Sorry, you need to enable JavaScript to visit this website.

ടൊവിനോ ഐസിയുവില്‍ തുടരും, ആരോഗ്യ നിലയില്‍ പുരോഗതി

കൊച്ചി-നടന്‍ ടൊവിനോ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി. 'കള' സിനിമയുടെ സംഘട്ടന ചിത്രീകരണത്തിനിടെ പരിക്കേറ്റ് ചികിത്സയില്‍ കഴിയുകയായിരുന്നു താരം. ടൊവിനോയുടെ അടിവയറ്റില്‍ ആന്തരിക രക്തസ്രാവവുമായിട്ടായിരുന്നു ആശുപത്രിയില്‍ എത്തിച്ചിരുന്നതെന്നും ഇപ്പോള്‍ ഇതില്‍ കുറവുണ്ടായിട്ടുണ്ടെന്നും താരം ചികിത്സയില്‍ കഴിയുന്ന റിനെ മെഡിസിറ്റി പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കി.
48 മണിക്കൂര്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനായിട്ടാണിത്. ഇപ്പോള്‍ ആരോഗ്യ നില മെച്ചപ്പെട്ടിട്ടുണ്ട്. ആന്തരിക രക്തസ്രാവമില്ല. 48 മണിക്കൂറിന് ശേഷം വീണ്ടും സിടി ആന്‍ജിയോഗ്രാം കൂടി ചെയ്യേണ്ടതുണ്ട്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടെങ്കില്‍ ലാപ്രോസ്‌കോപി ചെയ്യേണ്ടിവരും. ഇപ്പോള്‍ ആരോഗ്യനിലയില്‍ കുഴപ്പമില്ല, ബുള്ളറ്റിനില്‍ പറയുന്നു.
ബുധനാഴ്ച രാവിലെ 11.15നാണ് ടൊവിനോയെ അടിവയര്‍ ഭാഗത്ത് വേദനയുമായി ആശുപത്രിയിലെത്തിച്ചത്. രക്തം കട്ടപിടിച്ചിട്ടുണ്ടോയെന്ന് അറിയുന്നതിനായി ഉടന്‍ സിടി ആന്‍ജിയോഗ്രാം ചെയ്തു. ആന്തരിക രക്തസ്രാവമെന്ന് കണ്ടെത്തി. അതിനാല്‍ ഉടന്‍ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ഡോ.കൃഷ്ണനുണ്ണി പോളക്കുളത്ത്, ഡോ.മനോജ് കെ അയ്യപ്പത്ത് എന്നിവരുടെ നേതൃത്വത്തിലാണ് ടൊവിനോയ്ക്ക് ചികിത്സ നടക്കുന്നത്. കഴിഞ്ഞ ദിവസം 'കള' എന്ന ചിത്രത്തിന്റെ സംഘട്ടന രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് പരിക്കേല്‍ക്കുന്നത്. പിറവത്തായിരുന്നു ചിത്രീകരണം. രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നടന് ഷൂട്ടിനിടെ ചെറിയ രീതിയില്‍ പരിക്കേറ്റിരുന്നു. എന്നാല്‍ അത് താരം കാര്യമാക്കിയിരുന്നില്ല. വേദന കലശലായതോടെയാണ് കഴിഞ്ഞ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്‌
 

Latest News