Sorry, you need to enable JavaScript to visit this website.

സിറിയയില്‍ ഒമാന്‍ അംബാസഡര്‍; നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കുന്ന ആദ്യഗള്‍ഫ് രാജ്യം

മസ്‌കത്ത്- സിറിയയില്‍ വീണ്ടും അംബാസഡറെ നിയമിക്കുന്ന ആദ്യ ഗള്‍ഫ് രാഷ്ട്രമായി ഒമാന്‍. 2012 ആഭ്യന്തര യുദ്ധം കൊടുമ്പിരിക്കൊള്ളുന്ന കാലയളവിലാണ് നേരത്തെ ഒമാന്‍ സിറിയയില്‍നിന്ന് അംബാസഡറെ പിന്‍വലിച്ചത്. അമേരിക്കയുടെയും ഗള്‍ഫ് സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തെ അവഗണിച്ച് സിറിയന്‍ പ്രസിഡന്റ് ബശാര്‍ അല്‍അസദുമായി നയതന്ത്ര ബന്ധം നിലനിര്‍ത്തുന്ന അപൂര്‍വ അറബ് രാജ്യങ്ങളിലൊന്നാണ് ഒമാന്‍.
നിയമനവുമായി ബന്ധപ്പെട്ട് സിറിയന്‍ വിദേശകാര്യമന്ത്രി ഒമാന്‍ അംബാസഡര്‍ തുര്‍ക്കി ബിന്‍ മഹമൂദ് അല്‍ ബുസൈദിയുടെ യോഗ്യതാപത്രം സ്വീകരിക്കുകയും മാര്‍ച്ച് മുതല്‍ തല്‍സ്ഥാനത്തേക്ക് നിയമിച്ചതായി  അറിയിക്കുകയും ചെയ്തുവെന്ന് ഒ.എന്‍.എ വാര്‍ത്താ ഏജന്‍സി അറിയിച്ചു.
ജനുവരിയില്‍ അധികാരമേറ്റപ്പോള്‍ 'എല്ലാ രാജ്യങ്ങളുമായും സൗഹൃദബന്ധം തുടരുമെന്ന' സുല്‍ത്താന്‍ ഹൈത്തമിന്റെ പ്രതിജ്ഞയുടെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. 
നേരത്തെ, 2018ല്‍ യു.എ.ഇ ബശാര്‍ അല്‍ ആസാദുമായുള്ള നയതന്ത്ര ബന്ധത്തിന്റെ ഭാഗമായി ദമസ്‌കസിലേക്ക് ദൗത്യ സംഘത്തെ അയച്ചിരുന്നു. 2011 ല്‍ അറബ് ലീഗില്‍ താല്‍ക്കാലികമായി സിറിയക്ക് അംഗത്വം തടഞ്ഞുവെച്ചുവെങ്കിലും കരാറുണ്ടെങ്കില്‍ ദമസ്‌കസുമായി നയതന്ത്രം തുടരാന്‍ കുവൈത്തും താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.
അതേസമയം, അല്‍ അസദിന്റെ സര്‍ക്കാരിനുള്ള ഫണ്ട് വെട്ടിക്കുറക്കുകയെന്ന ലക്ഷ്യത്തോടെ സിറിയയില്‍ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും ദമസ്‌കസുമായി ബന്ധം സ്ഥാപിക്കുന്ന രാഷ്ട്രങ്ങളെ കരിമ്പട്ടികയില്‍ പെടുത്തുമെന്ന് ഭീഷണി ഉയര്‍ത്തിയിരിക്കുകയുമാണ് അമേരിക്ക.

Latest News