ബ്രസീലിന്റെ മുൻ ഗോൾകീപ്പർ ടഫറേലുമായി ഫിഫ നടത്തിയ അഭിമുഖത്തിന്റെ രണ്ടാം ഭാഗം. മൂന്ന് ലോകകപ്പുകളെക്കുറിച്ചും ആ ലോകകപ്പുകളിലെ
വ്യത്യസ്തമായ കഥാപാത്രങ്ങളെക്കുറിച്ചും ടഫറേൽ മനസ്സ് തുറക്കുന്നു..
ചോ: 1989 ലെ കോപ അമേരിക്കക്ക് ബ്രസീൽ ഒരുങ്ങിയത് 40 വർഷമായി ടൂർണമെന്റിൽ ചാമ്പ്യന്മാരായിട്ടില്ലെന്ന നാണക്കേടിന്റെ റെക്കോർഡുമായാണ്?
ടഫറേൽ: വലിയ വിമർശനം നേരിടുകയായിരുന്നു അപ്പോൾ ബ്രസീൽ ടീം. ബ്രസീലിന് കളിക്കുമ്പോൾ അങ്ങനെയാണ്. ഇരട്ടിയാണ് ആവശ്യം. ബ്രസീൽ ആരാധകർ വല്ലാതെ പ്രതീക്ഷിക്കുന്നു, മൂർച്ചയേറിയതാണ് അവരുടെ വിമർശനം. കളി ജയിച്ചാൽ മാത്രം പോരാ, ആകർഷകമായി ജയിക്കണം. ചിലപ്പോൾ അത് സാധ്യമായെന്നു വരില്ല. അതിനാൽ വലിയ പിരിമുറുക്കമാണ്. ഒരുപാട് പ്രയാസപ്പെട്ടിട്ടാണെങ്കിലും 1989 ൽ ഞങ്ങൾ ജയിച്ചു. വല്ലാത്ത മധുരമുള്ള ജയം. നാൽപത് വർഷത്തോളം മികച്ച കളിക്കാർക്ക് സാധിക്കാതിരുന്ന നേട്ടം. 1982 ലെ ബ്രസീൽ ടീമിനെ നോക്കൂ, അമ്പരപ്പിക്കുന്ന കളിക്കാരായിരുന്നു ടീമിൽ. ചിലപ്പോൾ അതും പോരെന്നു വരും.
ചോ: ബെബെറ്റോയും റൊമാരിയോയും സ്വരച്ചേർച്ചയിലായിരുന്നില്ല അക്കാലത്ത്?
ടഫറേൽ: ഞാനും റൊമാരിയോയും ഒരേ പ്രായക്കാരും ഒരേ കാലത്ത് കളിച്ചവരുമാണ്. ബെബെറ്റൊ തൊട്ടുമുന്നിലെ പ്രായ ഗ്രൂപ്പാണ്. ഡുംഗ, ജോർജിഞ്ഞൊ എന്നിവർക്കൊപ്പം. ടീമിലെത്താൻ വലിയ പിടിവലിയായിരുന്നു, ടീമിലെത്തിക്കഴിഞ്ഞാൽ പ്ലേയിംഗ് ഇലവനിലെത്താനും. റൊമാരിയോയും ബെബെറ്റോയും തീർത്തും ഭിന്നമായ സ്വഭാവക്കാരാണ്, വ്യത്യസ്തമാണ് അവരുടെ ശൈലി. റൊമാരിയോ ഒറ്റയാനാണ്, ബെബെറ്റോക്ക് മറ്റുള്ളവരുമായി ചേർന്ന് കളിക്കണം. അപ്പോൾ ഉരസൽ സ്വാഭാവികം. പൊടുന്നനെയാണ് കോപ അമേരിക്കയിൽ ബ്രസീലിന്റെ ആക്രമണം നയിക്കാൻ ഇരുവരും നിയോഗിക്കപ്പെടുന്നത്. പരസ്പരധാരണയിലെത്താതെ വഴിയില്ലാതായി. അതും എത്രയും പെട്ടെന്ന്. കളിക്കളത്തിൽ അവർ വലിയ ഹിറ്റായി, പുറത്ത് അടുത്ത സുഹൃത്തുക്കളും. ചരിത്രത്തിലെ തന്നെ മികച്ച സ്ട്രൈക്കർ ജോഡിയായി.
ചോ: 1990 ലെ ഇറ്റലി ലോകകപ്പിനു ശേഷം ബ്രസീൽ വല്ലാതെ വിമർശിക്കപ്പെട്ടു. പക്ഷെ ആദ്യ മൂന്നു കളികളും ബ്രസീൽ ജയിച്ചിരുന്നു. അർജന്റീനക്കെതിരായ പ്രി ക്വാർട്ടറിൽ മേധാവിത്തം നേടിയിരുന്നു?
