തിരുവനന്തപുരം- സംസ്ഥാനത്തെ കർഷകരുടെ ക്ഷേമം മുൻനിർത്തി കേരള കർഷക ക്ഷേമനിധി ബോർഡ് രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ബോർഡ് ചെയർമാനായി ഡോ. പി.രാജേന്ദ്രനെ നിയമിക്കും.
കേരള കർഷക ക്ഷേമനിധി ബോർഡ് എന്നായിരിക്കും ബോർഡ് അറിയപ്പെടുക. കർഷകരുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു ബോർഡ് നിലവിൽ വരുന്നത്.
ആക്ട് പ്രകാരം കർഷകൻ എന്നു പറഞ്ഞാൽ അഞ്ച് സെന്റിൽ കുറയാതെയും 15 ഏക്കറിൽ കവിയാതെയും ഭൂമി കൈവശം ഉളളതും അഞ്ച് ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനം ഉളളതും മൂന്ന് വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമായി സ്വീകരിച്ചിട്ടുളളതുമായ വ്യക്തി എന്നതാണ്. കൃഷി എന്നാൽ ഉദ്യാന കൃഷിയും, ഔഷധസസ്യ കൃഷിയും, നഴ്‌സറി നടത്തിപ്പും, മത്സ്യം, അലങ്കാരമത്സ്യം, കക്ക, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, ആട്, മുയൽ, കന്നുകാലി ഉൾപ്പെടെയുളളവയുടെ പ്രധാനമായും പരിപാലനവും കാർഷിക ആവശ്യത്തിനായോ ഉളള ഭൂമിയുടെ ഉപയോഗവും ഉൾപ്പെടും.
ബോർഡിന്റെ ക്ഷേമനിധി പദ്ധതിയിൽ അംഗത്വം ലഭിക്കുന്നതിന് കർഷകർ നൂറു രൂപ രജിസ്‌ട്രേഷൻ ഫീസായി നൽകണം. ഒപ്പം പ്രതിമാസം കുറഞ്ഞത് 100 രൂപ അംശാദായം അടക്കണം. കർഷകർക്ക് ആറു മാസത്തേക്കോ ഒരു വർഷത്തേക്കോ അംശദായം ഒരുമിച്ചും അടയ്ക്കാവുന്നതാണ്. ക്ഷേമനിധി അംഗങ്ങൾക്ക് 250 രൂപ വരെയുളള അംശദായത്തിന് തുല്യമായ വിഹിതം സർക്കാർ നൽകും.
ക്ഷേമനിധി അംഗങ്ങൾക്ക് വ്യക്തിഗത പെൻഷൻ, കുടുംബ പെൻഷൻ, അനാരോഗ്യ ആനുകൂല്യം, അവശത ആനുകൂല്യം, ചികിത്സാ സഹായം, വിവാഹ-പ്രസവ ധനസഹായം, വിദ്യാഭ്യാസ സഹായം, മരണാനന്തര സഹായം എന്നീ ആനുകൂല്യങ്ങളാണ് നൽകുക. അഞ്ച് വർഷത്തിൽ കുറയാതെ അംശദായം അടയ്ക്കുകയും ക്ഷേമനിധിയിൽ കുടിശ്ശികയില്ലാതെ അംഗമായി തുടരുകയും 60 വയസ് പൂർത്തിയാക്കുകയും ചെയ്ത കർഷകർക്ക് ഒടുക്കിയ അംശദായത്തിന്റെ ആനുപാതികമായി പെൻഷൻ ലഭിക്കുന്നതാണ്.