വാഷിംഗ്ടണ്‍- അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണത്തിന്റെ കീഴില്‍ വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചു ഡെമോക്രാറ്റിക് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി കമല ഹാരിസ്. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികളുടെ സംവാദപരിപാടിയിലായിരുന്നു കമല ഹാരിസിന്റെ വിമര്‍ശനം. മഹാമാരിയെ നേരിടാന്‍ കൃത്യമായ പദ്ധതികളില്ലാത്ത ട്രംപ് ഭരണകൂടം സമ്പൂര്‍ണ പരാജയമാണെന്നും ജനങ്ങളോട് സത്യം പറയാനെങ്കിലും ട്രംപ് തയാറാകണമെന്നും കമല ഹാരിസ് ആവശ്യപ്പെട്ടു. സ്വന്തം ആരോഗ്യകാര്യത്തിലും നികുതിയുടെ കാര്യത്തിലും ട്രംപ് കള്ളം പറയുകയാണെന്നും കമല തുറന്നടിച്ചു.
കോവിഡിന്റെ അപകടസാധ്യതകള്‍ അറിഞ്ഞിട്ടും വൈറ്റ് ഹൗസ് നടപടിയെടുത്തില്ല. കോവിഡ് ഭീഷണി തട്ടിപ്പാണെന്നു വരെ പ്രസിഡന്റ് പറഞ്ഞു. അങ്ങനെ അവരതിന്റെ ഗൗരവം കുറച്ചു. അമേരിക്കന്‍ ചരിത്രത്തിലെ ഏറ്റവും വലിയ പരാജയമാണു ഡോണള്‍ഡ് ട്രംപിന്റെ കോവിഡ് പ്രതിരോധമെന്നും കമല കുറ്റപ്പെടുത്തി.
ഡെമോക്രാറ്റുകള്‍ ജനത്തിന്റെ ജീവന്‍ വെച്ച് രാഷ്ട്രീയം കളിക്കുകയാണു കുറ്റപ്പെടുത്തിയ എതിര്‍ സ്ഥാനാര്‍ഥി മൈക്ക് പെന്‍സ്, കോവിഡ് വാക്‌സിന്‍ ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് അവകാശപ്പെട്ടു. ട്രംപ് ഭരണകാലത്തു വാക്‌സിന്‍ വികസിപ്പിച്ചതിന്റെ പേരില്‍ ആ വാക്‌സിനിലുള്ള പൊതുജനവിശ്വാസം ദുര്‍ബലപ്പെടുത്തുന്നതു വലിയതെറ്റാണെന്നും പെന്‍സ് കുറ്റപ്പെടുത്തി. ഇരുവരുടെയും ഇരിപ്പിടങ്ങള്‍ തമ്മില്‍ കാണാവുന്ന ഗ്ലാസ് ഷീല്‍ഡ് ഉപയോഗിച്ച് സുരക്ഷിതമായി മറച്ചാണ് സംവാദം സംഘടിപ്പിച്ചത്.