ടഫറേൽ: അന്ന് ടീമിലുണ്ടായിരുന്ന എല്ലാവരും ദുഃഖിതരായിരുന്നു. ടീമെന്ന നിലയിലും പ്ലേയിംഗ് ഇലവനെന്ന നിലയിലും ആ ലോകകപ്പിലെ മികച്ച നിരയായിരുന്നു ബ്രസീൽ. റിസർവ് ബെഞ്ചിൽ പോലും ഒന്നാന്തരം കളിക്കാരുണ്ടായിരുന്നു. കരേക്കയും മുള്ളറുമാണ് ആക്രമണം നയിച്ചത്. റെനാറ്റോയും റൊമാരിയോയും ബെബെറ്റോയുമൊക്കെ റിസർവ് ബെഞ്ചിലായിരുന്നു. റിസർവ് ബെഞ്ചിൽ അത്ര മികച്ച സ്ട്രൈക്കർമാരെ ആലോചിക്കാൻ പോലുമാവില്ല. എല്ലാ പൊസിഷനുകളിലും മികച്ച കളിക്കാർ അണിനിരന്നു. നിർഭാഗ്യത്തിന് ടീമിൽ ഐക്യമുണ്ടായിരുന്നില്ല. പരിശീലനത്തിനിടെ പരസ്പരം കലഹിച്ചു. ഓരോ കളിക്കാരനും സ്വന്തം നിലയിൽ കളിച്ചു. ജയിക്കുന്നതിനെക്കാൾ ഷോ കാണിക്കുന്നതിനായി പരിഗണന. അർജന്റീനക്കെതിരെ നന്നായി കളിച്ചിട്ടും തോറ്റു. മറഡോണയുടെ നീക്കത്തിൽ നിന്ന് അവർക്കൊരു അവസരം കിട്ടി. അവരത് ഗോളാക്കി. ഞങ്ങൾക്ക് ഇരുപതോളം അവസരം കിട്ടി, എല്ലാം പാഴാക്കി. അതാണ് ഫുട്ബോൾ. ഒരു കാര്യമുറപ്പാണ്. ബ്രസീൽ കളഞ്ഞുകുളിച്ച ലോകകപ്പാണ് അത്.
ചോ: കോച്ച് കാർലോസ് ആൽബർടൊ പെരേര 1994 ലോകകപ്പിന്റെ യോഗ്യതാ റൗണ്ടിൽ പൂർണമായും തഴഞ്ഞു. ഉറുഗ്വായ്ക്കെതിരെ വിജയം അനിവാര്യമായ അവസാന മത്സരത്തിൽ പോലും പരിഗണിച്ചില്ല. പരിക്കുകൾ ടീമിനെ വേട്ടയാടിയപ്പോഴാണ് തിരിച്ചുവിളിക്കാൻ നിർബന്ധിതനായത്. റൊമാരിയോക്കു വേണ്ടി വാദിക്കണമെന്നു തോന്നിയിരുന്നുവോ?
ടഫറേൽ: എനിക്കു മാത്രമോ? ടീമിലെ എല്ലാവർക്കും ബ്രസീലിന് മുഴുവൻ അങ്ങനെ തോന്നിയിരുന്നു. അങ്ങനെയൊരു കളിക്കാരനു വേണ്ടി, ഗോൾവലക്കു മുന്നിൽ കടുകിട ചാഞ്ചല്യമില്ലാത്ത, നിർണായക ഘട്ടങ്ങളിൽ അവസരത്തിനൊത്തുയരുന്ന ഒരു കളിക്കാരനുവേണ്ടി ദാഹിക്കുകയായിരുന്നു. ദൈവത്തിന് നന്ദി, ഒടുവിൽ റൊമാരിയോയെ വിളിക്കാൻ പെരേര നിർബന്ധിതനായി. ആത്മവിശ്വാസത്തോടെ, തലയെടുപ്പോടെ റൊമാരിയൊ ടീമിലേക്ക് ചുവട് വെച്ചു. കളി കൈയിലെടുത്തു. ബ്രസീലിലെ ലോകകപ്പിലേക്ക് ആനയിച്ചു. എന്റെ കരിയറിൽ ബ്രസീൽ അതുപോലെ കളിച്ചിട്ടില്ല. ആ ലോകകപ്പ് ജയിച്ചതിൽ വലിയ അഭിമാനമുണ്ട്. റൊമാരിയോയെ വിളിക്കാൻ പെരേരയെ പ്രേരിപ്പിച്ച ദൈവത്തിന് നന്ദി.
