പ്രമേഹവും ആരോഗ്യവും

പ്രമേഹത്തിന്റെ പിടിയിലാണ് ലോകം. ലോകത്ത് ഏറ്റവും കൂടുതൽ പ്രമേഹ രോഗികളുള്ളത് ഇന്ത്യയിലാണ് എന്നാണ് കണക്ക്. പ്രമേഹത്തിൽനിന്ന് കരകേറണമെങ്കിൽ പ്രമേഹ രോഗത്തെയും അതുണ്ടാകാനുള്ള കാരണങ്ങളെയും പറ്റി അറിയേണ്ടത് ഓരോരുത്തരുടെയും ബാധ്യതയാണ്. 

എന്താണ് പ്രമേഹം?
ഇൻസുലിൻ എന്ന ഹോർമോണിന്റെ ഉൽപാദന കുറവു കൊണ്ടോ അല്ലെങ്കിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഇൻസുലിന്റെ പ്രവർത്തന ശേഷി കുറവു കൊണ്ടോ നമ്മുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവു ക്രമാതീതമായി വർധിക്കുന്ന അവസ്ഥയാണ്  പ്രമേഹം. പണ്ടുകാലങ്ങളിൽ മുതിർന്നവരിൽ മാത്രം കാണപ്പെട്ടിരുന്ന ഈ രോഗം കൗമാരക്കാരിലും യുവാക്കളിലും ഇന്ന് വ്യാപകമായി കണ്ടുവരുന്നു.
ഓരോ പത്തു സെക്കന്റിലും ഒരാൾവെച്ച്  ലോകത്തിൽ പ്രമേഹ രോഗത്താൽ മരണപ്പെട്ടുകൊണ്ടിരിക്കുന്നു. 
മനുഷ്യ ശരീരത്തിൽ ഇൻസുലിന്റെ പങ്ക് നമ്മുടെ ശരീരത്തിൽ വയറ്റിനുള്ളിലെ ആഗ്‌നേയ ഗ്രന്ഥി ഉൽപാദിപ്പിക്കുന്ന ഒരു ഹോർമോൺ ആണ് ഇൻസുലിൻ. നാം കഴിക്കുന്ന ഭക്ഷണ പദാർത്ഥങ്ങളിൽ അടങ്ങിയിരിക്കുന്ന അന്നജം ദഹന ശേഷം ഗ്ലുക്കോസ് ആയി രൂപാന്തരപ്പെടുകയും രക്തത്തിലൂടെ അത്  ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിച്ചേരുകയും ചെയ്യുന്നു.
നമ്മുടെ കോശങ്ങളുടെ പ്രധാന ഊർജ സ്രോതസ്സായ ഗ്ലൂക്കോസിനെ രക്തത്തിൽ നിന്ന് കോശങ്ങളിലേക്ക്  കടത്തിവിടുവാൻ ഇൻസുലിന്റെ സഹായം കൂടിയേ കഴിയൂ. അതുകൊണ്ടു തന്നെ ഇൻസുലിൻ ശരീരത്തിൽ ഉൽപാദിക്കപ്പെടാതിരിക്കുകയോ അല്ലെങ്കിൽ ഉൽപാദനം കുറയുകയോ ചെയ്താൽ രക്തത്തിൽ നിന്നും ഗ്ലൂക്കോസിനു കോശങ്ങളിലേക്ക്  പ്രവേശിക്കാൻ സാധിക്കില്ല. തൽഫലമായി ഗ്ലൂക്കോസിന്റെ അളവ് രക്തത്തിൽ ക്രമേണ വർധിക്കുകയും അത് മൂത്രത്തിലൂടെ വിസർജിക്കപ്പെടുകയും ചെയ്യുന്നു.
നമ്മൾ കഴിക്കുന്ന ഭക്ഷണത്തിന്റെ നല്ലൊരു പങ്ക്  ശരീരത്തിന്  ഉപകാരപ്രദമാകാതെ നഷ്ടപ്പെടുകയും ഇതേത്തുടർന്ന്  മൂത്രത്തിന്റെ അളവും ദാഹവും വിശപ്പും വർധിക്കുകയും ചെയ്യുന്നു. യഥാസമയം ചികിത്സിക്കാതിരുന്നാൽ പ്രമേഹം കണ്ണ്,  വൃക്കകൾ, ഹൃദയം, നാഡികൾ തലച്ചോറ്  മുതലായ അവയവങ്ങളിൽ ക്ഷതമേൽപിക്കുകയും ഒരുപക്ഷേ മരണത്തിനു വരെ കാരണമാകുകയും ചെയ്യുന്നു. പ്രമേഹം ഒരു നിശ്ശബ്ദ കൊലയാളിയെ പോലെയാണ്. ആദ്യഘട്ടങ്ങളിൽ നിരുപദ്രവകാരിയെന്ന്  തോന്നിക്കുകയും ക്രമേണ ജീവൻ അപഹരിക്കുകയും ചെയ്യുന്നു.

