കോയമ്പത്തൂര്‍- ശ്രീലങ്കന്‍ എയര്‍വെയ്സ് വിമാനത്തില്‍ കൊളംബോയില്‍നിന്ന് കോയമ്പത്തൂരില്‍ വന്നിറങ്ങിയ യാത്രക്കാരന്‍ 13 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണം വിഴുങ്ങിയ നിലയില്‍ കണ്ടെത്തി.
സത്യശീലന്‍ എന്ന യാത്രക്കാരന്റെ നീക്കങ്ങളില്‍ സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വിശദ പരിശോധന നടത്തുകയായിരുന്നു. ഇയാളുടെ അടിവയറ്റില്‍ ലോഹ ശേഖരമുള്ളതായി സ്‌കാനിങ്ങില്‍ വ്യക്തമായി.
തുടര്‍ന്ന് നടന്ന ചോദ്യം ചെയ്യയലിലാണ് സ്വര്‍ണം വിഴുങ്ങിയതായി സത്യശീലന്‍ സമ്മതിച്ചത്. ഉടന്‍ തന്നെ ഇയാളെ പോലീസ് നീരീക്ഷണത്തില്‍ ആശുപത്രിയിലേക്കുമാറ്റി. ഇവിടെ വച്ചു നടത്തിയ എക്സറേയിലും വയറ്റിനുള്ളിലെ ലോഹ സാന്നിധ്യം തെളിഞ്ഞു. തുടര്‍ന്ന് വയറിളക്ക മരുന്ന് നല്‍കി കാത്തിരിക്കുകയായിരുന്നു കസ്റ്റംസ്.
വെള്ളിയാഴ്ചയാണ് സത്യശീലന്‍ പിടിയിലായതെങ്കിലും തിങ്കളാഴ്ചയോടെയാണ് ആശുപത്രിയില്‍ വെച്ച് സത്യശീലന്റെ വയറ്റിനുള്ളിലെ എല്ലാ ലോഹാവശിഷ്ടങ്ങളും പുറത്തെത്തിയത്. 423 ഗ്രാം സ്വര്‍ണം വിഴുങ്ങാന്‍ പാകത്തില്‍ ചെറിയ ഉരുളകളുടെ രൂപത്തിലാണ് ഇയാള്‍ വിഴുങ്ങിയിരിക്കുന്നത്. ആശുപത്രിയില്‍ സുഖം പ്രാപിച്ചു വരുന്നു.