മഹാ പാഠങ്ങളിലേക്കു തുറന്നിടുന്ന വാതിലുകൾ

ഒരു നൂറ്റാണ്ടിനപ്പുറം, കൃത്യമായി പറഞ്ഞാൽ1914 ഡിസംബറിൽഅവിചാരിതമായ തീപടർന്ന് തോമസ് എഡിസന്റെപരീക്ഷണശാല നശിച്ചുപോയി. കോൺക്രീറ്റ് കെട്ടിടം ആയിരുന്നു. തീപിടിക്കാത്തതാണ് ആ കെട്ടിടം എന്നായിരുന്നു എല്ലാവരും കരുതിയത്. മാത്രമല്ല, കുറഞ്ഞ തുകയ്ക്കായിരുന്നു അത് ഇൻഷുർ ചെയ്യപ്പെട്ടത്. രണ്ടു മില്യൺ ഡോളർ വിലയുള്ള വസ്തുവഹകൾക്ക് നാശനഷ്ടം സംഭവിച്ചു. ജീവിതകാലം മുഴുവൻ ചെലവഴിച്ച് നേടിയ സമ്പാദ്യങ്ങളും എല്ലാ പ്രവർത്തനങ്ങളും അക്ഷരാർഥത്തിൽ ജ്വാലയായിത്തീർന്നു. ആ ദുരന്തത്തിലെ ഏറ്റവും അഭിശപ്ത ഘട്ടത്തിൽ പുകയ്ക്കും ചാരത്തിനുമിടയിൽ67 വയസ്സുകാരനായ തന്റെ പിതാവ് അസാമാന്യമായ സംയമനത്തോടു കൂടി ആ കാഴ്ച നോക്കിക്കാണുന്നത് മകൻ ചാൾസ് കണ്ടു. മകനെകണ്ട എഡിസൺവിളിച്ചു ചോദിച്ചു: മോനെ, അമ്മ എവിടെയാണുള്ളത്?. എനിക്കറിയില്ലല്ലോ എന്ന് ചാൾസ് മറുപടി പറഞ്ഞപ്പോൾ അദ്ദേഹം മകനെ നിർബന്ധിച്ചു, എവിടെയാണെങ്കിലും വേണ്ടില്ല, അമ്മയെ വേഗം കൂട്ടി കൊണ്ടുവാ. ആയുസ്സിൽ ഒരിക്കൽ പോലും ഇങ്ങനെ ഒരു കാഴ്ച ഇനി കാണാനാവില്ലെന്ന് അവരോട് പറയൂ.. 
തൊട്ടടുത്ത പ്രഭാതത്തിൽ വീണ്ടും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ആ മഹാ ശാസ്ത്രകാരൻ പറഞ്ഞു: ദുരന്തങ്ങളിൽ വലിയ മൂല്യങ്ങളടങ്ങിയിട്ടുണ്ട്. നമ്മുടെ ഒരുപാട് അബദ്ധങ്ങളും അമളികളും അതിലൂടെ കത്തിയമർന്നു പോവുന്നു. ദൈവത്തിന് നന്ദി. നമുക്ക് വീണ്ടും പുതുതായി തുടങ്ങാം. കേൾക്കണോ? ആ ദുരന്തത്തിന് ശേഷം മൂന്നാഴ്ച ആഴ്ച കഷ്ടി കഴിയുന്നതിന് മുമ്പേയാണ് ആദ്യത്തെ ഫോണോഗ്രാഫ് എഡിസൺ കണ്ടുപിടിച്ചിരുന്നുവെന്നതാണ് ചരിത്രം.
