കൊണ്ടോട്ടി- ദോഹയിൽനിന്നെത്തിയ യാത്രക്കാരൻ ഒളിപ്പിച്ചു കടത്തിയ രണ്ടു കിലോ സ്വർണവുമായി പുറത്തിറങ്ങിയ കരിപ്പൂർ വിമാനത്താവളത്തിലെ കരാർ തൊഴിലാളി പിടിയിൽ. വിമാനത്താവളത്തിലെ എ.ടി.എസ്.എൽ ഗ്രൗണ്ട് ഹാന്റ്‌ലിംഗ് വിഭാഗത്തിലെ കരാർ തൊഴിലാളിയായ മലപ്പുറം മമ്പുറം മുഖംവീട്ടിൽ എം.വി. സിദ്ദിഖിൽനിന്നാണ് രണ്ട് കിലോ സ്വർണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) സംഘം പിടികൂടിയത്.
ബുധനാഴ്ച പുലർച്ചെ 1.15 ന് കരിപ്പൂർ അന്താരാഷ്ട്ര ടെർമിനൽ വഴി സിദ്ദീഖ് പുറത്തിറങ്ങുമ്പോഴാണ് ഡി.ആർ.ഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് 58.70 ലക്ഷം രൂപ വില വരുന്ന സ്വർണം കണ്ടെത്തിയത്. മൊബൈൽ കവറിനകത്താക്കി പാന്റ്‌സിന്റെ പോക്കറ്റിലാണ് സ്വർണം ഒളിപ്പിച്ചിരുന്നത്. ഓരോ കിലോഗ്രാം വീതമുളള രണ്ട് സ്വർണക്കട്ടികളാണ് കണ്ടെടുത്തത്.
വിമാനത്താവളത്തിലെ എമിഗ്രേഷൻ ഹാളിലെ ടോയ്‌ലറ്റിൽനിന്നാണ് സ്വർണം ലഭിച്ചതെന്ന് സിദ്ദീഖ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ദോഹയിൽനിന്നുളള എയർ ഇന്ത്യ എക്‌സ്പ്രസിൽ കരിപ്പൂരിെലത്തിയ യാത്രക്കാരനാണ് ഇവിടെ സ്വർണം ഒളിപ്പിച്ചതെന്ന് സംശയിക്കുന്നു. യാത്രക്കാരൻ ടോയ്‌ലെറ്റിൽ ഒളിപ്പിച്ച സ്വർണം കരാർ തൊഴിലാളി വഴി പുറത്തേക്ക് കൊണ്ടുവരാനായിരുന്നു ശ്രമം. യാത്രക്കാരനെ കണ്ടത്താനായിട്ടില്ല. കരിപ്പൂരിൽ നേരത്തേയും കരാർ തൊഴിലാളികളേയും വിമാന കമ്പനി ജീവനക്കാരേയും സ്വർണക്കടത്തിന്റെ സഹായികളാവുന്നതിനിടെ പിടിയിലായിട്ടുണ്ട്.