ചോ: പി.എസ്.ജിക്കെതിരായ സന്നാഹ മത്സരത്തിനു ശേഷം അയർടൻ സെന്നയുമായുള്ള കൂടിക്കാഴ്ച ഉണ്ടായല്ലോ?
ടഫറേൽ: മറക്കാനാവില്ല. ബ്രസീലുകാർക്ക് രോമാഞ്ചമായിരുന്നു ഫോർമുല വൺ ഡ്രൈവർ സെന്ന. വലിയ ദേശാഭിമാനി, വലിയ കായിക താരം, വലിയ മനുഷ്യൻ. ഞങ്ങൾ നാലാം തവണ ലോക ചാമ്പ്യന്മാരാവാനുള്ള ശ്രമത്തിലായിരുന്നു. ഫോർമുല വണ്ണിൽ നാലാം ലോക ചാമ്പ്യൻഷിപ്പിനുള്ള ശ്രമത്തിലായിരുന്നു സെന്ന. പി.എസ്.ജിയുമായുള്ള കളിയെക്കുറിച്ച് ഇന്ന് ഒന്നും ഓർമയില്ല. സെന്നയുമായുള്ള കൂടിക്കാഴ്ചയിലെ ഒാരോ നിമിഷവും ഓർമയുണ്ട്. ഒരു കോലാഹലവുമില്ലാതെ, താരപ്രഭയില്ലാതെ സെന്ന ഞങ്ങൾ താമസിച്ച ഹോട്ടലിലേക്ക് കടന്നുവന്നു. ഒന്നുകിൽ താൻ, അല്ലെങ്കിൽ ഞങ്ങൾ രണ്ടിലൊന്നേ ലോക ചാമ്പ്യന്മാരാവൂ എന്ന് സെന്ന തമാശ പറഞ്ഞു. അന്ന് സെന്ന പറഞ്ഞ വാക്കുകൾ 1994 ലെ ലോകകപ്പ് വിജയത്തിലുടനീളം ഞങ്ങൾക്ക് പ്രചോദനമായി. അപകടത്തിൽ സെന്ന മരണപ്പെട്ടപ്പോൾ ബ്രസീലുകാർ എല്ലാവരും കൊടിയ ദുഃഖത്തിലായി. സെന്നക്കു വേണ്ടി ലോകകപ്പ് നേടണമെന്ന് ഞങ്ങൾ പ്രതിജ്ഞയെടുത്തു. ഫൈനലിലെ വിജയത്തിനു ശേഷം ഞങ്ങൾ ബാനറുയർത്തി -പ്രിയപ്പെട്ട സെന്നാ, ഞങ്ങളൊരുമിച്ചാണ് വേഗം കൂട്ടിയത്. സെന്നക്കു വേണ്ടി ലോകകപ്പ് നേടിയതിൽ അഭിമാനമുണ്ട്.
ചോ: ഒരു ക്ലബ്ബിൽ പോലും അംഗത്വമില്ലാത്ത അവസ്ഥയിലാണ് താങ്കൾ ആ ലോകകപ്പ് കളിച്ചത്?
ടഫറേൽ: ലോകകപ്പിനിടയിൽ ഞാൻ തൊഴിൽരഹിതനായിരുന്നു. പ്രാദേശിക ചർച്ച് ടീമിനു കളിച്ചാണ് മത്സരക്ഷമത നിലനിർത്തിയത്. ഒരു ടൂർണമെന്റിൽ സ്ട്രൈക്കറായി കളിച്ചു, ടോപ്സ്കോററായി. ലോകകപ്പ് കഴിഞ്ഞ് ആറു മാസത്തിനു ശേഷമാണ് അത്ലറ്റിക്കൊ മിനേറോയുമായി കരാറൊപ്പിട്ടത്.
ചോ: 1994 ലെ ലോകകപ്പിൽ ബ്രസീലിന്റെ പ്രധാന എതിരാളികൾ ആരായിരുന്നു?
ടഫറേൽ: ഇറ്റലി മികച്ച ടീമായിരുന്നു. അമേരിക്കയോട് പൊരുതേണ്ടി വന്നു. സാധാരണ അത്ര മികച്ചതല്ലാത്ത സ്വീഡൻ കടുത്ത വെല്ലുവിളി ഉയർത്തി. പക്ഷെ ഹോളണ്ടായിരുന്നു ഏറ്റവും കരുത്തർ. 3-2 നാണ് ഞങ്ങൾ ജയിച്ചത്. കാണാൻ ചന്തമുള്ളതായിരുന്നു ആ മത്സരം, പക്ഷെ ജയിക്കാൻ ഞങ്ങൾ വിയർത്തു.