ദുഃഖങ്ങളും ദുരന്തങ്ങളും ജീവിതത്തിലെ അവിഭാജ്യ ഘടകമാണ്. ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ  ചെറുതും വലുതുമായ ഇത്തരം പരീക്ഷണങ്ങളിലൂടെ നാമോരോരുത്തരും കടന്നു പോവേണ്ടി വരും. ഇത്തരം അനുഭവങ്ങൾ ദുർബലർക്ക് പകരുന്നത് കൊടിയ നിരാശയും നിഷേധാത്മക പ്രവണതയുമാണെങ്കിൽ വിവേകികൾക്ക് അവ മഹാ പാഠങ്ങളിലേക്കു തുറന്നിടുന്ന വാതിലുകളാണ്. നമ്മുടെ വിശ്വാസവും മനോഭാവവും കരുത്തുറ്റതായാൽ ഒരു ദുരന്തത്തിനും നമ്മെ തകർക്കാനോ തളർത്താനോ കഴിയില്ല. മനക്കരുത്ത് ഉലയാതിരിക്കണമെങ്കിൽ ക്ഷണപ്രഭാ ചഞ്ചലമായ ഭൗതിക താൽപര്യങ്ങൾക്കപ്പുറത്ത് ഉലകാധിപനിലുള്ള അചഞ്ചലമായ വിശ്വാസം കൂടിയേ തീരൂ എന്ന് സാരം.
ക്ഷമാലുക്കളുടെ കൂടെയാണ് ജഗന്നിയന്താവ് എന്ന സത്യം ചില അൽപ ബുദ്ധികൾ കരുതുന്ന പോലെ കാലഹരണപ്പെട്ട്  വേദഗർഭത്തിലുറങ്ങുന്ന പാഴ്‌വാക്കല്ലെന്നും അത് അവനിൽ നിത്യനൂതനമായി പുലരുന്ന പരമ സത്യമാണെന്നും ചുറ്റിലും സൂക്ഷ്മതയോടെ കണ്ണോടിച്ചാൽ എമ്പാടും ഉദാഹരണങ്ങൾ നമുക്ക്  കണ്ടെത്താനാവും.
ആശയറ്റ്, അഭയമറ്റ് ജീവിത ദിശയറിയാതെ ഉഴലുന്നവർക്കു വഴിവിളക്കാവുന്ന വേദഗ്രന്ഥങ്ങളിലെ  അനേകം  വചന ദീപ്തികൾ പാരായണം ചെയ്യാനും  ആഴത്തിൽ പഠിക്കാനും പകർത്താനും  പരസ്പരമുരിയാടാനും കർമധർമ പാതയിൽ തദനുസൃതമായി കാരുണ്യത്തോടെയും സഹാനുഭൂതിയോടെയും മുന്നേറാനും കൂടിയാണ് ഓരോ ദുരന്തങ്ങളും നമ്മെ ഓർമിപ്പിക്കുന്നതെന്ന കാര്യം വിസ്മരിക്കാതിരിക്കുക. 
പുതിയ കാലത്തിന് സത്യാനന്തര കാലമെന്ന വിശേഷണം നൽകി നിരർത്ഥകവും പൊള്ളയുമായ അനാവശ്യ സംസാരങ്ങൾ, കളവുകൾ, നിർദോഷകരമെന്ന് തോന്നിപ്പിക്കുന്ന വാചക കസർത്തുകൾ  തലങ്ങും വിലങ്ങും പ്രചരിപ്പിച്ച് അതിൽ സായൂജ്യമടഞ്ഞു കൊണ്ടിരിക്കുന്ന ഗീബൽസിന്റെ പിൻമുറക്കാരിൽ നിന്ന് പരമാവധി അകന്നു നിൽക്കാൻ അതീവ ജാഗ്രത കൂടിയേ തീരൂ. അത്തരക്കാർ സമൂഹത്തിൽ വരുത്തുന്ന വിനകൾ ചെറുതല്ലല്ലോ? അശുഭ ചിന്തകൾ കൊണ്ടും വാക്കുകൾ കൊണ്ടും നമ്മുടെ നേരും നേരവും കവരുന്ന അത്തരക്കാരിൽ  നിന്ന് അകലുന്തോറും സ്വസ്ഥതയും ശാന്തതയും അടുത്തു വരുന്നത് അനുഭവിച്ചു തുടങ്ങാം.

Latest News