പൃഥിയുടെ കടുവക്ക് പിന്നാലെ സുരേഷ് ഗോപിയുടെ കടുവയും വരുന്നു

കൊച്ചി- പൃഥിരാജിന്റെ കടുവക്ക് പിന്നാലെ സുരേഷ് ഗോപിയുടെ കടുവയും വരുന്നു. ഒരേ കഥാപാത്രവും കഥാപശ്ചാത്തലവും കടന്നുവരുന്നു എന്ന ആരോപണത്താല്‍ നിയമവ്യവഹാരങ്ങളിലേക്ക് നീങ്ങി രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. 
കോവിഡ് പശ്ചാത്തലത്തില്‍ വൈകിയ 'കടുവ' ഉടന്‍ ചിത്രീകരണമാരംഭിക്കുമെന്ന് ഏതാനും ദിവസം മുന്‍പ് പൃഥ്വിരാജ് അറിയിച്ചിരുന്നു. ഇപ്പോഴിതാ അതിനോടുള്ള പ്രതികരണമെന്ന നിലയില്‍ പുതിയ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍. ടോമിച്ചന്‍ മുളകുപാടമാണ് സുരേഷ് ഗോപി ചിത്രം നിര്‍മിക്കുന്നത്. മലയാളികളുടെ പ്രിയ ആക്ഷന്‍ ഹീറോ സുരേഷ് ഗോപിയുടെ 250മത് ചിത്രത്തിന്റെ ടൈറ്റില്‍ ഉടന്‍ തന്നെ അനൗണ്‍സ് ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.  കോവിഡ് ഭീതി വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും എന്നത്തേയും പോലെ പൂര്‍ണ പിന്തുണയുമായി പ്രേക്ഷകരായ നിങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത് എന്നാണ് ടോമിച്ചന്‍ മുളകുപാടം ഫെയ്‌സ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഒരു ബൈബിള്‍ വചനത്തില്‍ നിന്നുമെടുത്ത ലഘുവാക്യത്തിനൊപ്പമാണ് സുരേഷ് ഗോപി ഈ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്. 'പ്രതികാരം എന്റേതാണ്, ഞാന്‍ തിരിച്ചടിക്കും' എന്ന കുറിപ്പോടെ സുരേഷ് ഗോപി പങ്കുവച്ചിരിക്കുന്ന പോസ്റ്ററില്‍ ടൈറ്റില്‍ ഉടന്‍ എത്തുമെന്നാണ് സൂചന.
 

Latest News