പ്രമേഹം മൂന്നു വിധം എ. ടൈപ്പ്1  പ്രമേഹം
കുട്ടികളിലും കൗമാരക്കാരിലുമാണ് ഇത്തരം പ്രമേഹം കൂടുതലായും കണ്ടു വരുന്നത്. ആഗ്‌നേയ ഗ്രന്ഥിയിൽ ഇൻസുലിൻ ഉൽപാദിപ്പിക്കപ്പെടുന്ന കോശങ്ങൾ ചില കാരണങ്ങളാൽ നശിക്കപ്പെടുകയും തൽഫലമായി ഇത്തരക്കാരിൽ ഇൻസുലിൻ ഉൽപാദനം നടക്കാതിരിക്കുകയും ചെയ്യുന്നു. 
അതുകൊണ്ട് തന്നെ ഇൻസുലിൻ കുത്തിവെപ്പുകൾ ദിവസവും ഇവർക്ക്  അത്യന്താപേക്ഷിതമാണ്. 
ഇൻസുലിൻ കുത്തിവെപ്പില്ലാതെ ഇവർക്ക് ജീവൻ നിലനിർത്താൻ സാധ്യമല്ല. മൊത്തം പ്രമേഹ രോഗികളിൽ ഏകദേശം 5 ശതമാനം മാത്രമാണ് ഇത്തരം രോഗികൾ.

ബി. ടൈപ്പ്  2 പ്രമേഹം 
95% പ്രമേഹ രോഗികളിലും കാണപ്പെടുന്നത് ടൈപ്പ്  2 പ്രമേഹം ആണ്. സാധാരണയായി  35 വയസ്സിനു മുകളിൽ  ഉള്ളവർക്ക് ആണ് ഈ രോഗം കൂടുതലും കാണപ്പെടുന്നത്. ഇൻസുലിന്റെ  ഉൽപാദനക്കുറവോ അല്ലെങ്കിൽ ഉൽപാദിപ്പിക്കപ്പെടാതെ ഇരിക്കുകയോ ചെയ്യുമ്പോൾ ആണ് ടൈപ്പ്-2 പ്രമേഹം ഉണ്ടാകുന്നത്.

