെ വക്കിലെത്തിച്ചു. അതിന്റെ ഫലമായിരുന്നു അമേരിക്കൻ ഐക്യ നാടുകളുടെ ഉത്ഭവം. കോളനികൾ ഏതെല്ലാം സാധനങ്ങൾ ഉൽപാദനം നടത്തണമെന്ന് നിർദേശിച്ചു. കൂടാതെ ഇംഗ്ലീഷ് നിർമ്മിത സാധനങ്ങൾക്ക് കമ്പോളമൊരുക്കുക മാത്രമേ കോളനി നിവാസികൾ ചെയ്യാവൂ എന്ന് ബ്രിട്ടീഷ് ഭരണകൂടം അനുശാസിച്ചു. കോളനികളുടെ സാമ്പത്തിക വ്യാപാരത്തെ നിയന്ത്രിച്ച് ബ്രിട്ടീഷ് ഗവണ്മെന്റ് പലപ്പോഴായി ചില വ്യാപാര നാവിക നിയമങ്ങൾ കൂടി പാസാക്കി. ഇംഗ്ലണ്ട് ഫ്രാൻസും വിരുദ്ധ ചേരികളിൽ നടത്തിയ സപ്തവത്സര യുദ്ധം (1756-65) അമേരിക്കൻ കോളനികൾക്ക് വേണ്ടിയായിരുന്നെന്നും അതിനാൽ യുദ്ധച്ചെലവിന്റെ ഒരു ഭാഗം കോളനികൾ വഹിക്കണമെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ഗ്രെൻവിൽ ആവശ്യപ്പെട്ടു. ഇതനുസരിക്കാൻ കോളനിക്കാർ തയ്യാറായില്ല. അമേരിക്കൻ കോളനികളിൽ നിലനിറുത്തിയിരുന്ന ഇംഗ്ലീഷ് സൈന്യത്തിന്റെ ചെലവിലേക്കായി ഗ്രെൻവിൽ ഏർപ്പെടുത്തിയ മറ്റൊരു നികുതിയായ 1765 ലെ സ്റ്റാമ്പ് ആക്ട്, കോളനികളുടെ മേലുള്ള പരമാധികാരത്തെ ആവർത്തിച്ചു പ്രഖ്യാപിക്കുന്ന ഡിക്ലറെറ്റിവ് ആക്ട് ബ്രിട്ടീഷ് ഗവണ്മെന്റ് പാസാക്കിയതോടെ ഇത് കോളനി നിവാസികളെ കൂടുതൽ ക്ഷുഭിതരാക്കി.
1773 ൽ തേയിലയുമായി ബോസ്റ്റൺ തുറമുഖത്ത് എത്തിച്ചേർന്ന ഇംഗ്ലീഷ് കപ്പലിൽ ലിബർട്ടി സംഘടനയിൽ പെട്ട ഒരു പറ്റം ആളുകൾ വേഷം മാറി പ്രവേശിച്ചു. കപ്പലിൽ ഉണ്ടായിരുന്ന തേയിലപ്പെട്ടികൾ കടലിലെറിഞ്ഞു. ഈ സംഭവമാണ് ബോസ്റ്റൺ ടി പാർട്ടി എന്ന പേരിൽ അറിയപ്പെടുന്നത്. ഇത് തികഞ്ഞ ധിക്കാരമായി കണ്ട ബ്രിട്ടീഷ് ഗവണ്മെന്റ് 1774 ൽ ഏതാനും കരിനിയമങ്ങൾ കൂടി പാസാക്കി. ബോസ്റ്റൺ തുറമുഖം അടച്ചു പൂട്ടുക കൂടി ചെയ്തപ്പോൾ ഇംഗ്ലണ്ട്, അമേരിക്കൻ കോളനികളും യോജിപ്പിലെത്താനുള്ള പഴുതുകൾ അടഞ്ഞു. ഇതിനെ തുടർന്ന് കോളനികളുടെ പ്രതിനിധികൾ ഫിലാഡെൽഫിയായിൽ സമ്മേളിച്ചു ഭാവി പരിപാടികൾ ചർച്ച ചെയ്യുകയും ഇംഗ്ലണ്ടിൽ നിന്നും പൂർണ്ണ സ്വാതന്ത്ര്യം നേടിയെടുക്കാനും തീരുമാനിച്ചു. 1775 ൽ് സമ്മേളിച്ച രണ്ടാം കോണ്ടിനെന്റൽ കോൺഗ്രസിൽ ജോർജ് വാഷിംഗ്ടൺ കോളനി സൈന്യത്തിന്റെ കമണ്ടറായി നിയമിച്ചു. 1776 ജൂലൈ നാലിന് ഐതിഹാസികമായ സ്വാതന്ത്ര്യ പ്രഖ്യാപനം ഉണ്ടായി. എല്ലാ വർഷവും ജൂലൈ നാലിന് അമേരിക്കയിൽ സ്വാതന്ത്ര്യ ദിനം അതിവിപുലമായി ആഘോഷിച്ചു വരുന്നു. (തുടരും)