വാഷിംഗ്ടണ്‍- പ്രസിഡന്റ് ഡോണള്‍ഡ് ട്രംപില്‍നിന്ന് കൊറോണ വൈറസ് പകരാനുള്ള സാധ്യത ഇല്ലെന്ന് അദ്ദേഹത്തിന്റെ ഡോക്ടര്‍ അറിയിച്ചു.
രോഗം പടരുന്നത് തടയാനുള്ള മാനദണ്ഡങ്ങള്‍ ട്രംപ് പാലിക്കുന്നുണ്ടെന്നും നിലവില്‍ അംഗീകരിക്കപ്പെട്ട മാനദണ്ഡങ്ങള്‍ അനുസരിച്ച് അദ്ദേഹത്തില്‍നിന്ന് രോഗം പകരില്ലെന്നും ഡോ. സീന്‍ കോണ്‍ലി പത്രക്കുറിപ്പില്‍ പറഞ്ഞു.
കൊറോണ വൈറസിന് ചികിത്സ തേടിയ ശേഷം വൈറ്റ് ഹൗസില്‍ മടങ്ങി എത്തിയ ട്രംപ്
അനുയായികളെ അഭിസംബോധന ചെയ്തതിനു പിന്നാലെയാണ് ഡോക്ടറുടെ വിശദീകരണം.
വൈറ്റ് ഹൗസിലെ ബാല്‍ക്കണിയില്‍ നിന്ന് നിയമപാലകര്‍ക്ക് നല്കുന്ന പിന്തുണയെ കുറിച്ച് ട്രംപ് നടത്തിയ പ്രസംഗം കേള്‍ക്കാന്‍ നൂറുകണക്കിന് ആളുകളാണ് സൗത്ത് ലോണില്‍ തടിച്ചുകൂടിയിരുന്നത്.
താഴെ പുല്‍ത്തകിടിയില്‍ അണിനിരന്ന ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനായി ബാല്‍ക്കണിയില്‍ ഇറങ്ങിയ ഉടന്‍ ട്രംപ് മാസ്ക് അഴിച്ചുമാറ്റിയിരുന്നു. തെരഞ്ഞെടുപ്പിന് മൂന്നാഴ്ച മാത്രം ബാക്കിനില്‍ക്കെ, കോവിഡ് ബാധിച്ചതിനുശേഷമുള്ള പ്രസിഡന്റിന്റെ ആദ്യ പൊതു പ്രഭാഷണമായിരുന്നു ഇത്.
സ്വന്തം സര്‍ക്കാറിന്റെ സുരക്ഷാ ശുപാര്‍ശകള്‍ മറികടന്നുകൊണ്ടാണ് ട്രംപിന്റെ മാസ്ക് ഉപേക്ഷിച്ചതടക്കമുള്ള നടപടി. അസുഖം ബാധിച്ചത് കോവിഡിനെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ അവസരം നല്‍കിയെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു.
ഔദ്യോഗിക പരിപാടി ആയിരുന്നെങ്കിലും ട്രംപ് നയപരമായ നിര്‍ദ്ദേശങ്ങളൊന്നും നല്‍കിയില്ല. പകരം ഡെമോക്രാറ്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരായ പതിവ് ആക്രമണങ്ങള്‍ ആവര്‍ത്തിച്ചു. നിയമപാലനത്തേയും നിയമപാലകരേയും പ്രകീര്‍ത്തിച്ച പരിപായില്‍ പങ്കെടുത്ത നൂറുകണക്കിന് ആളുകളില്‍ ഭൂരിഭാഗവും മാസ്ക് ധരിച്ചിരുന്നു. കുറച്ചുപേര്‍ സാമൂഹിക അകലവും പാലിച്ചിരുന്നു.
തനിക്ക് ഇപ്പോള്‍ വലിയ സന്തോഷം തോന്നുന്നുവെന്നും സുഖം പ്രാപിക്കാനായി എല്ലാവരും നടത്തിയ ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും നന്ദി പറയുന്നുവെന്നും ട്രംപ് പറഞ്ഞു. 2,10,000ത്തിലധികം അമേരിക്കക്കാരുടെ ജീവനെടുത്ത കോവിഡ് മഹാമാരി അപ്രത്യക്ഷമാവുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.