ഔട്ടർ സ്‌പേസ്

ഔട്ടർ സ്‌പേസ് എന്ന പേര് കേൾക്കുമ്പോൾ നമുക്ക് സാധാരണയായി ഒന്നും തോന്നുകയില്ല. പക്ഷേ ഇതിലെ ചിത്രങ്ങളിലൂടെയും അക്ഷരങ്ങളിലൂടെയും കടന്നു പോകുമ്പോൾ സ്‌പേസിന്റെ പുറംലോകത്തെ നമുക്ക് പെട്ടെന്ന് തിരിച്ചറിയുവാൻ കഴിയും. ഇതിന്റെ പിറകിൽ അക്ഷരക്കൂട്ടുകൾ തീർത്ത കരങ്ങളിലേക്കുള്ള അന്വേഷണമാണ്. ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ നോവലിസ്റ്റ് എന്നറിയപ്പെടാൻ പോകുന്ന മുഹമ്മദ് അമാൻ എന്ന എട്ടു വയസ്സുകാരന്റെ ഇംഗ്ലീഷ് നോവലിന്റെ പേരാണ് ഔട്ടർ സ്‌പേസ് എന്ന് തിരിച്ചറിയുമ്പോഴാണ് ഏവർക്കും അത്ഭുതവും സന്തോഷവും ഉണ്ടാകുന്നത്. 


കൊറോണക്കാലത്തു ഫാമിലിയുമായി ഇതിലെ കഥാപാത്രങ്ങൾ നടത്തുന്ന രസകരമായ വ്യത്യസ്തമായ ഒരു യാത്രയാണ് ഇതിലെ പ്രമേയം. സൗദി അറേബ്യയിലെ  ജിദ്ദയിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മൂന്നാം  ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് അമാൻ എന്ന പ്രതിഭയുടെ കൈയൊപ്പാണ് ഔട്ടർ സ്‌പേസ്. വായനയും എഴുത്തും വരകളും യാത്രകളും അത്യാവശ്യം നല്ല രീതിയിൽ അഭിനയവും ഹോബിയാക്കിയ മുഹമ്മദ് അമാൻ തിരുവനന്തപുരം സ്വദേശി സുനിൽ സെയ്ദിന്റെയും ഗായിക സോഫിയ നജുമുദ്ദീന്റെയും ഇളയ മകനാണ്. സന സെയ്ദ് സഹോദരിയും അയാൻ മുഹമ്മദ് സഹോദരനുമാണ്‌.
ഈ പുസ്തകത്തെ പരിചയപ്പെടുത്തി അവതാരിക എഴുതിയത് ഇന്ത്യൻ കോൺസുലേറ്റിലെ പ്രസ് ആന്റ് ഇൻഫർമേഷൻ കോൺസൽ ഹംന മറിയം  ഐ.എഫ്.എസ് ആണ്. പ്രമുഖ പ്രസാധകരായ സാഹിതി ആണ് ഈ പുസ്തകം പ്രിന്റ്  ഇ ബുക്ക് വേർഷനുകളിൽ പ്രസിദ്ധീകരിക്കുന്നത്. 

ആമസോൺ കിൻഡലിൽ ആഗോളാടിസ്ഥാനത്തിൽ ഇ ബുക്ക് വേർഷനിലും പ്രിന്റ് എഡിഷനിലും ആയി പുസ്തകം ഈ മാസം അവസാനത്തോടെ  പുറത്തിറങ്ങുമെന്നു പ്രസാധകരായ സാഹിതി പബ്ലിക്കേഷൻ ചീഫ് എഡിറ്ററും  മുൻ മന്ത്രി വി.സി. കബീർ മാസ്റ്ററും എക്‌സിക്യൂട്ടീവ് എഡിറ്റർ ബിന്നി സാഹിതിയും പറഞ്ഞു. 
എഴുത്തുകാരനായ അമാൻ അവന്റെ സങ്കൽപ ലോകത്തിലെ സ്വപ്‌ന ദൃശ്യങ്ങളിലേക്ക് വളരെ തന്മയത്വത്തോട് കൂടി കൈയടക്കമുള്ള രചനാ ശൈലിയോടു കൂടി  വായനക്കാരെ  കൂട്ടിക്കൊണ്ടു പോവുകയാണ്. 
ഇരുപത്തിയാറ് പേജുകളിലായി മനോഹരമായ ലേ ഔട്ടോടു കൂടി പ്രസാധനം ചെയ്തിരിക്കുന്ന ചിത്ര നോവൽ ലോക ബാല സാഹിത്യ രചനാ വിഭാഗത്തിലേക്ക് എത്തപ്പെടും.

Latest News