സി. ഗർഭകാല പ്രമേഹം
ചില സ്ത്രീകളിൽ ഗർഭകാലത്ത് താൽക്കാലികമായി പ്രത്യക്ഷപ്പെടുന്ന ഈ പ്രമേഹം അമ്മയെയും കുഞ്ഞിനെയും ഒരുപോലെ പ്രതികൂലമായി ബാധിക്കാൻ സാധ്യത ഉള്ളതാണ്. ഇൻസുലിൻ കൊണ്ട് മാത്രം ചികിത്സിക്കേണ്ട ഈ രോഗം സാധാരണ പ്രസവാനന്തരം മിക്കവരിലും സുഖം പ്രാപിക്കാറുണ്ട് . എന്നാൽ ഇത്തരക്കാർക്ക് പിന്നീട് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രമേഹരോഗ സാധ്യത കൂടിയവർ
കുടുംബാംഗങ്ങളിൽ  ആർക്കെങ്കിലും പ്രമേഹം ഉള്ളവർ.
അമിത ഭാരം ഉള്ളവർ. അരക്കെട്ടിന്റെ ചുറ്റളവ് പുരുഷന്മാരിൽ 90 സെ.മീറ്ററിനും സ്ത്രീകളിൽ 80 സെ.മീറ്ററിനും കൂടുതൽ ഉള്ളവർ.
35 വയസ്സിനു മുകളിൽ പ്രായമുളവർ.
മൂന്നര കിലോയിൽ കൂടുതൽ ഭാരമുള്ള കുഞ്ഞുങ്ങളെ പ്രസവിച്ച അമ്മമാർ. ഗർഭകാല പ്രമേഹം ഉണ്ടായിട്ടുള്ളവർ.
ഉയർന്ന രക്തസമ്മർദവും രക്തത്തിൽ കൊളസ്‌ട്രോളിന്റെ അളവും കൂടുതൽ ഉള്ളവർ. പുകവലി, മദ്യപാനം  എന്നിവ ശീലമാക്കിയവർമുതലായവർക്ക് പ്രമേഹരോഗ സാധ്യത കൂടുതലാണ്. പ്രമേഹ രോഗമല്ല, മറിച്ചു രോഗ സാധ്യത ആണ് നമുക്ക് പാരമ്പര്യമായി ലഭിക്കുന്നത്. ഈ സാധ്യത രോഗമായി മാറ്റുന്നത് ദുഃശീലങ്ങളായ അമിതാഹാരം, വ്യായാമക്കുറവു, പുകവലി, മദ്യപാനം തുടങ്ങിയവ മൂലമാണ്.
പ്രമേഹ രോഗ നിർണയം
രക്തപരിശോധനയിലൂടെ ആണ്  പ്രമേഹരോഗ നിർണയം  നടത്തുന്നത്. രാവിലെ ഭക്ഷണത്തിന് മുൻപും ഭക്ഷണ ശേഷം രണ്ടു മണിക്കൂർ കഴിഞ്ഞും രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഒരു നല്ല ലബോറട്ടറിയിൽ പരിശോധിക്കുക. ഈ പരിശോധനാ ഫലം ഭക്ഷണത്തിന് മുമ്പ് 126 ലും ഭക്ഷണത്തിന് ശേഷം 200 ലും കൂടുതൽ ഉള്ളവർ പ്രമേഹരോഗ ബാധിതരായി കണക്കാക്കപ്പെടുന്നു.

പ്രമേഹരോഗ ലക്ഷണങ്ങൾ
അമിതഭാരം, അമിത വിശപ്പ്, ഇടയ്ക്കിടെ മൂത്രം ഒഴിക്കൽ, അകാരണമായ ക്ഷീണം, അലസത, ഭാരം കുറച്ചിൽ മുതലായവയാണ് പ്രധാന പ്രമേഹരോഗ ലക്ഷണങ്ങൾ. കൂടാതെ കാഴ്ച മങ്ങൽ, ഗുഹ്യ ഭാഗങ്ങളിലെ ചൊറിച്ചിൽ മുറിവുകൾ ഉണങ്ങുവാനുള്ള കാലതാമസം മുതലായവയും പ്രമേഹരോഗ ലക്ഷണങ്ങൾ ആകാം. എന്നാൽ ഒരു രോഗലക്ഷണങ്ങൾ ഇല്ലാതെയും യാദൃഛികമായി മാത്രം രോഗം കണ്ടുപിടിക്കപ്പെടുന്ന രോഗികളും കുറവല്ല.
 

Latest News