ചോ: ഇറ്റലിയിൽ കളിക്കുമ്പോൾ താങ്കൾ പെനാൽട്ടി രക്ഷകനായാണ് അറിയപ്പെട്ടത്. മാർക്കൊ വാൻബാസ്റ്റൻ, റോബർടൊ മാഞ്ചീനി, റൂഡി വൊള്ളർ എന്നിവരുടെയൊക്കെ പെനാൽട്ടികൾ രക്ഷപ്പെടുത്തിയിരുന്നു. ഇറ്റലിക്കാർ അതുകൊണ്ടാണോ ഫൈനലിൽ താങ്കളെ ഭയപ്പെട്ടത്?
ടഫറേൽ: അറിയില്ല. ആ ലോകകപ്പ് ഷൂട്ടൗട്ടിലാണ് നിർണയിക്കപ്പെട്ടത്. പെനാൽട്ടി എടുക്കുന്നവർക്ക് വലിയ ചുമതലയായിരുന്നു. തിങ്ങിനിറഞ്ഞ ഗാലറിക്കു മുന്നിലൂടെ, ലക്ഷങ്ങൾ തന്നെ വീക്ഷിക്കുകയാണെന്ന ബോധത്തോടെ, സെന്റർ സർക്കിളിൽനിന്ന് നടന്നുവന്ന് പെനാൽട്ടി എടുക്കുക അത്ര എളുപ്പമുള്ള പണിയല്ല. വലിയ മാനസിക വെല്ലുവിളിയാണ് അത്. പെനാൽട്ടികൾ രക്ഷിക്കുന്നതിനെക്കാൾ വലുത്.
ചോ: ബ്രസീൽ ചാമ്പ്യന്മാരായ നിമിഷത്തെക്കുറിച്ച്?
ടഫറേൽ: ബാജിയോയുടെ പെനാൽട്ടിക്കായി ഒരുങ്ങുമ്പോൾ തന്നെ എനിക്കു തോന്നിയിരുന്നു, ഇത് വിജയത്തിന്റെ നിമിഷമാണെന്ന്. ബാജിയൊ സ്കോർ ചെയ്തിരുന്നുവെങ്കിൽ, ബെബറ്റോയുടെ പെനാൽട്ടി ബ്രസീലിന് ബാക്കിയുണ്ടായിരുന്നു. ബാജിയൊ പുറത്തേക്കടിക്കുമോ, ഞാൻ തടുക്കുമോ എന്നറിയില്ലായിരുന്നു. എന്തായാലും അതാണ് അവസാന കിക്കെന്ന് ഞാൻ ഉറപ്പിച്ചു. ബാജിയൊ പുറത്തേക്കടിച്ച നിമിഷം വിവരിക്കാനാവില്ല. ആ മുഹൂർത്തം സമ്മാനിച്ച ദൈവത്തിന് നന്ദി. ബാജിയൊ തകർന്ന് തരിപ്പണമായി തല കുനിച്ച് നിൽക്കുന്നു, ഞാൻ മുട്ടിൽനിന്ന് ആഹ്ലാദം പ്രകടിപ്പിക്കുന്നു. ഫുട്ബോളിൽ അങ്ങനെയാണ് -ഒരാളുടെ ദുഃഖമാണ് അപരന്റെ സന്തോഷം.
ചോ: ജൂലിയൊ സീസറിനും വാൽബറിനും മോസറിനും റിക്കാഡൊ ഗോമസിനും റിക്കാഡൊ ഗോഷിനും ഒന്നിനു പിറകെ ഒന്നായി പരിക്കേൽക്കുകയോ അച്ചടക്കലംഘനത്തിന് ഒഴിവാക്കപ്പെടുകയോ ചെയ്തതിനാലാണ് ആൽഡയറും മാർഷിയൊ സാന്റോസും ആ ലോകകപ്പിൽ ബ്രസീലിന്റെ പ്രതിരോധച്ചുമതലയിൽ വന്നത്?
ടഫറേൽ: ഒന്നാന്തരം ജോഡിയായി അവർ. ആൾഡയർ പരിചയസമ്പന്നൻ, സാന്റോസ് ചെറുപ്പം. പരസ്പരപൂരകമായി അവർ. അവർ കാരണം എനിക്ക് വലിയ ജോലിയുണ്ടായിരുന്നില്ല. ഫുൾബാക്കുകളായ ഡുംഗയും മോറോ സിൽവയും മാസിഞ്ഞോയും സിഞ്ഞോയും ടീമുകളെ ഷോട്ടെടുക്കാൻ അനുവദിച്ചില്ല. നല്ല പ്രതിരോധവും നല്ല ആക്രമണനിരയും ബ്രസീലിന്റേതായിരുന്നു.
