വഡോദര- ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ റോഡ് ഷോക്കിടെ വളകളെറിഞ്ഞ് യുവതിയുടെ പ്രതിഷേധം. സോഷ്യല്‍ ഹെല്‍ത്ത് ആക്ടിവിസ്റ്റ് (ആശ) പ്രവര്‍ത്തകയായ ചന്ദ്രിക സോളംഗിയാണ് നരേന്ദ്ര മോഡിയുടെ നേരെ വളകള്‍ വലിച്ചെറിഞ്ഞ് മൂര്‍ദാബാദ് വിളിച്ചത്.
വഡോദരയില്‍ തുറന്ന വാഹനത്തില്‍ റോഡ് ഷോ നടത്തുകയായിരുന്ന മോഡിയുടെ മുഖത്തേക്ക് യുവതി വളകള്‍ വലിച്ചെറിയുകയായിരുന്നു. ഉടന്‍ തന്നെ പോലീസ് ഇവരെ അറസ്റ്റ് ചെയ്തു. നരേന്ദ്ര മോഡി മൂര്‍ദാബാദ് എന്ന് വിളിക്കുന്ന യുവതിയുടെ വീഡിയോ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.
നരേന്ദ്ര മോഡി മൂര്‍ദാബാദ് എന്ന് ഉച്ചത്തില്‍ വിളിച്ചുകൊണ്ടാണ് യുവതി വാഹനത്തിനടുത്തേക്ക് പാഞ്ഞടുത്തത്. കഴിഞ്ഞദിവസം ഗുജറാത്തിലെ ബി.ജെ.പി എംഎല്‍എയുടെ മുന്നിലും പ്രതിഷേധവുമായി ചന്ദ്രികയടക്കമുള്ള ആശാപ്രവര്‍ത്തകര്‍ എത്തിയിരുന്നു. പ്രതിഷേധിക്കേണ്ടത് തന്നോടല്ല, മറിച്ച് മോഡിയെയാണ് നിങ്ങള്‍ ചീത്ത വിളിക്കേണ്ടതെന്നായിരുന്നു അന്ന് എം.എല്‍.എ ഇവരോട് പ്രതികരിച്ചത്.
യുവതിയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് തുറന്ന വാഹനത്തിലെ റോഡ് ഷോയില്‍ നിന്ന് പിന്മാറി പ്രധാനമന്ത്രി വേഗം കാറിനുള്ളിലേക്ക് മടങ്ങി. മോഡിക്ക് നേരെ വീണ്ടും വളയെറിയാന് തുടങ്ങിയതോടെ യുവതിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു നീക്കുകയായിരുന്നു.