ബഹ്‌റൈനിൽ നിന്നും ഒരു ഹ്രസ്വ ചിത്രം 'മാധവം'; സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടി ടീസർ

കൃഷ്ണ രാധ പ്രണയ സങ്കൽപത്തിന്റെ നവ ആഖ്യാനവുമായി ബഹ്‌റൈനിൽ നിന്നും ഒരു ഹ്രസ്വ ചിത്രം 'മാധവം'. സൂര്യ കൃഷ്ണമൂർത്തി പ്രകാശനം ചെയ്ത ചിത്രത്തിന്റെ ടീസർ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുകയാണ്. ബഹ്‌റൈനിലെ പ്രമുഖ നർത്തകി മാളവിക സുരേഷ് കുമാറാണ് ചിത്രത്തിൽ കൃഷ്ണനും രാധയുമായി വേഷപ്പകർച്ച നടത്തുന്നത്. മെലുഹയടക്കം നിരവധി നൃത്ത പ്രോജക്ടുകളിൽ മാളവിക സുരേഷ് കുമാർ ഇതിനകം സഹകരിച്ചിട്ടുണ്ട്, സോഷ്യൽ മീഡിയകളിലും തന്റെ നൃത്താവിഷ്‌കാരങ്ങളുമായി മാളവിക സുരേഷ് കുമാർ ശ്രദ്ധേയയാണ്. രാധാ കൃഷ്ണ പ്രണയ സങ്കൽപത്തിലെ സൂക്ഷ്മ ഭാവങ്ങളെ സാക്ഷത്കരിക്കാനുള്ള ശ്രമമാണ് മാധവം. സൂര്യ ഫെസ്റ്റിവലിൽ അവതരിപ്പിച്ച മെലുഹയടക്കം നിരവധി നൃത്താവിഷ്‌കാരങ്ങൾ നിർവഹിച്ച നൃത്താധ്യാപികയും കൊറിയോഗ്രഫറുമായ വിദ്യാ ശ്രീകുമാർ ആണ് മാധവത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത്. ചിത്രത്തിലെ ഗാനങ്ങൾ ആലപിച്ചിരിക്കുന്നതും സംഗീതം നിർവഹിച്ചിരിക്കുന്നതും ആർ.എൽ.വി പ്രജോദ് കൃഷ്ണയാണ്. ക്രിയേറ്റീവ് ഹെഡ് ആയി ജേക്കബും ചിത്രത്തിനാവശ്യമായ വി.എഫ് എക്‌സ് ഒരുക്കുന്നത് സൂര്യപ്രകാശും അരുൺ ഭഗവതിയുമാണ്. സൂര്യ സ്‌റ്റേജ് ആന്റ് ഫിലിം സൊസൈറ്റിയും കളേഴ്‌സ് ഇവന്റ്‌സും ചേർന്നാണ് മാധവം പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ പ്രസിഡന്റും സൂര്യ ബഹ്‌റൈൻ ചാപ്റ്റർ അധ്യക്ഷനുമായ പി.വി.രാധാകൃഷ്ണ പിള്ളയുടെ സാന്നിധ്യത്തിൽ സൂര്യ കൃഷ്ണമൂർത്തിയാണ് ഓൺലൈനിൽ ടീസർ റിലീസ് ചെയ്തത്. 


 

Latest News