മക്ക - ഉംറ പുനരാരംഭിച്ച ആദ്യ ദിവസമായ ഞായറാഴ്ച സ്വദേശികളും വിദേശികളുമായ ഉംറ തീർഥാടകർക്കിടയിൽ കൊറോണബാധ സംശയിക്കുന്ന കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് മക്ക ആരോഗ്യ വകുപ്പ് അറിയിച്ചു. പടിപടിയായി ഉംറ പുനരാരംഭിക്കാനുള്ള തീരുമാനം പുറത്തു വന്നയുടൻ തീർഥാടകരെ വരവേൽക്കാനും ആവശ്യമായ ആരോഗ്യ പരിചരണങ്ങൾ നൽകാനും മക്കാ ആരോഗ്യ വകുപ്പ് എല്ലാവിധ ഒരുക്കങ്ങളും പൂർത്തിയാക്കിയിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി ഏകോപനം നടത്തിയാണ് ആരോഗ്യ പ്രതിരോധ, ചികിത്സാ പദ്ധതികൾ ആരോഗ്യ വകുപ്പ് നടപ്പാക്കുന്നത്.
കൊറോണ വ്യാപനം സൃഷ്ടിച്ച അസാധാരണ സാഹചര്യത്തിനിടെ ഉംറയും മദീനാ സിയാറത്തും നിർത്തിവെക്കാനുള്ള ഭരണാധികാരികളുടെ തീരുമാനം ഏറ്റവും അനുയോജ്യമായിരുന്നെന്ന് ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് പറഞ്ഞു. തീർഥാടകരുടെയും വിശ്വാസികളുടെയും ആരോഗ്യ സുരക്ഷ കാത്തുസൂക്ഷിക്കാനാണ് ഉംറയും സിയാറത്തും താൽക്കാലികമായി നിർത്തിവെക്കാൻ സൗദി അറേബ്യ തീരുമാനിച്ചത്. മനുഷ്യ ജീവനും ആരോഗ്യ സുരക്ഷയും കാത്തുസൂക്ഷിക്കാൻ ഇസ്‌ലാമിക ശരീഅത്ത് അനുശാസിക്കുന്നു. ഉംറയും സിയാറത്തും പുനരാരംഭിക്കാൻ ഇപ്പോൾ കൈക്കൊണ്ട തീരുമാനവും തീർത്തും യോജിച്ചതാണ്.
ഉംറ തീർഥാടകർ രോഗവ്യാപനം തടയുന്ന മുൻകരുതൽ നടപടികൾ പാലിക്കുകയും വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ വകുപ്പുകളുമായും സഹകരിക്കുകയും വേണം. തീർഥാടകർക്ക് സേവനങ്ങൾ നൽകുകയാണ് ഹറമിൽ സേവനമനുഷ്ഠിക്കുന്ന വകുപ്പുകളുടെ ചുമതല. തങ്ങളെ ഏൽപിക്കപ്പെട്ട ദൗത്യങ്ങൾ നിർവഹിക്കുന്നതിൽ ഹറമിൽ സേവനമനുഷ്ഠിക്കുന്ന എല്ലാ വകുപ്പുകളും പരസ്പര സഹകരണത്തോടെ പ്രവർത്തിക്കണം. വിശുദ്ധ ഹറമിൽ സേവനമനുഷ്ഠിക്കുന്നതിന്റെ ശ്രേഷ്ഠതയും മഹത്വവും ഉൾക്കൊണ്ട്, ഇരു ഹറമുകൾക്കും ഇവിടങ്ങളിൽ എത്തുന്നവർക്കും സേവനങ്ങൾ നൽകുന്നതിന് ബന്ധപ്പെട്ട ജീവനക്കാരും ഉദ്യോഗസ്ഥരും കഠിന പ്രയത്‌നം ചെയ്യണം.
തീർഥാടകർക്കു മുന്നിൽ വിശുദ്ധ ഹറമിന്റെ കവാടങ്ങൾ വീണ്ടും തുറന്നത് സന്തോഷകരമാണ്. ഇപ്പോൾ അനുഭവിക്കുന്ന സങ്കടവും ക്ലേശവും വേഗത്തിൽ നീങ്ങിപ്പോകാൻ എല്ലാവരും സർവശക്തനോട് പ്രാർഥിക്കണമെന്നും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് ആവശ്യപ്പെട്ടു.
ഉംറ തീർഥാടകർക്ക് ഉപഹാരം വിതരണം ചെയ്യുന്നതിലും അദ്ദേഹം പങ്കാളിത്തം വഹിച്ചു. മാസ്‌കുകളും അണുനശീകരണികളും അടക്കമുള്ള വസ്തുക്കളാണ് ഉപഹാരങ്ങളായി വിതരണം ചെയ്തത്. തീർഥാടകരുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിന് മാസ്‌കുകൾ ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ, ഹറമിൽ പ്രവേശിക്കുമ്പോൾ കൈകൾ അണുവിമുക്തമാക്കൽ അടക്കമുള്ള മുൻകരുതൽ നടപടികൾ എല്ലാവരും പാലിക്കേണ്ടത് അനിവാര്യമാണ്. കൊറോണ മഹാമാരി വ്യാപനം വേഗത്തിൽ നിയന്ത്രണ വിധേയമാക്കാനായത് വലിയ അനുഗ്രഹമാണെന്നും ഹറംകാര്യ വകുപ്പ് മേധാവി പറഞ്ഞു.
തീർഥാടകർ വിശുദ്ധ ഹറമിൽ പ്രവേശിക്കുന്നതും ഉംറ കർമം നിർവഹിക്കുന്നതും ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസ് നേരിട്ട് വീക്ഷിച്ചു. സുരക്ഷാ നടപടികളും മുൻകരുതൽ, പ്രതിരോധ നടപടികളും കർക്കശമായി നടപ്പാക്കണമെന്ന് ബന്ധപ്പെട്ട ഉുദ്യോഗസ്ഥർക്ക് ഹറംകാര്യ വകുപ്പ് മേധാവി നിർദേശം നൽകി.






