Sorry, you need to enable JavaScript to visit this website.

ഫേസ്ബുക്ക് സവാളയെ ബ്ലോക്കി, കാരണം ഭയങ്കര 'സെക്‌സി'

ഒട്ടാവ-സവാളയുടെ ചിത്രങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ഫേസ്ബുക്ക്. കനേഡിയന്‍ വിത്ത് കമ്പനിയുടെ പുതിയ പരസ്യമാണ് ഇപ്പോള്‍ ഫേസ്ബുക്ക് നിരോധിച്ചിരിക്കുന്നത്. ഫേസ്ബുക്ക് അല്‍ഗോരിതം 'അമിതമായ ലൈംഗികത'യുള്ള ചിത്രമായാണ് സവാളയെ പരിഗണിച്ചത്. അതാണ് വിലക്ക് വീഴാന്‍ കാരണമായതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഫേസ്ബുക്കിന്റെ നടപടിയില്‍ ആദ്യം അമ്പരന്നുപോയെന്ന് ഗെയ്‌സ് വിത്ത് കമ്പനി മാനേജര്‍ ആയ ജാക്‌സണ്‍ മക് ലീന്‍ പറഞ്ഞു. സവാളയെ സ്തനങ്ങളായി തെറ്റിദ്ധരിക്കണമെങ്കില്‍ അത്രയും ഭാവനാസമ്പന്നനായിരിക്കണം ഫേസ്ബുക്ക് എന്നാണ് മക് ലീന്‍ പറയുന്നത്. സവാളയുടെ ചിത്രം സ്തനങ്ങളുടെ ചിത്രമായി ഫേസ്ബുക്ക് തെറ്റിദ്ധരിച്ചതാകാം ഇത്തരത്തിലൊരു വിലക്ക് വീഴാന്‍ കാരണമെന്നാണ് ഇപ്പോള്‍ സംശയിക്കുന്നത്. ഫേസ്ബുക്കിന്റെ ഓട്ടോമാറ്റിക് അല്‍ഗോരിതത്തിന് വന്ന പിഴവ് മൂലമാണ് സവാളയെ സവാളയായി തിരിച്ചറിയാന്‍ ഫേസ്ബുക്കിന് കഴിയാതിരുന്നതെന്നാണ് കരുതുന്നത്.
ഏതായാലും ഒരു 'സവാള'യെ കരയിക്കുന്ന രീതിയില്‍ പെരുമാറിയ സംഭവത്തില്‍ വിശദീകരണവുമായി ഫേസ്ബുക്ക് രംഗത്തെത്തിയിട്ടുണ്ട്. ആപ്പില്‍ നഗ്‌നദൃശ്യങ്ങള്‍ ഒഴിവാക്കാനായി ഓട്ടോമേറ്റഡ് ടെക്‌നോളജിയാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടു തന്നെ രൂപം കൊണ്ട് സവാളയെ തിരിച്ചറിയുന്നതില്‍ സംഭവിച്ച പിഴവാകാം ഇത്തരമൊരു 'തെറ്റിദ്ധാരണ'യിലേക്ക് ഫേസ്ബുക്കിനെ നയിച്ചത്. ചിത്രത്തിലെ സവാളയെ വേര്‍തിരിച്ചറിയാന്‍ തടസം നേരിട്ടിട്ടുണ്ടാകാമെന്ന് ഫേസ്ബുക്ക് കാനഡ മേധാവിയും പ്രതികരിച്ചു.
അതേസമയം, വിവാദമായ ചിത്രത്തിന്റെ സ്‌ക്രീന്‍ഷോട്ട് മക് ലീന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചു. 'ഫേസ്ബുക്ക് പറയുന്നത് ഈ ചിത്രത്തില്‍ അമിത ലൈംഗികത ഉണ്ടെന്നാണ്, നിങ്ങള്‍ക്ക് എന്തെങ്കിലും കാണാന്‍ കഴിയുന്നുണ്ടോയെന്നും' മക് ലീന്‍ ചോദിച്ചു. ഏതായാലും വിചിത്രമായ നിരോധനത്തെക്കുറിച്ച് അവലോകനം നടത്താന്‍ അദ്ദേഹം ഫേസ്ബുക്കിനോട് ആവശ്യപ്പെടുകയും ചെയ്തു. പ്രാദേശിക മാധ്യമങ്ങളും രംഗത്തു വന്നതോടെ തെറ്റ് പറ്റിയെന്ന് ഫേസ്ബുക്ക് സമ്മതിച്ചു

Latest News