ദുബായ്- നയതന്ത്രബന്ധം സാധാരണ നിലയിലാക്കിയതിന് ശേഷം യു.എ.ഇ-ഇസ്രായില്‍ പ്രഥമ കൂടിക്കാഴ്ച ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്നു. യു.എ.ഇ വിദേശകാര്യ അന്താരാഷ്ട്ര സഹകരണ വകുപ്പ് മന്ത്രി ശൈഖ് അബ്ദുല്ല ബിന്‍ സായിദ് അല്‍നഹ്‌യാന്‍, ഇസ്രായില്‍ വിദേശകാര്യമന്ത്രി ഗാബി അഷ്‌കെനാസി എന്നിവര്‍ കൂടിക്കാഴ്ചക്കിടെ സെന്‍ട്രല്‍ ബെര്‍ലിനില്‍ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ ഹോളോകോസ്റ്റ് സ്മാരകം സന്ദര്‍ശിച്ചു.
കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതിന്റെ ഭാഗമായി ഇരുനേതാക്കളും പരസ്പരം കൈമുട്ടുകള്‍ ചേര്‍ത്തുവച്ചത് ശ്രദ്ധേയമായി. നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ചരിത്രപരമായ ചര്‍ച്ചക്കുള്ള വേദിയായി ജര്‍മനിയെ ഇരുരാഷ്ട്രങ്ങളോടും തെരഞ്ഞെടുത്തത് അഭിമാനമുണ്ടെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി ഹൈക്കോ മാസ് പ്രസ്താവിച്ചു.
സെപ്റ്റംബര്‍ 15ന് അമേരിക്കന്‍ മധ്യസ്ഥതയില്‍ നയതന്ത്രബന്ധം സ്ഥാപിക്കുന്നതിന് വൈറ്റ്ഹൗസില്‍ വെച്ച് അബ്രഹാം കരാര്‍ ഒപ്പിട്ടതിന് ശേഷം ആദ്യമായാണ് ഇരുനേതാക്കളും പരസ്പരം കണ്ടുമുട്ടിയത്.
ഈജിപ്തിനും ജോര്‍ദാനും ശേഷം ഇസ്രായിലുമായി കരാറില്‍ ഏര്‍പ്പെടുന്ന അറബ് രാജ്യങ്ങളാണ് യു.എ.ഇയും ബഹ്‌റൈനും. ഓഗസ്റ്റ് 13നാണ് യു.എ.ഇ ഇസ്രായിലുമായി നയതന്ത്ര ബന്ധത്തിന് ഒരുങ്ങിയത്. സെപ്റ്റംബര്‍ 11 ന് ബഹ്‌റൈനും യു.എ.ഇയുടെ പാത സ്വീകരിക്കുകയായിരുന്നു.