ചോ: എന്നാൽ കഫു ഈയിടെ പറഞ്ഞത് ടഫറേലാണ് ആ ലോകകപ്പിൽ ബ്രസീലിന്റെ മികച്ച കളിക്കാരനെന്നാണ്?
ടഫറേൽ: ഉദാരമനസ്കൻ. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമാണ് കഫു. കഴിവ് കുറഞ്ഞ ഒരു കളിക്കാരൻ പോലുമുണ്ടായിരുന്നില്ലെന്നതാണ് സത്യം. ടീമായി കളിക്കുകയും ടീമായി ജയിക്കുകയും ചെയ്തു.
ചോ: പതിനേഴുകാരനായ റൊണാൾഡൊ ആ ടീമിലുണ്ടായിരുന്നു?
ടഫറേൽ: അന്നേ വലിയ തമാശക്കാരനായിരുന്നു. ചെറുപ്പമാണെങ്കിലും ലജ്ജാലുവായിരുന്നില്ല. എപ്പോഴും എല്ലാവർക്കും പിറകെ നടന്നു, പൊട്ടിച്ചിരിച്ചു. വലിയ മത്സരങ്ങൾക്കായി റൊണാൾഡൊ സജ്ജമായിരുന്നില്ല. എന്നാൽ 1994 ടീമിന്റെ ഭാഗമായതും ലോകകപ്പ് നേടിയതും റൊണാൾഡോയുടെ വളർച്ചയിൽ നിർണായകമായി. അതിനു ശേഷമുള്ള വളർച്ച അവിശ്വസനീയമായിരുന്നു. തീർത്തും വ്യത്യസ്തനും കരുത്തനുമായി. റൊണാൾഡോയുടെ ഡ്രിബ്ൾ എതിർ കളിക്കാരെ അവശരാക്കും. എന്തൊരു ചന്തമായിരുന്നു ആ കളി.
ചോ: 1998 ലെ സെമി ഫൈനലിൽ നെതർലാന്റ്സിനെതിരെ താങ്കൾ 100 മത്സരം കളിക്കുന്ന പ്രഥമ ബ്രസീലുകാരനായി. ആ കളിയിൽ നെതർലാന്റ്സിന്റെ നാല് പെനാൽട്ടികളുടെ ഗതിയും കൃത്യമായി മനസ്സിലാക്കി, രണ്ടെണ്ണം രക്ഷിച്ചു?
ടഫറേൽ: ആ കളി ഫൈനലായെങ്കിലെന്ന് ആശിച്ചു പോവുന്നു. എങ്കിൽ ഞാനായേനേ ഹീറോ. ഹോളണ്ട് പ്രതിഭകളുടെ വിളനിലമാണ്. കളി ഒപ്പത്തിനൊപ്പമായിരുന്നു. ഷൂട്ടൗട്ടിൽ ഭാഗ്യത്തിന് ഞങ്ങൾ ജയിച്ചു. ആ ഫൈനലിനെ ഞാൻ മറക്കാൻ ശ്രമിക്കും. പക്ഷെ സെമി അവിസ്മരണീയമായിരുന്നു.
ചോ: 1998 ലെ ഫൈനലിനെക്കുറിച്ച്?
ടഫറേൽ: ദുരന്തം. തോൽവി സാധാരണമാണ്. എന്നാൽ ബ്രസീലിനെ പോലെ ആരാധകർ ഇത്രമാത്രം ആഗ്രഹിക്കുന്ന ഒരു ടീം ലോകകപ്പ് ഫൈനലിൽ 3-0 ന് തോൽക്കുകയെന്നത് അംഗീകരിക്കാനാവില്ല.
റൊണാൾഡോയുടെ പേര് പറഞ്ഞ് ആ തോൽവിയെ ന്യായീകരിക്കുന്നില്ല. എങ്കിലും റൊണാൾഡോക്ക് ആ രാത്രി അപസ്മാരബാധയുണ്ടായത് ടീമിനെ ബാധിച്ചു. ആത്മവിശ്വാസം പോയി, ഏകാഗ്രതയുലഞ്ഞു. പക്ഷെ ഫ്രാൻസിന്റെ നേട്ടത്തെ വിലകുറച്ചു കാണുന്നില്ല. നന്നായി അവർ ലോകകപ്പ് തുടങ്ങിയില്ല. പിന്നീട് ഫോമിലെത്തി. അർഹിച്ച വിജയികൾ തന്നെ.