ഭീമ കൊറഗാവ് കേസില്‍ മലയാളികള്‍ ഉള്‍പ്പെടെ എട്ടു പ്രമുഖര്‍ക്കെതിരെ എന്‍ഐഎ കുറ്റപത്രം

മുംബൈ- പൗരാവകാശ പ്രവര്‍ത്തകരായ ആനന്ദ് തെല്‍തുംബ്‌ഡെ, ഗൗതം നവ്ഖാല, ദല്‍ഹി യൂണിവേഴ്‌സിറ്റി അസോസിയേറ്റ് പ്രൊഫസറും മലയാളിയുമായ ഹാനി ബാബു, ഇന്ന് അറസ്റ്റിലായ ഫാദര്‍ സ്റ്റാന്‍ സ്വാമി എന്നിവരുള്‍പ്പെടെ എട്ടു പേര്‍ക്കെതിരെ ഭീമ കൊറഗാവ് കേസില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. ആക്ടിവിസ്റ്റുകളായ സാഗര്‍ ഗോര്‍ഖെ, രമേഷ് ഗയ്‌ചോര്‍, ജ്യോതി ജഗതാപ്, മാവോയിസ്റ്റ് നേതാവ് മിലിന്ദ് തെല്‍തുംബ്‌ഡെ എന്നിവരും മുംബൈ കോടതിയില്‍ സമര്‍പ്പിച്ച ഉപ കുറ്റപത്രത്തില്‍ പ്രതികളായി എന്‍ഐഎ ചേര്‍ത്തിട്ടുണ്ട്. കേസില്‍ പിടിയിലായവരെല്ലാം ഇടതു പക്ഷ ചിന്തകരും അക്കാദമിക് വിദഗ്ധരും സാമൂഹ്യ, പൗരാവകാശ പ്രവര്‍ത്തകരുമണ്. സര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവരുമാണ്. വിമര്‍ശനങ്ങളെ അടിച്ചൊതുക്കുന്ന സര്‍ക്കാരിന്റെ നടപടിയായി ഈ കേസ് വിമര്‍ശിക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

ഭീമ കൊറഗാവില്‍ നടന്ന ദളിത് സമ്മേളനത്തില്‍ ഈ നേതാക്കള്‍ പ്രകോപനപരമായി പ്രസംഗിച്ചുവെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ആരോപിക്കുന്നു. ഈ പ്രകോപനമാണ് തൊട്ടടുത്ത ദിവസമുണ്ടായ സംഘര്‍ഷത്തിനു കാരണമെന്നും ആരോപിക്കപ്പെടുന്നു. സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടിരുന്നു.

കേസ് നേരത്തെ അന്വേഷിച്ച പൂനെ പോലീസ് 2018 നവംബര്‍ 15നും 2019 ഫെബ്രുവരി 21നും ഉപകുറ്റപത്രങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഈ വര്‍ഷം ജനുവരി 24നാണ് എന്‍ഐഎ കേസ് അന്വേഷണം ഏറ്റെടുത്തത്. കേസില്‍ എന്‍ഐഎ സമര്‍പ്പിക്കുന്ന ആദ്യകുറ്റപത്രമാണ് ഇന്ന് കോടതിയില്‍ സമര്‍പ്പിക്കപ്പെട്ടത്.

ഭീമ കൊറഗാവില്‍ സംഭവിച്ചത് എന്ത്?

മഹാരാഷ്ട്രയിലെ പൂനെ ജില്ലയിലെ ഒറു ചെറു ഗ്രാമമാണ് ഭീമ കൊറെഗാവ്. ശക്തമായ ദളിത് ദേശീയ പോരാട്ട ചരിത്ര ബന്ധമുള്ള നാടാണിത്. 1818ല്‍ ഇവിടെ ബ്രിട്ടീഷ് സേനയും ഉയര്‍ന്ന ജാതിക്കാരുടെ പേശ്വ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നു. ബ്രിട്ടീഷ് സൈന്യത്തില്‍ ദളിത് പടയാളികളാണ് പ്രധാനമായും ഉണ്ടായിരുന്നു. ഈ യുദ്ധത്തില്‍ ദളിത് സൈനികര്‍ ഉള്‍പ്പെട്ട ബ്രീട്ടീഷ് സേന ജയിച്ചു. ഈ ജയം ദളിത് സമൂഹം അഭിമാന നേട്ടമായാണ് കാണുന്നത്. കഴിഞ്ഞ വര്‍ഷം ഈ യുദ്ധത്തിന്റെ 200ാം വാര്‍ഷികം ആഘോഷിക്കാനായി എല്‍ഗര്‍ പരിഷത് സമ്മേളനം ഇവിടെ നടന്നു. ഈ പരിപാടിയോടനുബന്ധിച്ചാണ് പ്രദേശത്ത് ദളിതര്‍ക്കെതിരെ ഉയര്‍ന്ന ജാതിക്കാരുടെ അതിക്രമം ഉണ്ടായത്. തിരിച്ചടിയും ഉണ്ടായതോടെ സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആര്‍എസ്എസ് പിന്തുണയുള്ള ചില നേതാക്കളാണ് ദളിതര്‍ക്കെതിരെ ഇവിടെ അക്രമം അഴിച്ചുവിട്ടതെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. കാവി കൊടികളേന്തി ഇരച്ചെത്തിയ സംഘമാണ് സംഘര്‍ഷത്തിനു തുടക്കമിട്ടത്. എന്നാല്‍ മഹാരാഷ്ട്ര പോലീസ് അന്വേഷണം പ്രധാനമായും കേന്ദ്രീകരിച്ചത് ഇടതുപക്ഷ ചിന്തകരിലും പ്രസ്ഥാനങ്ങളിലുമാണ്. 


 

Latest News