വിവേകാനന്ദന്റെ ചിത്രം വീട്ടിൽ തൂക്കിയാല്‍ ബിജെപി സര്‍ക്കാര്‍ 35 വര്‍ഷം തുടരുമെന്ന് ത്രിപുര മുഖ്യമന്ത്രി

അഗര്‍ത്തല- സംസ്ഥാനത്തെ 80 ശതമാനം വീടുകളിലും സ്വാമി വിവേകാനന്ദന്റെ ചിത്രം അദ്ദേഹത്തിന്റെ സന്ദേശത്തോടൊപ്പം തൂക്കിയിട്ടാല്‍ ബിജെപി സര്‍ക്കാര്‍ 30-35 വര്‍ഷം അധികാരത്തില്‍ തുടരുമെന്ന് ത്രിപുരയിലെ ബിജെപി മുഖ്യമന്ത്രി ബിപ്ലബ് കുമാര്‍ ദേബ്. വിവേകാനന്ദന്റെ ചിത്രം സംസ്ഥാനത്തെ എല്ലാ വീടുകളിലും എത്തിക്കാനും അവ വാതിലുകളില്‍ തന്നെ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്ന് ഉറപ്പു വരുത്താനും ബിജെപിയുടെ വനിതാ വിഭാഗമായ മഹിളാ മോര്‍ച്ചയുടെ പ്രവര്‍ത്തകര്‍ക്ക് അദ്ദേഹം നിര്‍ദേശം നല്‍കുകയും ചെയ്തു.

'കണ്യൂണിസ്റ്റ് നേതാക്കളായ ജ്യോതി ബസു, ജോസഫ് സ്റ്റാലിന്‍, മാവോ സെദോങ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ വീടുകളിലെ സ്വീകരണ മുറികളില്‍ തൂക്കിയിട്ടതു ഞാന്‍ കണ്ടിട്ടുണ്ട്. അവര്‍ ഈ നേതാക്കളുടെ ചിത്രങ്ങള്‍ ചുവരില്‍ തൂക്കുമ്പോള്‍ നാം ദൈവങ്ങളുടെ ചിത്രമാണ് പ്രദര്‍ശിപ്പിക്കുന്നത്. കഴിഞ്ഞ രണ്ടരവര്‍ഷത്തിനിടെ നാം സ്വാമി വിവേകാനന്ദന്റെ ചിത്രം വീട്ടില്‍ തൂക്കിയിട്ടുണ്ടോ? നമ്മുടെ പാര്‍ട്ടി നമ്മുടെ പ്രത്യയശാസ്ത്രവും സംസ്‌ക്കാരവും സൂക്ഷിക്കണം. ത്രിപുരയിലെ 80 ശതമാനം വീടുകളിലും വിവാകാനന്ദന്റെ ചിത്രം തൂക്കിയാല്‍ ഈ സര്‍ക്കാര്‍ മറ്റൊരു 35 വര്‍ഷം വരെ നിലനില്‍ക്കും'- ബുധനാഴ്ച അഗര്‍ത്തലയില്‍ സംഘടിപ്പിച്ച മഹിളാ മോര്‍ച്ച പരിപാടിയില്‍ ബിപ്ലബ് പറഞ്ഞു.
 

Latest News